65 സെക്കന്റിൽ ഒരു വിമാനം,  മുംബൈ ലോകത്തെ  തിരക്കേറിയ വിമാനത്താവളം 

ലോകത്ത് ഒറ്റ റൺവേയുള്ള വിമാനത്തവാളങ്ങളിൽ ഏറ്റവും തിരക്കുള്ള വിമാനത്തവാളമെന്ന ഖ്യാതി ഇനി മുംബൈക്ക്. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തെ മറികടന്നാണ് മുംബൈ ഈ ഖ്യാതി സ്വന്തമാക്കിയത്. 4.4 കോടി യാത്രക്കാരാണ് ഗാറ്റ്വിക് വിമാനത്താവളത്തിലൂടെ യാത്ര നടത്തുന്നതെങ്കിൽ മുംബൈക്ക് 4.52 കോടി യാത്രക്കാരാണുള്ളത്.
പ്രതിദിനം 837 ഫ്‌ളൈറ്റുകളാണ് മുംബൈയിൽ ഇറങ്ങുന്നതും ഉയരുന്നതും. ഗാറ്റ്വിക് വിമാനത്താവളത്തിലാവട്ടെ ഇത് 757 ഫ്‌ളൈറ്റുകളാണ്. അതായത് മുംബൈയിൽ ഓരോ 65 സെക്കൻഡിനുള്ളിൽ വിമാനങ്ങൾ പറന്നുയരുകയോ ഇറങ്ങുകയോ ചെയ്യുന്നു.
റെക്കോർഡ് അഭിമാനത്തിനു വക നൽകുന്നതാണെങ്കിലും ഒറ്റ റൺവേയിലൂടെ മുഴുവൻ വിമാനങ്ങളെയും പറത്തിവിടാനും നിലത്തിറക്കാനും വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളർമാർ കഠിന പ്രയത്‌നമാണു നടത്തുന്നത്. തിരക്കേറിയ സാഹചര്യത്തിൽ വിമാനത്താവളത്തിലെ എയർക്രാഫ്റ്റ് പാർക്കിംഗ്  വിപുലീകരിക്കാൻ 
ഒരുങ്ങുകയാണ് വിമാനത്താവളത്തിന്റെ ഉടമസ്ഥതയുള്ള മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. കൂടുതൽ പാർക്കിങ് മേഖല ലഭ്യമാക്കി വിമാനങ്ങളുടെ പറക്കലിന് കൂടുതൽ ഇടവേളയുണ്ടാക്കാനാണ് അധികൃതരുടെ ശ്രമം. 
ലോകത്ത് ഇത്രയും തിരക്കേറിയ മറ്റൊരു നഗരവും ഒരു വിമാനത്താവളം മാത്രമുള്ളതായിട്ടില്ല. മാത്രവുമല്ല, മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആകെ ഭൂമിയുടെ മൂന്നിലൊന്നും കയ്യേറ്റക്കാരുടെ പക്കലാണ്. മുംബൈ മഹാനഗരത്തിന്റെ ആവശ്യം കണക്കിലെടുത്ത് നവി മുംബൈയിൽ പണിയുന്ന വിമാനത്താവളത്തിന്റെ നിർമാണം പുരോഗമിച്ചു വരുന്നതേയുള്ളൂ. ലോകത്തെ പ്രധാന നഗരങ്ങളായ ന്യൂയോർക്ക്, ലണ്ടൻ, ദുബായ്, സിംഗപ്പൂർ എന്നിവയ്‌ക്കെല്ലാം ഒന്നിലേറെ വിമാനത്താവളങ്ങളുണ്ടെന്ന്  മാത്രമല്ല, അവയിലെല്ലാം നിരവധി റൺവേകളുമുണ്ട്. ന്യൂദൽഹി വിമാനത്താവളത്തിന് പോലും മൂന്ന് റൺവേകളാണുള്ളത്. മുംബൈയിലാകട്ടെ, എല്ലാ യാത്രാ വിമാനങ്ങളും ചരക്ക് വിമാനങ്ങളും ഒരേ റൺവേയാണ് ഉപയോഗിക്കുന്നത്. 
 

Latest News