Sorry, you need to enable JavaScript to visit this website.

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ റോഡ് പകുത്ത് മതില്‍കെട്ടി

മുസഫര്‍പൂര്‍- മുസ്ലിംകള്‍കകിടയിലും ജാതി പോരെന്ന് കേട്ട് അമ്പരക്കാന്‍ വരട്ടെ. സംഗതി വസ്തുതയാണ്. ഇസ്ലാമില്‍ ജാതി സമ്പ്രദായം ഇല്ലെങ്കിലും ഉത്തരേന്ത്യയില്‍ ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. ഇതിനു തെളിവാണ് ബിഹാറിലെ മുസഫര്‍പൂരിലെ ഏറ്റവും പുതിയ സംഭവം. പനാപുര്‍ ഹവേലി പഞ്ചായത്തിലെ ദാമോദര്‍പുരി ടോല മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഗ്രാമമാണ്. ഇവിടെ ശൈഖ് വിഭാഗക്കാരും അന്‍സാരി വിഭാഗക്കാരുമാണ് അടിപിടി. ഉന്നത ജാതിക്കാരായാണ് ശൈഖ് വിഭാഗത്തെ വിശേഷിപ്പിക്കുന്നത്. അന്‍സാരികള്‍ താഴെ തട്ടിലും. ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്ന റോഡിനു മധ്യത്തിലായി പുതിയൊതു മതില്‍ ഉയര്‍ന്നു വരാനും അതോടെ അതുവഴി നാലു ചക്രവാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത വിധം വഴിയടഞ്ഞതിനും പിന്നില്‍ ഒരു കല്യാണ തര്‍ക്കമാണ്. 

നവംബര്‍ 18ന് അന്‍സാരി വിഭാഗത്തില്‍പ്പെട്ട ഒരാളുടെ വീട്ടിലെ കല്യാണം ജോറായി നടന്നു. എന്നാല്‍ ഇത് ശൈഖുമാര്‍ക്ക് ദഹിച്ചില്ല. മേല്‍ജാതിക്കാരായ തങ്ങളുടെ വിവാഹ സല്‍ക്കാരങ്ങളെ പോലുളള വന്‍ കൊട്ടും കുരവയും അന്‍സാരികളുടെ വിവാഹപാര്‍ട്ടിയിലും നടന്നതാണ് തര്‍ക്കത്തിനിടയാക്കിയത്. തങ്ങളുടെ നിലവാരത്തിലേക്ക് അന്‍സാരികള്‍ ഉയരുന്നത് ശൈഖുമാര്‍ക്ക് ഇഷ്ടമല്ലത്രെ. ഏതായാലും ഈ വിവാഹത്തോടെ ഇരുവിഭാഗവും തമ്മില്‍ വലിയ പോര് നടന്നു. ഇരുവിഭാഗവും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ മധ്യസ്ഥ ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയിലാണ് റോഡിന് മധ്യത്തിലൂടെ രണ്ടായി വിഭജിച്ച് മതില്‍ കെട്ടാന്‍ തീരുമാനിച്ചത്. ഇതോടെ ഈ മുസ്ലിം ഗ്രാമം രണ്ടായി പിളര്‍ക്കപ്പെട്ടെന്ന് ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു. ഇരു വിഭാഗത്തിനും അതിര് ലംഘിച്ച് അങ്ങോട്ടും ഇങ്ങോട്ടും പ്രവേശിക്കാന്‍ പാടില്ല. ശൈഖുമാര്‍ തങ്ങളോട് മോശമായാണ് പെരുമാറുന്നതെന്ന് പ്രദേശവാസിയായ നസീറുദ്ദീന്‍ അന്‍സാരി പറയുന്നു. മതില്‍ കെട്ടിയത് നന്നായെന്നാണും ശൈഖുമാരുമായി ഒരു ഇടപാടും തങ്ങളാഗ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഇരു വിഭാഗവും തമ്മില്‍ ഇത്തരത്തിലൊരു ശത്രുതയുടെ ചരിത്രമില്ലെന്ന് ശൈഖുമാര്‍ പറയുന്നു. ഒരു നിസാര തര്‍ക്കം പെരുപ്പിച്ച് കാട്ടുകയായിരുന്നെന്നും അവര്‍ പറയുന്നു. ഗ്രാമത്തിലെ പള്ളി അന്‍സാരികളുടെ ഭാഗത്താണ്. മതില്‍ കെട്ടിയതോടെ ശൈഖുമാര്‍ക്ക് സ്വന്തം നാട്ടിലെ പള്ളിയില്‍ പോലും പോകാന്‍ വയ്യെന്നായി. ഒരേ മത വിശ്വാസികള്‍ ഒരേ മത ഗ്രന്ഥം അനുസരിക്കുന്നവര്‍ മതില്‍ കെട്ടി സമുദായത്തില്‍ വിഭജനമുണ്ടാക്കിയതില്‍ വൈരുധ്യമുണ്ടെന്നും ഇതിലപ്പുറം തരംതാഴല്‍ വെറെ എന്തുണ്ട്?- സ്വദേശിയായ മുഹമ്മദ് സാലിം ചോദിക്കുന്നു. 


 

Latest News