Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.എസ്.ആർ.ടി.സി  രക്ഷപ്പെടണമെങ്കിൽ...

ലാഭം ഉണ്ടാക്കി വാർത്ത സൃഷ്ടിക്കാൻ ഒരു കാലത്തും കെ എസ് ആർ ടി സിക്കാവില്ലെന്ന് ആർക്കുമറിയാം. എന്നാൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന കാര്യത്തിൽ മറ്റേതൊരു സ്ഥാപനത്തേക്കാൾ മുമ്പിലാണ് കെ എസ് ആർ ടി സി. കെ എസ് ആർ ടി സി യിൽ ജോലി ചെയ്യുന്ന മുഴുവൻ എം പാനൽ ജീവനക്കാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ  ഉത്തരവുമായി ബന്ധപ്പെട്ട കോലാഹലങ്ങളാണ് ഇപ്പോഴത്തെ വാർത്ത. ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് തീരുമാനമെന്ന് എംഡി തച്ചങ്കരി പറയുന്നു. 
കെഎസ്ആർടിസിയിലെ ഒഴിവുകളിലേക്കുള്ള പിഎസ്‌സി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയേ തുടർന്നാണ് കോടതി ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം ഏതാണ്ട് 4,000 ത്തോളം കരാർ ജീവനക്കാർക്ക് ജോലി നഷ്ടമാകും. വർഷത്തിൽ 120 ദിവസത്തിൽ കുറഞ്ഞ് കരാർ ജോലി ചെയ്തവരെ പിരിച്ച് വിടാനാണ് കോടതി ഉത്തരവ്. ഒരാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.  ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലേക്ക് പിഎസ്‌സി  ലിസ്റ്റിൽ നിന്നും നിയമനം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. അതേസമയം ഇത്രയും ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാൻ കഴിയില്ലെന്ന് കോടതിയെ അറിയിക്കുമെന്നാണ് തച്ചങ്കരി പറയുന്നത്.  പിഎസ് സി ലിസ്റ്റിൽ നിന്ന് ഇത്രയും നിയമനം നടത്തുന്നത് കെ എസ് ആർ ടി സിക്ക് താങ്ങാനാകില്ലെന്നും കോടതിയെ അറിയിക്കും.
തീർച്ചയായും കുറേ പേരുടെ ജോലി പോകുന്നത് ദുഃഖകരമാണ്. എന്നാൽ അതുപോലെ ന്യായമാണ് പരീക്ഷ പാസായി പുറത്തു നിൽക്കുന്നവരുടെ കാര്യവും. അതിനേക്കാളെല്ലാം പ്രധാനം ഏതൊരു തീരുമാനവും ഇപ്പോൾ തന്നെ തകർന്നു തരിപ്പണമായിരിക്കുന്ന ഈ സ്ഥാപനത്തെ കൂടുതൽ തകർക്കുന്നതാകരുത് എന്നതാണ്. ടോമിൻ തച്ചങ്കരി എംഡിയായി ചുമതലയേറ്റ ശേഷം നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി നിരവധി എം പാനൽ ജീവനക്കാർക്ക് ജോലി നഷ്ടമായിരുന്നു. പരിഷ്‌കാരത്തിനെതിരെ യൂണിയനുകൾ ശക്തമായി രംഗത്തുവന്നിരുന്നു. എന്നാൽ ഒരു ബസിന് ശരാശരി പത്തു ജീവനക്കാർ കെ എസ് ആർ ടി സി യിലുണ്ടെന്നാണ് കണക്ക്. ഒരു ബസിന് ഇപ്പോൾ നിലനിൽക്കുന്ന കടം ഒരു കോടിയും. ഇനിയും ബാധ്യത തലയിലേറ്റാൻ ഒരു സ്ഥാപനത്തിനാകുമോ? ആത്യന്തികമായി അതെല്ലാം ബാധിക്കുക ജനങ്ങളെയല്ലാതെ മറ്റാരെയാണ്? ഇപ്പോൾ തന്നെ സ്വകാര്യബസുകളേക്കാൾ ചാർജ്ജ് കൂടുതൽ കെ എസ് ആർ ടി സിയിലാണ്. ഇനിയും ബാധ്യത കൂട്ടുന്നതിനേക്കാൾ ഭേദം കെ എസ് ആർ ടി സി പിരിച്ചുവിടുന്നതോ സ്വകാര്യവൽക്കരിക്കുന്നതോ ആണ്.
വാസ്തവത്തിൽ അന്ധമായ എന്തൊക്കേയോ പ്രത്യയശാസ്ത്രങ്ങളാണ് കെഎസ്ആർടിസിയെ നശിപ്പിക്കുന്നത്. അതിൽ ആദ്യത്തേത് ജോലിക്കാർക്കു വേണ്ടിയാണ് ഈ സ്ഥാപനമെന്ന ധാരണതന്നെ. അവർക്കു വേതനവും വേതനവർദ്ധനവുമൊക്കെ കൃത്യമായി ലഭിക്കാനാണ് കെഎസ്ആർടിസി നിലനിൽക്കേണ്ടതെന്നാണ് ന്മമുടെ നേതാക്കളും ധരിച്ചുവെച്ചിരിക്കുന്നത്. ആത്യന്തികമായി ജനങ്ങൾക്കുവേണ്ടിയാണ് ഈ സ്ഥാപനമെന്ന ധാരണയാണ് സ്ഥാപിക്കേണ്ടത്. എങ്കിൽ അതിനനുസൃതമായി തീരുമാനങ്ങളെടുക്കാനാകും. അടുത്ത് യാത്രക്കാരെയെല്ലാം വെല്ലുവിളിച്ച് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കുതന്നെ നോക്കുക.  റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിച്ചതിനെതിരെയാണ് ഒക്ടോബർ 16 ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ 4 മണിക്കൂർ മിന്നൽ പണിമുടക്ക് നടത്തിയത്. ഒരാളുടേയും ജോലി പോകാതെതന്നെ വരുമാനം കൂട്ടാനാകുന്ന പദ്ധതിയായിരുന്നു അത്. കാര്യമായ ജോലിയൊന്നും ചെയ്യാതെ ടിക്കറ്റ് കൗണ്ടറുകൾക്കുമുന്നിലിരിക്കുന്ന പല യൂണിയൻ നേതാക്കളും മെയ്യനങ്ങി പണിയെടുക്കേണ്ടി വരുമായിരുന്നു എന്നതിനാലായിരുന്നു മിന്നൽ പണിമുടക്ക് നടത്തിയത്.  പക്ഷെ ഘട്ടംഘട്ടമായി മറ്റ് ജോലികളും കുടുംബശ്രീയെ ഏൽപ്പിക്കുമെന്നും ഇത് കോർപ്പറേഷനെ സ്വകാര്യവൽക്കാരിക്കാനുള്ള നീക്കമാണെന്നും പറഞ്ഞായിരുന്നു പണിമുടക്ക്. അതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. എന്തായാലും മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ കെ.എസ്.ആർ.ടി.സിക്ക് സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 
അതിനായി  സർക്കാരിന്റെ മുൻകൂർ അനുമതി കെ.എസ്.ആർ.ടി.സി തേടേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. പണിമുടക്കിൽ ഏർപ്പെട്ട 102 ജീവനക്കാർക്കെതിരെയും  നടപടിയെടുക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. തീർച്ചയായുമത് സ്വാഗതാർഹമാണ്. 
കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ പാസുകൾ നിർത്തലാക്കണമെന്ന തീരുമാനത്തേയും നിഷേധാത്മകമായല്ല കാണേണ്ടത്. വിദ്യാർത്ഥികളുടെ സൗജന്യം നിലനിർത്തണം. എന്നാൽ അതിനേക്കാൾ എത്രയോ കൂടുതലാണ് മറ്റനവധി സൗജന്യങ്ങൾ. ഈ സാഹചര്യത്തിൽ അവയിൽ പരമാവധിയും അവസാനിപ്പിക്കണം. ന്യായമായ സൗജന്യയാത്രകൾ മാത്രമേ നിലനിർത്താവൂ. എംഡിയുടെ റിപ്പോർട്ടിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ പറയുന്നത്. അതുപോലെതന്നെയാണ് വരുമാനം കുറഞ്ഞ 40 ഡിപ്പോകൾ അടച്ചുപൂട്ടാനുള്ള തീരുമാനവും. ഈ ഡിപ്പോകളുടെ സ്ഥലം വാണിജ്യ ആവശ്യത്തിന് പാട്ടത്തിന് കൊടുക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ എടത്വ, കട്ടപ്പന ഡിപ്പോകളാണ് പൂട്ടുന്നത്. പിന്നാലെ കൂത്താട്ടുകുളം, പിറവം ഡിപ്പോകളും പൂട്ടും. അതുതന്നെയാണ് ശരി. പതിവുപോലെ കെഎസ്ആർടിസിയെ സ്വകാര്യവത്ക്കരിക്കാനാണ് മാനേജ്മെന്റ് നീക്കമെന്നാണ് നേതാക്കളുടെ പ്രതികരണം. സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത ഈ നേതാക്കളുടെ അഭിപ്രായങ്ങളെ അവജ്ഞയോടെ തള്ളുകയാണ് വേണ്ടത്. 
ഭരണസൗകര്യത്തിനും വികസനത്തിനുമായി കെ എസ് ആർ ടി സിയെ വിഭജിക്കാനും വികേന്ദ്രീകരിക്കാനുമുളള നീക്കത്തേയും ഈ സ്വാർത്ഥമോഹികൾ തകർക്കുകയാണ്. എന്തിനേറെ, ബസുകളിൽ പരസ്യം പ്രദർശിപ്പിച്ച് വരുമാനം കൂട്ടാനുള്ള നീക്കത്തേയും സ്വകാര്യവൽക്കരണത്തിന്റെ പേരു പറഞ്ഞ് എതിർക്കുന്ന നേതാക്കളും ഉണ്ടത്രെ. സ്വകാര്യബസുകൾ വാടകക്കെടുത്ത് കൂടുതൽ സർവ്വീസുകൾ നടത്താനുള്ള നീക്കത്തേയും ഇവർ തകർത്തു.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന്. ഇത്രയും വലിയ ഒരു സ്ഥാപനം സ്വകാര്യമേഖലയിലാണെങ്കിൽ അതിന്റെ തലപ്പത്തു വരുന്നയാൾ എത്രയോ യോഗ്യതയും പരിചയ സമ്പത്തുമുള്ളയാളായിരിക്കും. എത്രയോ കർക്കശമായ നടപടികളിലൂടെയായിരിക്കും അയാളെ നിയമിക്കുക. എന്നാൽ നമ്മുടെ പൊതു സ്ഥാപനങ്ങളുടെ കാര്യം എല്ലാവർക്കുമറിയാവുന്നതാണല്ലോ. ആനത്തലവട്ടം ആനന്ദനെപോലുള്ളവർ പറയുന്നത് ആരാണ് എം ഡിയാകുക എന്ന് തങ്ങൾ തീരുമാനിക്കുമെന്നാണ്. ഇപ്പോൾ തന്നെ ചില ചെറിയ തീരുമാനങ്ങളെങ്കിലും ശക്തമായി സ്വീകരിച്ച് തച്ചങ്കരിയെ എത്രമാത്രം മോശപ്പെട്ട രീതിയിലായിരുന്നു ആനത്തലവട്ടം ആക്ഷേപിക്കുന്നത് കേട്ടത്. ചുമതലയേറ്റെടുത്ത ആദ്യമാസങ്ങളിൽ വരുമാനം കൂട്ടാൻ തച്ചങ്കരിക്കായി. 
മേയ് മാസം 207.35 കോടിയായിരുന്നു കെഎസ്ആർടിസിയുടെ വരുമാനം. കഴിഞ്ഞ വർഷം മേയിൽ ഇത് 185.61 കോടി ആയിരുന്നു. കൂടുതൽ ബസുകൾ നിരത്തിലിറക്കിയും ബസുകൾ റൂട്ട് അടിസ്ഥാനത്തിൽ ക്രമീകരിച്ച് ഇൻസ്‌പെക്ടർമാരെ പോയിൻറ് ഡ്യൂട്ടിക്ക് നിയോഗിച്ചതുമെല്ലാം വരുമാന വർധനയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ അതിനാൽ തന്നെ തച്ചങ്കിരിക്കെതിരായ കരുക്കൾ നീക്കുന്നതിന്റെ തിരക്കിലാണത്രെ പല യൂണിയൻ നേതാക്കളും. മുഖ്യമന്ത്രി പക്ഷെ തച്ചങ്കരിക്കൊപ്പമാണെന്നു പറയപ്പെടുന്നു. ശക്തമായ നടപടി സ്വീകരിക്കുന്ന നേതൃത്വവും അതിനെ പിന്തുണക്കുന്ന സർക്കാരുമാണ് കെ എസ് ആർ ടി സി ഇന്നാവശ്യപ്പെടുന്നത്. ഒപ്പം ആത്യന്തികമായി ഈ സ്ഥാപനം ജനങ്ങൾക്കുവേണ്ടിയാണെന്ന അവബോധവും.

Latest News