ബാങ്കുകളെ കബളിപ്പിച്ച വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി

ലണ്ടന്‍- ബാങ്കുകളില്‍നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്തു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്കു കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഉത്തരവിട്ടു. അപ്പീല്‍ നല്‍കാന്‍ 14 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. നിര്‍ണയാക വിചരണയില്‍ സംബന്ധിക്കാന്‍ സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ എസ്. സായി മനോഹറും രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ലണ്ടനിലെത്തിയിരുന്നു. 2018 ഏപ്രിലില്‍ അറസ്റ്റിലായതിനുശേഷം മല്യ ഇതുവരെ ജാമ്യമത്തിലായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിനും വിജയ് മല്യക്കും 14 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്നു 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. 2017 ഫെബ്രുവരിയില്‍ മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. പണം വെളുപ്പിക്കല്‍ കേസില്‍ സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പണം തിരിച്ചടക്കുന്നതിനുള്ള എല്ലാം ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തില്‍ വിജയ് മല്യ അറിയിച്ചിരുന്നു.

വായ്പയുടെ മുതല്‍ തിരിച്ചു നല്‍കാമെന്നു മല്യ അറിയിച്ചെങ്കിലും ബാങ്കുകള്‍ നിരസിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു മല്യ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാല്‍ കേസില്‍ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാതെ ഉടന്‍ തന്നെ സ്വത്തുക്കള്‍ കണ്ടുകെട്ടാം.

 

 

Latest News