- ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശദിനം
'എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവർ പരസ്പരം സഹോദര്യത്തോടെ പെരുമാറണം.'
ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പിൽ പറഞ്ഞ വാക്കുകളാണ് ഇവ. 1948 ഡിസംബർ 10 നാണ് ഐക്യരാഷ്ട്ര സഭ ഈ പ്രഖ്യാപനം നടത്തുന്നത്. അങ്ങനെയാണ് 1950 മുതൽ ഡിസംബർ 10 ന് മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്.1215 ലെ ജോൺ രണ്ടാമന്റെ കാലത്ത് ഒപ്പുവെച്ച മാഗ്‌ന കാർട്ടയാണ് 1948 ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന് പ്രേരകശക്തിയാവുന്നത്. ജനങ്ങൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധമില്ലായ്മ മൂലം ഭരണാധികാരികളുടെ നിരന്തര ചൂഷണത്തിനു വിധേയമായിരുന്നു. ദുർബല വിഭാഗം എന്നും ചൂഷണങ്ങൾക്ക് ഇരയായിരുന്നു.
എന്നാൽ രാജ്യത്തെ നിയമങ്ങൾ ഭരണഘടനാ വിധേയമാക്കുകയും നിയമ വിധേയമാക്കുകയും ചെയ്യുക വഴി രാജ്യത്തെ പൗരന്മാരെ എല്ലാ വിധത്തിലുള്ള അവകാശങ്ങളിലും ബോധവാന്മാരാക്കുകയും നിയമപരമായി സുരക്ഷിതരാക്കുകയും ചെയ്തു എന്നത് ഇതിന്റെ വലിയ ഒരു വിജയമായി. ചരിത്രത്തിൽ കാണുന്ന മറ്റൊരു മനുഷ്യാവകാശ നിയമമാണ് നെപ്പോളിയന്റെ നിയമാവലി. ഫ്രാൻസിലെ നാഷണൽ അസംബ്ലി രാജ്യത്തെ ജനങ്ങളെ രണ്ടായി തരം തിരിച്ചിരുന്നു. സക്രിയ പൗരരെന്നും നിഷ്‌ക്രിയ പൗരരെന്നും. സമൂഹത്തിലെ പണക്കാരും ഭൂവുടമകളും ഉന്നതരും സക്രിയ പൗരരിൽ പെട്ടു. അവർക്ക് ഉയർന്ന ശമ്പള വ്യവസ്ഥയും ഉന്നത ജോലികളും നികുതിയിളവുകളും ലഭിച്ചു. എന്നാൽ നിഷ്‌ക്രിയ വിഭാഗത്തിൽ പെട്ട ജനങ്ങൾ നികുതി നൽകുക, താഴ്ന്ന ജോലികൾ, അല്ലെങ്കിൽ വേതനം കുറഞ്ഞ ജോലികൾ ചെയ്യുക. വിദ്യാഭ്യാസം, വോട്ടവകാശം എന്നിവ അവർക്ക് നിഷേധിക്കുക എന്നിങ്ങനെയുള്ള അസമത്വങ്ങളുടെ ഇരകളായി. ഈ വിഭാഗത്തിലാണ് സ്ത്രീകളും ഉൾപ്പെട്ടിരുന്നത്.
പിന്നീട് നെപ്പോളിയൻ മുഖ്യ കൗൺസിലറായി അധികാരമേറ്റശേഷം ഫ്രഞ്ച് സിവിൽ നിയമങ്ങൾ ക്രോഡീകരിച്ച് ഔദ്യോഗികവും ആധികാരികവുമായ ഒരു നിയമ പുസ്തകം നിലവിൽ കൊണ്ട് വന്നു. ഇത് നെപ്പോളിയന്റെ നിയമാവലി എന്ന് അറിയപ്പെടുന്നു. ഇത് പൗരാവകാശങ്ങൾ ഉറപ്പ് വരുത്തി. ജന്മാവകാശവും, മതാനുകൂല്യങ്ങളും നിർത്തലാക്കി യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകി. അങ്ങനെ സമൂലമായ മാറ്റം ഈ നിയമാവലി കൊണ്ട് നടപ്പിൽ വരുത്തി. ഈ നിയമാവലികണ്ട് യൂറോപ്പിനും ഫ്രാൻസിനും പുറമെ മറ്റ് പല രാജ്യങ്ങളും സ്വന്തമായ മനുഷ്യാവകാശ നിയമാവലികൾക്ക് രൂപം നൽകി. പൗരന്മാർക്ക് നിയമത്തിന്റെ അടിത്തറ നൽകി. എന്നാലും സ്ത്രീകൾക്ക് അർഹമായ സ്ഥാനമോ അംഗീകാരമോ ഇല്ലായിരുന്നു. പുരുഷാധിപത്യമായിരുന്നു കുടുംബത്തിലും സമൂഹത്തിലും എപ്പോഴും നിലനിന്നിരുന്നത്.
എന്നാൽ ചരിത്രപ്രസിദ്ധമായ മറ്റൊരു മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ), ഹജ് വേളയിൽ അറഫാ മൈതാനിയിൽ തന്റെ അനുയായികൾക്ക് മുമ്പിൽ പ്രഖ്യാപിച്ചത്. പരസ്പരം കുലമഹിമ പറഞ്ഞ് ഊറ്റം കൊള്ളുകയും നിസ്സാര കാര്യത്തിൽ കലഹിച്ച് യുദ്ധം ചെയ്യുകയും ചെയ്തിരുന്ന മക്കാ നിവാസികളോട് പ്രവാചകൻ പ്രഖ്യാപിച്ചു: മനുഷ്യർ ആരും ആരേക്കാളും ഉന്നതരോ പ്രത്യേകത ഉള്ളവരോ അല്ല. എല്ലാവരും ആദിമ മനുഷ്യൻ ആദമിന്റെ സന്താനങ്ങൾ, പരസ്പരം സഹോദരങ്ങൾ. സത്യമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും സത്യം നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തിലും നമ്മൾ ശ്രേഷ്ഠരും നീചരുമാകുന്നു. നിലവിലുള്ള എല്ലാ കുടിപ്പകയും കലഹവും റദ്ദ് ചെയ്യുകയും പരസ്പരമുള്ള പ്രതികാര നടപടികൾ ഇല്ലാതാക്കുകയും ചെയ്തു. കുറ്റം ചെയ്താൽ, അത് തെളിഞ്ഞാൽ രാജ്യത്തിന്റെ നിയമ വ്യവസ്ഥക്കനുസൃതമായ നിയമ നടപടി മാത്രം. പലിശ സമ്പ്രദായം നിലനിന്നിരുന്ന അറേബ്യൻ മണ്ണിൽ പണക്കാരും പാവങ്ങളും തമ്മിലുള്ള അന്തരം വലുതായിരുന്നു. മാത്രമല്ല പണക്കാർ എന്നും പണക്കാരും പാവപ്പെട്ടവർ എന്നും പാവപ്പെട്ടവരുമായി നിലകൊണ്ടു. ആ അസമത്വം ഇല്ലാതാക്കാൻ പ്രവാചകൻ കർമരംഗത്തിറങ്ങി. സ്ത്രീകൾക്ക് അർഹമായ പരിഗണനയും പരിരക്ഷയും നൽകണമെന്നു മാത്രമല്ല, സ്ത്രീകളോട് അവരുടെ ബാധ്യതകൾ ഓർമപ്പെടുത്തുകയും കൂടി ചെയ്ത ഒരു പ്രഖ്യാപനം കൂടി ആയിരുന്നു പ്രവാചകന്റേത് എന്നതാണ് ഇതിന്റെ വലിയ ഒരു പ്രത്യേകത.
ഓരോ മനുഷ്യനും അവന്റെ രക്തവും അഭിമാനവും സമ്പത്തും പവിത്രമാണ്. ഈ പവിത്രത പരസ്പരം സംരക്ഷിക്കാനും കാത്തു സൂക്ഷിക്കാനും കൂടി ഈ മനുഷ്യാവകാശ പ്രഖ്യാപനം ആവശ്യപ്പെടുന്നുണ്ട്. അവകാശ ധ്വംസനങ്ങൾ കാലക്രമേണ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. സ്വന്തം രാജ്യത്ത് എങ്ങനെയാണ് പൗരന്മാർ അഭയാർത്ഥികളായി മാറുന്നത്? ജീവിക്കാനുള്ള അവകാശം നിഷേധിച്ച് ജനിച്ച് വീണ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോൾ അത് ഏത് അവകാശമാണ് സംരക്ഷിക്കപ്പെടുന്നത്? യുദ്ധങ്ങൾ, കടന്നുകയറ്റങ്ങൾ ഒരിക്കലും അവസാനിക്കാത്തതെന്താണ്? ഈ മനുഷ്യാവകാശ ദിനത്തിൽ ഒരു പുനർവിചിന്തനം പുതിയ കാലഘട്ടം ആവശ്യപ്പെടുന്നു.






