ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനം ഇൻഡോറിന്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിനാണ് പട്ടികയിൽ രണ്ടാം സ്ഥാനം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, ഗുജറാത്തിലെ സൂറത്ത് എന്നീ നഗരങ്ങളാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ളത്. ഏറ്റവും വൃത്തികെട്ട 434 നഗരങ്ങളിൽ ഉത്തർപ്രദേശിലെ ഗോണ്ടയാണ് ഒന്നാമത്. കേന്ദ്ര സർക്കാർ നടത്തിയ സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് സർവ്വേ ഫലം പ്രഖ്യാപിച്ചത്. കർണാടകയിലെ മൈസൂരുവാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളി (ട്രിച്ചി) ആറാം സ്ഥാനത്തും ദൽഹി മുനിസിപ്പൽ കൗൺസിൽ ഏഴാം സ്ഥാനത്തുമാണ്. കേരളം ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നോക്കം പോയി. 254 ാം റാങ്കുമായി കോഴിക്കോടാണ് കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം. രണ്ടാം സ്ഥാനത്തെത്തിയ കൊച്ചിക്ക് ദേശീയ പട്ടികയിൽ 271 ാം റാങ്കാണുള്ളത്. ഇതിന്റെ പ്രതികരണം കഴിഞ്ഞ ദിവസം കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലും പ്രകടമായി. മേയർ സൗമിനി ജെയിനിനെ വിമർശിച്ച പ്രതിപക്ഷം നഗര ഭരണത്തിലെ കൊള്ളരുതായ്മയാണ് വൃത്തിയുടെ കാര്യത്തിൽ ഇത്രയ്ക്ക് അധഃപതിയ്ക്കാൻ കാരണമെന്നും വിമർശിക്കുകയുണ്ടായി.

2017 ൽ ഇൻഡോർ, ഭോപാൽ, വിശാഖപട്ടണം, സൂറത്ത്, തിരുപ്പതി, വഡോദര എന്നീ നഗരങ്ങൾ പൊതുശുചിത്വ നിലവാരത്തിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും സർവേ ഫലം വിലയിരുത്തി. കൃത്യമായ വേസ്റ്റ് മാനേജ്‌മെന്റ്, തുറസ്സായ മലമൂത്ര വിസർജനത്തിൽ നിന്ന് മുക്തമാക്കൽ, വിദ്യാഭ്യാസം, കെട്ടിടങ്ങളുടെ നിലവാരം എന്നിവയ്ക്ക് 45 ശതമാനം മാർക്കും 25 ശതമാനം ഫീൽഡ് ഇൻസ്‌പെക്ഷൻ, 30 ശതമാനം പൗരന്മാരുടെ പ്രതികരണം എന്നീ മാർഗങ്ങളിലൂടെയാണ് സർവേയിൽ മാർക്ക് നിശ്ചയിച്ചത്.
പട്ടികയിലെ ആദ്യ പത്ത് നഗരങ്ങൾ:
1. ഇൻഡോർ (മധ്യപ്രദേശ്)
2. ഭോപാൽ (മധ്യപ്രദേശ്)
3. വിശാഖപട്ടണം (ആന്ധ്രപ്രദേശ്)
4. സൂറത്ത് (ഗുജറാത്ത്)
5. മൈസൂർ (കർണാടക)
6. തിരുച്ചിറപ്പള്ളി (തമിഴ്‌നാട്)
7. ന്യൂദൽഹി (എൻഡിഎംസി ഏരിയ)
8. നവി മുംബൈ (മഹാരാഷ്ട്ര)
9. തിരുപ്പതി (ആന്ധ്രപ്രദേശ്)
10. വഡോദര (ഗുജറാത്ത്)






