ബ്ഗാളിൽ നിന്ന് അങ്കമാലി വഴി ജിസാനിൽ

ഇൻഷാമുൽ ഹഖിന് കേരളമെന്നാൽ അങ്കമാലിയാണ്. മൂന്നാറിലേക്ക് ആർത്തുല്ലസിച്ചു പോകുന്ന വിനോദ സഞ്ചാരികളാണ്. തീരെ ചെറുതായിരിക്കുമ്പോൾ പശ്ചിമ ബംഗാളിലെ തന്റെ ഗ്രാമത്തിൽനിന്ന് കരാറുകാരനോടൊപ്പം അങ്കമാലിയിൽ എത്തിയ ഇൻഷാമുൽ ഹഖ് അവിടെ ഹോട്ടൽ തൊഴിലാളിയായിരുന്നു. ഹോട്ടൽ ഉടമ നേരിട്ട് ശമ്പളം നൽകിയിരുന്നില്ലെന്നും പ്രധാന കരാറുകാരനാണ് ശമ്പളം നൽകിയിരുന്നതെന്നും ഇൻഷാമുൽ ഹഖ് പറഞ്ഞു. കടുത്ത ചൂഷണം നടക്കുന്നുണ്ടെന്ന പക്ഷക്കാരനാണ് ലേശം ഇടതു ചായ്‌വുള്ള ഇൻഷാമുൽ ഹഖ്. കേരളം ഭരിക്കുന്നത് സി.പി.എം നേതൃത്വത്തിലുള്ള സർക്കാറാണെന്ന് ഇൻഷാമുൽ ഹഖിന് അറിയാം. ഹോട്ടൽ ജീവിതത്തിനിടയിൽ പരിചയപ്പെട്ട സൻമനസ്സുള്ള ഒരാളാണ് ഇൻഷാമുൽ ഹഖിന് സൗദി വിസ കൊടുത്തത്. 
പിന്നെ താമസിച്ചില്ല. അങ്കമാലിയിൽനിന്ന് നേരെ ജിസാനിലേക്ക്. ബംഗാളിനു പുറത്ത് എവിടെ ജോലി ചെയ്താലും ഒരുപോലെയാണെന്ന ചിന്താഗതിക്കാരനാണ് ഇൻഷാമുൽ ഹഖ്. ജിസാനിൽ എത്തിയപ്പോൾ ചെങ്കടലിലെ ഒരു ദ്വീപിലാണ് ജോലിയെന്ന് മനസ്സിലായി.  കരയിൽനിന്ന് കടലിലൂടെ ദ്വീപിലേക്ക്. ജിസാൻ ഫിഷ് മാർക്കറ്റിനു സമീപമുള്ള ജെട്ടിയിൽനിന്ന് ബോട്ടിൽ അര മണിക്കൂർ സഞ്ചരിച്ചാൽ എത്തുന്ന ഹബാർ ദ്വീപിലാണ് ഇൻഷാമുൽ ഹഖ് വേറെ പത്തു പേരോടൊപ്പം ജോലി ചെയ്യുന്നത്. ഇതിൽ ഒരു പാക്കിസ്ഥാനിയും ഒരു സോമാലിയും ഒരു ഫിലിപ്പിനോയുമുണ്ട്. ബാക്കിയെല്ലാവരും ബംഗാളികളാണ്. സാക്ഷാൽ ബംഗാളികൾ. ബംഗ്ലാദേശുകാരല്ല. ദ്വീപിലെത്തുന്ന സഞ്ചാരികൾക്ക് പക്ഷേ ഇവർ ബംഗ്ലാദേശുകാരാണ്. ഹിന്ദികൾ ബംഗാളികളെന്ന് പറയില്ലെന്നാണ് അവരുടെ പക്ഷം. വല്ലാതെ തിരുത്താൻ പോകാറില്ല. 
ലോകമേ തറവാട് എന്ന പക്ഷക്കാരനാണ് തിരമാലകൾ കണ്ട് ജീവിക്കുന്ന ഈ ചെറുപ്പക്കാരൻ. പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ ബോട്ടിൽ ജിസാനിലെത്തണം. മൊബൈലിന് റെയിഞ്ചുണ്ട്. യെമനുമായി യുദ്ധം നടക്കുന്നതിനാൽ ദ്വീപിൽനിന്ന് നോക്കിയാൽ കാണുന്ന ദൂരത്ത് സൗദി നാവിക സേനയുടെയും സഖ്യ കക്ഷികളുടെയും കൂറ്റൻ നിരീക്ഷണ കപ്പലുകൾ നങ്കൂരമിട്ട് കിടക്കുന്നുണ്ട്. വലിയ ശബ്ദത്തിൽ അവ ഇടക്കിടെ സൈറൻ മുഴക്കും. ഹെലികോപ്റ്റർ നിരീക്ഷണവും സജീവം. 
അത്ര വലിയ ദ്വീപല്ല ഹബാർ. പക്ഷേ മനോഹരമായ ദ്വീപാണ്. ദ്വീപിലെത്തുന്ന സഞ്ചാരികൾക്ക് ചായയും കാപ്പിയും ബർഗറും സാന്റ്‌വിച്ചുമൊക്കെ തയാറാക്കി നൽകുന്ന ജോലിയാണ് ഇൻഷാമുൽ ഹഖ് ചെയ്യുന്നത്. ഇടക്കിടെ സഞ്ചാരികൾക്ക് വേണ്ടി മീൻ പിടിക്കും. ഞണ്ടുകളെയും പിടിക്കും. നല്ല കക്കയും ചിപ്പിയുമൊക്കെ കിട്ടും. മീൻ പിടിച്ചാൽ അത് പാകപ്പെടുത്തിക്കൊടുക്കും. അതിനുള്ള മസാലയും ഉപകരണങ്ങളുമൊക്കെ റെഡിയാണ്. ദ്വീപിൽ കറണ്ടില്ല. ജനറേറ്ററാണ്. ഇടക്കിടെ അത് ഓഫ് ചെയ്യുമ്പോൾ എ.സിയൊന്നും പ്രവർത്തിക്കില്ല. പക്ഷേ ചൂടറിയില്ല. നല്ല കടൽ കാറ്റാണ്. വ്യാഴവും വെള്ളിയും സഞ്ചാരികളുടെ തിരക്കാണ്. തിരക്കില്ലാത്ത ദിവസങ്ങളിലും ഇൻഷാമുൽ ഹഖിന് വിരസത തോന്നില്ല. കാരണം കടലിലെ തിരകളെ അയാൾക്ക് അത്രക്ക് ഇഷ്ടമാണ്.  


 

Latest News