പോസ്റ്റ്മാനെ ആക്രമിച്ച് പോസ്റ്റല്‍ വോട്ടുകളടങ്ങിയ ബാഗ് തട്ടി; പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം

ഭിന്‍ഡ്- മധ്യ പ്രദേശിലെ ഭിന്‍ഡ് ജില്ലയില്‍ 250ഓളം പോസ്റ്റല്‍ വോട്ടുകളടങ്ങിയ ബാഗുമായി കലക്ടറേറ്റിലേക്കു പോകുകയായിരുന്ന പോസ്റ്റ്മാനെ മൂന്ന് പേര്‍ ചേര്‍ ആക്രമിച്ച് ബാഗ് തട്ടിയെടുത്തു. ചൊവ്വാഴ്ച രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെയാണ് തിങ്കളാഴ്ച വൈകുന്നേരം ഈ സംഭവം. ജില്ലാ ജയിലിനു മുന്നിലൂടെ കടന്നു പോകുന്നതിനിടെയാണ് പോസ്റ്റ്മാന്‍ രാജേന്ദ്ര യാദവ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് മൂന്ന് പേരെ പിടികൂടുകയും ബാലറ്റുകള്‍ അടങ്ങിയ ബാഗ് കണ്ടെടുക്കുകയും ചെയ്തു.

അതിനിടെ സംഭവത്തിനു പിന്നില്‍ ഒരു പ്രാദേശിക ബി.ജെ.പി നേതാവാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഹേമന്ദ് കടാരെ ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തലസ്ഥാനമായ ഭോപാലില്‍ പോലീസ് കാന്റീനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വോട്ടു രേഖപ്പെടുത്തിയ നിരവധി പോസ്റ്റല്‍ ബാലറ്റുകള്‍ അലക്ഷ്യമായി കിടക്കുന്നത് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
 

Latest News