റിയാദ്- പ്രതിസന്ധി പരിഹരിക്കാൻ ഖത്തറിന് മതിയായ സമയം നൽകിയിട്ടും അനുകൂല സമീപനം ഉണ്ടാവുന്നില്ലെന്നും പന്ത് ഖത്തറിന്റെ കോർട്ടിലാണെന്നും സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈർ. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയാനിയോടൊപ്പം യമാമ കോൺഫറൻസ് ഹാളിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സൗദി അടക്കമുള്ള രാജ്യങ്ങൾ പ്രശ്‌നപരിഹാരത്തിന് മുന്നോട്ടുവെച്ച ഉപാധികളിൽ മാറ്റം വരുത്താനാവില്ല. ഖത്തർ വിട്ടുവീഴ്ചക്ക് തയ്യാറാവണം. ഖത്തർ പ്രതിസന്ധി ജി.സി.സിയെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ നേതാക്കൾ ശ്രദ്ധിക്കുന്നുണ്ട്. ജി.സി.സിയിൽ സജീവ അംഗമായി തുടരാൻ അംഗ രാജ്യങ്ങൾ മുന്നോട്ട് വെച്ച കാര്യങ്ങൾ ഖത്തറിന് അറിയാവുന്നതാണ്. തീവ്രവാദ കേസുകളിൽ പ്രതികളായവർക്ക് അഭയം നൽകുന്നതും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും അംഗീകരിക്കാനാവില്ല. ഗൾഫ് രാജ്യങ്ങൾ ഒരു കുടുംബം പോലെയാണ്. അഭിപ്രായവ്യത്യാസങ്ങൾ വീടിനുള്ളിൽ പറഞ്ഞു തീർക്കുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
39 ാമത് ജി.സി.സി ഉച്ചകോടി ഞായറാഴ്ച രാത്രിയാണ് സമാപിച്ചത്. അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ഇറാനെതിരെ മുന്നറിയിപ്പ് നൽകിയും സിറിയയിലും ഫലസ്തീനിലും സമാധാനം സ്ഥാപിക്കാൻ ലോക രാജ്യങ്ങൾ മുന്നോട്ട് വരണമെന്നാവശ്യപ്പെട്ടും യെമൻ പ്രതിസന്ധി തീരുമെന്ന പ്രത്യാശ നൽകിയുമാണ് ഉച്ചകോടിക്ക് സമാപ്തിയായത്.