ജി.സി.സി ഉച്ചകോടി; യെമൻ പ്രതിസന്ധി തീരും

റിയാദിൽ ജി.സി.സി ഉച്ചകോടിക്കെത്തിയ യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിനെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സ്വീകരിക്കുന്നു.

റിയാദ്- ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും വെല്ലുവിളികളെ ഒന്നിച്ച് നേരിടുമെന്നും പ്രതിജ്ഞയെടുത്ത് 39 ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചു. അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ഇറാനെതിരെ മുന്നറിയിപ്പ് നൽകിയും സിറിയയിലും ഫലസ്തീനിലും സമാധാനം സ്ഥാപിക്കാൻ ലോക രാജ്യങ്ങൾ മുന്നോട്ട് വരണമെന്നാവശ്യപ്പെട്ടും യെമൻ പ്രതിസന്ധി തീരുമെന്ന പ്രത്യാശ നൽകിയുമാണ് ഉച്ചകോടിക്ക് സമാപ്തിയായത്. 
ഉച്ചക്ക് ശേഷം റിയാദ് യമാമ കോൺഫറൻസ് ഹാളിൽ സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ഇറാൻ തീവ്രവാദ, വിധ്വംസക ശക്തികളെ ഉപയോഗിച്ച് മേഖലയുടെ സമാധാനാന്തരീക്ഷത്തിന് ഭീഷണി സൃഷ്ടിക്കുകയാണെന്നും ഗൾഫ് ജനതയുടെ സുരക്ഷയും പുരോഗതിയുമാണ് ജി.സി.സി രാജ്യങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും സൽമാൻ രാജാവ് വ്യക്തമാക്കി. സ്വന്തം ജനതയുടെയും രാജ്യത്തിന്റെയും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഏറ്റവും ശക്തമായും ഉറച്ച കാൽവെപ്പോടെയും അംഗരാജ്യങ്ങൾ മുന്നോട്ട് പോകും. പ്രകൃതി, മാനവ വിഭവ ശേഷി കൊണ്ട് സമ്പന്നമാണ് ഗൾഫ് രാജ്യങ്ങൾ.  അതുകൊണ്ട് തന്നെ മേഖലയുടെ സുരക്ഷക്ക് മുഖ്യ സ്ഥാനം നൽകേണ്ടതുണ്ട്. അറബ്, ഗൾഫ് രാജ്യങ്ങൾക്ക് ഏറ്റവും ഭീഷണിയായി നിലനിൽക്കുന്നത് തീവ്രവാദ ശക്തികളാണ്. ഇറാൻ അതിന്റെ ശത്രുതാ സമീപനം ഇപ്പോഴും തുടരുന്നു. മാത്രമല്ല, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. ബാലിസ്റ്റിക് മിസൈൽ, ആണവ പദ്ധതികളുമായി ഇറാൻ  മുന്നോട്ട് പോകുന്നില്ലെന്ന് ലോക രാജ്യങ്ങൾ ഉറപ്പു വരുത്തണം.
അന്താരാഷ്ട്ര വേദികളിൽ അറബ്, മുസ്‌ലിം രാജ്യങ്ങൾക്കെതിരെ വരുന്ന വെല്ലുവിളികളെ സൗദി അറേബ്യ പ്രതിരോധിക്കുന്നുണ്ട്. ഫലസ്തീൻ പ്രശ്‌നം ഇപ്പോഴും മേഖലയിലെ പ്രതിസന്ധിയുടെ ഒന്നാം സ്ഥാനത്താണ്. കിഴക്കൻ ഖുദ്‌സ് തലസ്ഥാനമായി സ്വന്തം രാജ്യം സഫലമാകുന്നതുൾപ്പെടെയുള്ള ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടണം. ഇസ്രായിലിന്റെ അതിക്രമങ്ങളിൽനിന്ന് ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ലോക രാജ്യങ്ങൾ മുന്നിട്ടിറങ്ങണം. അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്.
നിയമാനുസൃത ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും സമാധാനവും സുരക്ഷയും അപകടത്തിലാക്കുകയും ചെയ്ത വിമത വിഭാഗത്തിൽനിന്ന് യെമനിനെ രക്ഷപ്പെടുത്താൻ സഹായിക്കണമെന്ന യെമൻ സർക്കാറിന്റെ അഭ്യർഥനയെ തുടർന്നാണ് സഖ്യ രാജ്യങ്ങൾ യെമനിൽ ഇടപെട്ടത്. മാനുഷിക സഹായ, ദുരിതാശ്വാസ പദ്ധതികളിലൂടെ യെമൻ ജനതയുടെ പ്രതീക്ഷകളെ തിരിച്ചുകൊണ്ടുവരാനും സഖ്യരാജ്യങ്ങൾ മുൻപന്തിയിലുണ്ട്. യു.എൻ രക്ഷാസമിതിയുടെ കരാറനുസരിച്ച് യെമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം വേണമെന്നാണ് സൗദി അറേബ്യ ആവശ്യപ്പെടുന്നത്. തീവ്രവാദി ഗ്രൂപ്പുകളും വിദേശ ശക്തികളും അവിടെ നിന്ന് ഒഴിഞ്ഞുപോയി സിറിയൻ ഐക്യം രൂപപ്പെടണം.  ഇറാഖുമായി ജി.സി.സി രാജ്യങ്ങൾക്ക് തന്ത്രപരമായ ബന്ധങ്ങളാണുള്ളതെന്നും രാജാവ് പറഞ്ഞു.
യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹമ്മദ് അൽജാബിർ അൽസബാഹ്, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയാനി, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹമൂദ് അൽസഈദ്, ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ സഅദ് അൽമുറൈഖി എന്നിവരാണ് അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, മന്ത്രി ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, വിദേശകാര്യ മന്ത്രി ആദിൽ അൽജുബൈർ, ധനമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ എന്നിവരായിരുന്നു സൗദി പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. യമാമ കൊട്ടാരത്തിലാണ് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്.
ഉച്ചയോടെ കിംഗ് സൽമാൻ എയർബേസിലെത്തിയ പ്രതിനിധികളെ ഭരണാധികാരി സൽമാൻ രാജാവ് നേരിട്ടാണ് സ്വീകരിച്ചത്. ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് അൽസഈദ് ആണ് ആദ്യമെത്തിയത്. പിന്നീട് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽഖലീഫ, കുവൈത്ത് അമീർ ശൈഖ് സബാഹ് എന്നിവരും എത്തി. എല്ലാവരെയും സ്വീകരിച്ച രാജാവ് അവരോടൊപ്പം യമാമ കൊട്ടാരത്തിലേക്ക് പോയി. പിന്നീടെത്തിയ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ അൽമുറൈഖിയെയും സംഘത്തെയും സ്വീകരിച്ചത് സൗദി വിദേശകാര്യ സഹമന്ത്രി ഡോ. നിസാർ മദനിയായിരുന്നു.

Latest News