കൊൽക്കത്ത - ബി.ജെ.പിയുടെ രഥയാത്ര കടന്നുപോയ സ്ഥലത്ത് ചാണക വെള്ളവും ഗംഗാ ജലവും തളിച്ച് തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധം. ബി.ജെ.പിയുടേത് വർഗീയത വളർത്താനുള്ള യാത്രയായിരുന്നുന്നെന്നും അതിലൂടെ ഈ സ്ഥലം അശുദ്ധമായെന്നും പറഞ്ഞാണ് കുച്ച്ബിഹാർ ജില്ലയിൽ തൃണമൂൽ കോൺഗ്രസിന്റെ ശുദ്ധീകരണം. ശനിയാഴ്ചയാണ് ബി.ജെ.പി യാത്ര ഇതുവഴി കടന്നുപോയത്.
ഭഗവാൻ മദൻ മോഹന്റെ (ശ്രീകൃഷ്ണന്റെ) മണ്ണായ ഇവിടം അശുദ്ധമാക്കിയതു കൊണ്ടാണ് തങ്ങൾ ശുദ്ധീകരണം നടത്തിയതെന്ന് തൃണമൂൽ നേതാവ് പങ്കജ് ഘോഷ് പറഞ്ഞു. മദൻ മോഹന്റേതല്ലാത്ത ഒരു രഥവും ഈ ജില്ലയിലേക്ക് കടക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിൽ പകുതിയെങ്കിലും നേടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് മൂന്ന് രഥയാത്രകൾ നടത്തുമെന്നാണ് ബി.ജെ.പി പ്രഖ്യാപനം. ഈ മാസം ഏഴ്, ഒമ്പത്, 14 തീയതികളിലായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും വിധം മൂന്ന് രഥയാത്രകളാണ് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്. മൂന്ന് യാത്രകളും സംഗമിക്കുന്ന കൊൽക്കത്തിൽ മഹാറാലി സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി റാലിയെ അഭിസംബോധന ചെയ്യുമെന്നും ബി.ജെ.പി അറിയിച്ചിട്ടുണ്ട്. എന്നാൽ യാത്രക്ക് കൽക്കട്ട ഹൈക്കോടതി അനുമതി നിഷേധിച്ചു. ഇതിനെതിരെ ബി.ജെ.പി നൽകിയ അപ്പീലിന്മേൽ വിധി വന്നിട്ടില്ല.
ജനങ്ങളെ വിഭജിക്കുന്ന ബി.ജെ.പി യാത്രകളെ രാവൺ യാത്രയെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരിഹസിച്ചത്. യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം ശുദ്ധീകരണം നടത്താൻ മമത പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.






