Sorry, you need to enable JavaScript to visit this website.

ശബരിമല വിമാനത്താവളത്തിന്  അനുമതി നൽകണം -മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ എയർപോർട്ട് ഉദ്ഘാടന പ്രസംഗം നടത്തുന്നു. 

കണ്ണൂർ - നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് കേന്ദ്രം അനുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന ശബരിമലയുടെ ടൂറിസം സാധ്യതകൾ കൂടി കണക്കിലെടുത്ത് വിമാനത്താവളം നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഫീസിബിലിറ്റി റിപ്പോർട്ട് ലഭിച്ചു. പദ്ധതിക്ക് ആവശ്യമായ അനുമതി കേന്ദ്രം നൽകണം -പിണറായി ആവശ്യപ്പെട്ടു. 
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ടു പോകുമ്പോൾ, ഈ വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനു ഏറ്റവും കൂടുതൽ പരിശ്രമിച്ച ഘടകം എന്ന നിലയിൽ ഇത് ഏറ്റെടുത്ത് നടത്താൻ സന്നദ്ധമാണെന്ന് കേന്ദ്രത്തെ സംസ്ഥാന സർക്കാർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. രണ്ട് വിമാനത്താവളങ്ങൾ നടത്തിയുള്ള പരിചയം സംസ്ഥാനത്തിനുണ്ട്. ഭാവിയിൽ കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിലും ഇത്തരമൊരു നീക്കമുണ്ടെങ്കിൽ അതും സംസ്ഥാനത്തിനു നൽകണമെന്ന് മുൻകൂറായി ആവശ്യപ്പെടുകയാണ് -മുഖ്യമന്ത്രി പറഞ്ഞു. 
കേന്ദ്ര സർക്കാർ ഇടപെട്ടാൽ കൂടുതൽ രാജ്യാന്തര സർവീസുകൾ കണ്ണൂരിൽ നിന്ന് നടത്താൻ നടപടി സ്വീകരിക്കും. കണ്ണൂർ വിമാനത്താവളത്തിന്റെ കൂടി വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കൊച്ചിയിൽ ലോജിസ്റ്റിക് പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. മത്സ്യ കയറ്റുമതിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളം വടക്കെ മലബാറിലെ പ്രവാസികളുടെ സ്വന്തം സ്ഥാപനമാണ്. കാസർകോട് മുതൽ കൊയിലാണ്ടി വരെയുള്ള പ്രവാസികൾക്കു ഈ പദ്ധതി ഏരെ പ്രയോജനം ചെയ്യും. കൂടാതെ കൂർഗ് മുതൽ മൈസൂർ വരെയുള്ള പ്രദേശങ്ങളിൽ നിന്നും യാത്രക്കാരെ പ്രതീക്ഷിക്കുന്നു. വിമാനത്താവളത്തിൽ നിന്നുള്ള മികച്ച റോഡ് സൗകര്യം ഉറപ്പു വരുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 
1996 ൽ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാർത്ഥ്യമാക്കാൻ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ല. 2001 മുതൽ 2006 വരെയുള്ള അഞ്ചു വർഷക്കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനവും നടന്നില്ല. എന്തുകൊണ്ട് ഇങ്ങനെ ഒരു നിലപാട് എടുത്തു എന്ന് വ്യക്തമല്ല. 2006 ൽ വി.എസ്.അച്യുതാന്ദന്റെ സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണ് വിമാനത്താവള നിർമാണ പ്രവർത്തനങ്ങൾക്ക് ജീവൻ വെക്കുന്നത്. 2011-2016 കാലഘട്ടത്തിൽ പ്രവർത്തനങ്ങൾ നിശ്ചലമായില്ലെങ്കിലും വേഗത്തിലുള്ള പുരോഗതി ഉണ്ടായോ എന്ന വിലയിരുത്തലിലേക്ക് താൻ കടക്കുന്നില്ലെന്നും പിണറായി പറഞ്ഞു. 
എയർഫോഴ്‌സിന്റെ കൈവശമുള്ള, എവിടെയും ഇറക്കാൻ പറ്റുന്ന വിമാനമാണ് അന്ന് ഉദ്ഘാടന പ്രതീതിയുണ്ടാക്കി പറത്തിയത്. 
ഉദ്ഘാടനം ചെയ്യുകയാണെന്ന് പറഞ്ഞ് ആളെ കൂട്ടുകയും ചെയ്തു. ആ വിമാനത്താവളമാണ് 2016  ലെ സർക്കാർ വന്ന് രണ്ടര വർഷം പിന്നിട്ടപ്പോൾ പൂർണ ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.

Latest News