അമേരിക്ക 2020ല്‍ വീണ്ടും സാമ്പത്തിക മാന്ദ്യം നേരിടുമെന്ന് ഐ.എം.എഫ് 

വാഷിങ്ടണ്‍- ആഗോള സാമ്പത്തിക വളര്‍ച്ച താഴുന്നതോടെ അടുത്ത വര്‍ഷം അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം അനുഭവിച്ചു തുടങ്ങുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐ.എം.എഫ്) ചീഫി ഇക്കണൊമിസ്റ്റ് മോറിസ് ഓബ്‌സ്‌ഫെല്‍ഡ്. 2019ല്‍ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് വളരെ മുമ്പ് തന്നെ പ്രവചിക്കപ്പെട്ടതാണ്. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളും പദ്ധതികളും മങ്ങിത്തുടങ്ങിയതോടെ അതാണ് ഇപ്പോള്‍ കണ്ടു വരുന്നത്- അദ്ദേഹം പറഞ്ഞു. പദവിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി യുഎസ് മാധ്യമങ്ങള്‍ക്ക് നല്‍കി അഭിമുഖത്തിലാണ് ഓബ്‌സ്‌ഫെല്‍ഡി ഇങ്ങനെ പറഞ്ഞത്. ഈ സാമ്പത്തിക വളര്‍ച്ചാ കുറവ് 2019നേക്കാള്‍ ഒരു പക്ഷേ 2020ല്‍ രൂക്ഷമാകുമെന്നാണ് തങ്ങളുടെ പക്കലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎസിന് 2019ല്‍ 2.5 ശതമാനം വളര്‍ച്ചാ കുറവുണ്ടാകുമെന്നാണ് നേരത്തെ ഐ.എം.എഫ് പ്രവചിച്ചിരുന്നത്. ഇത് പിന്നീട് 2.8 ശതമാനമായി തിരുത്തുകയും ചെയ്തിരുന്നു. മറ്റു സാമ്പത്തിക ശക്തികള്‍ക്കും പ്രതീക്ഷിച്ചതിനോക്കാള്‍ വളര്‍ച്ച കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 1930കളില്‍ ഉണ്ടായതു പോലെ വന്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്നും ഓബ്‌സ്‌ഫെല്‍ഡ് പറഞ്ഞു. സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളേ അദ്ദേഹം അപലപിച്ചു. യുഎസും ചൈനയും തമ്മിലുള്ള തര്‍ക്കത്തിനു പുറമെ യുഎസും മറ്റു യൂറോപ്യന്‍, ഏഷ്യന്‍ വ്യാപാര പങ്കാളികളുമായുള്ള ഉരസല്‍ ആഗോള വളര്‍ച്ചയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. 

കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ഒാബ്‌സ്‌ഫെല്‍ഡിനു പകരക്കാരിയായ ഐ.എം.എഫ് ചീഫ് ഇക്കണൊമിസ്റ്റായി എത്തുന്നത് ഇന്ത്യക്കാരിയായ ഗീത ഗോപിനാഥ് ആണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേശക കൂടിയായിരുന്നു ഗീത.
 

Latest News