ജയ്പുർ - രാജസ്ഥാനിൽ ബി.ജെ.പി വനിതാ എം.എൽ.എയും ജയ്പുർ രാജകുടുംബാംഗവുമായ ദിയകുമാരി വിവാഹ മോചനത്തിന്. സാധാരണ കുടുംബാംഗമായ നരേന്ദ്ര സിംഗിനെ പ്രണയിച്ച് 1997 ൽ വിവാഹം കഴിച്ച ദിയാകുമാരി 21 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വേർപിരിയുന്നത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.
ഏതാനും മാസങ്ങളായി അകന്നു കഴിയുകയായിരുന്ന ഇരുവരും പരസ്പര സമ്മതപ്രകാരം വിവാഹ മോചനത്തിന് കുടുംബ കോടതിയിൽ ഹരജി നൽകുകയായിരുന്നു.
പിരിയാനുള്ള തീരുമാനം തികച്ചും തങ്ങളുടെ വ്യക്തിപരമായ വിഷയമാണെന്നും ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും ദിയാകുമാരിയും നരേന്ദ്ര സിംഗും പ്രസ്താവനയിൽ അറിയിച്ചു.
രാജകുടുംബാംഗമായ ഭവാനി സിംഗിന്റെയും പദ്മിനി ദേവിയുടെയും ഏക മകളായ ദിയാകുമാരിയുടെ പ്രണയവും വിവാഹവും അന്ന് രാജസ്ഥാനിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ദിയാകുമാരി അടങ്ങുന്ന രജപുത്ര സമൂഹത്തെ ഏറെ രോഷാകുലരാക്കിയ സംഭവമായിരുന്നു അത്.
പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയ ദിയാകുമാരി 2013 ൽ സവായി മധോപുർ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത്തവണ ദിയാകുമാരി മത്സരത്തിൽനിന്ന് വിട്ടുനിന്നതോടെ പകരം ആശ മീണയെ ബി.ജെ.പി സ്ഥാനാർഥിയാക്കി. അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ദിയാകുമാരിയെ ലോക്‌സഭയിലേക്ക് ബി.ജെ.പി പരിഗണിക്കുന്നതായി സൂചനയുണ്ട്.