Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ ഇന്ത്യയിലേക്ക് ഈ വര്‍ഷം ഒഴുക്കുന്നത് 5.71 ലക്ഷം കോടി രൂപ; ലോകത്ത് വീണ്ടും ഒന്നാമത്

ന്യുദല്‍ഹി- വിദേശത്ത് ജോലി ചെയ്യുന്നവരും സ്ഥിരതാമസമാക്കുകയും ചെയ്ത പ്രവാസി ഇന്ത്യക്കാര്‍ ഈ വര്‍ഷാവസാനത്തോടെ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന തുക സര്‍വകാല റെക്കോര്‍ഡായ 8000 കോടി ഡോളര്‍ (5.71 ലക്ഷം കോടി രുപ) ആകുമെന്ന് ലോക ബാങ്ക് റിപോര്‍ട്ട്. ഇതോടെ ലോകത്ത് പ്രവാസി പണം കൈപ്പറ്റുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതാകും. ചൈന, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ലോക ബാങ്കിന്റെ ശനിയാഴ്ച പ്രസിദ്ധീകരിച്ച കുടിയേറ്റ, വികസന കാര്യ റിപോര്‍ട്ട് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ചൈനയിലേക്ക് പ്രവാസി പണമായി എത്തുന്നത് 6700 കോടി ഡോളറാണ്. മെക്‌സിക്കോ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലേക്ക് 3400 കോടി ഡോളര്‍ പ്രവാസികള്‍ അയക്കും. 2600 കോടി ഡോളറാണ് ഈജിപ്ഷ്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുകയെന്നും പുതിയ കണക്കുകള്‍ പറയുന്നു.

ഇന്ത്യയിലെത്തുന്ന പ്രവാസി പണം രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പന്നത്തിന്റെ (ജി.ഡി.പി) 2.8 ശതമാനത്തോളം വരും. ലോകത്തൊട്ടാകെ പ്രവാസികള്‍ അവരുടെ നാട്ടിലേക്കയക്കുന്ന മൊത്തം തുകയുടെ 12 ശതമാനം വരും ഇന്ത്യക്കാരുടെ സംഭാവന. വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് ഈ പ്രവാസി പണം അവരുടെ സമ്പദ്‌വ്യവസ്ഥയുടെ നിര്‍ണായക ഘടകമാണ്.

ലക്ഷക്കണക്കിന് വീട്ടുകാരുടെ ദാരിദ്ര്യമകറ്റുന്നതില്‍ പ്രവാസികള്‍ അയക്കുന്ന പണത്തിന് നേരിട്ട് സ്വാധീനമുണ്ടെന്നും ഈ പണമൊഴുക്കിന് സൗകര്യമൊരുക്കാന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലോക ബാങ്ക് ഒരുക്കമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കുടുതല്‍ നാട്ടിലേക്ക് പണമയക്കുന്നത് ഇന്ത്യക്കാരായ പ്രവാസികളാണെങ്കിലും ഇതിനായി ഇവര്‍ക്ക് വലിയ ചെലവ് വഹിക്കേണ്ടി വരുന്നുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. സാങ്കേതികമായി മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും പണമയക്കല്‍ ഫീസ് വളരെ ഉയര്‍ന്നു തന്നെ നില്‍ക്കുന്നതാണ് ഇതിനു കാരണം. 

അതേസമയം പ്രവാസികള്‍ അയക്കുന്ന പണത്തില്‍ ഇപ്പോള്‍ കണ്ടു വരുന്ന ഉയര്‍ന്ന വളര്‍ച്ച ദീര്‍ഘകാലത്തേക്ക് നിലനിന്നേക്കില്ലെന്നും റിപോര്‍ട്ട് വിലയിരുത്തുന്നുണ്ട്. യുഎസ് പോലുള്ള രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മുന്നേറ്റവും ഇന്ധന വില വര്‍ധന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പണമൊഴുക്കിന് അനുകൂലമായതുമാണ് ഈ വര്‍ധനയ്ക്ക് കാരണം. ഇന്ധന വില കുറക്കുന്നതും കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കുന്നതും സാമ്പത്തകി വളര്‍ച്ച ഒതുങ്ങുന്നതും പ്രവാസി പണമൊഴുക്കിലെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കും.  


 

Latest News