റിയാദ് - മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടിക്ക് തലസ്ഥാന നഗരിയായ റിയാദിൽ തുടക്കമാകുന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടി ഗൾഫ് രാജ്യങ്ങൾ തമ്മിലെ സഹകരണവും സംയോജനവും ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയുടെ സുരക്ഷാ ഭദ്രതയും സമാധാനവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളും വിദേശ രാജ്യങ്ങളുമായും കൂട്ടായ്മകളുമായും തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നതിനെ കുറിച്ചും വിശകലനം ചെയ്യും. ഗൾഫ് സൈനിക സഹകരണം, യെമൻ, സിറിയ, ഫലസ്തീൻ, ഇറാഖ് അടക്കമുള്ള മേഖലാ രാജ്യങ്ങളിലെ പുതിയ സംഭവവികാസങ്ങൾ, ഇറാൻ പ്രശ്നം എന്നിവയും ഉച്ചകോടിക്ക് വിഷയമാകും.
രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ അംഗ രാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിന് ഉച്ചകോടി ഊന്നൽ നൽകും. ഗൾഫ് പൊതുവിപണി, കസ്റ്റംസ് യൂനിയൻ, മോണിട്ടറി യൂനിയൻ, വൈദ്യുതി ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കൽ എന്നിവ അടക്കമുള്ള സുപ്രധാന നേട്ടങ്ങൾ കൈവരിക്കുന്നതിന് ഗൾഫ് സഹകരണ കൗൺസിലിന് സാധിച്ചിട്ടുണ്ട്. ഗൾഫ് റെയിൽവെ പദ്ധതി യാഥാർഥ്യമാക്കുന്നതിന് അംഗ രാജ്യങ്ങൾ ശ്രമിച്ചുവരികയാണ്. മസ്കത്തിൽ നിന്ന് കുവൈത്ത് വരെ നീളുന്ന ഗൾഫ് റെയിൽവെ പദ്ധതിക്ക് 2,200 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. ഗൾഫ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ആറു ഗൾഫ് രാജ്യങ്ങളുടെയും പതാകകളാൽ തലസ്ഥാന നഗരിയിലെ തെരുവുകളും പ്രധാന അടയാളങ്ങളും അലങ്കരിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടാമത് ഗൾഫ് ഉച്ചകോടി ചേർന്നത് കുവൈത്തിലായിരുന്നു. ഖത്തർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുവൈത്ത്, ഖത്തർ നേതാക്കൾ മാത്രമാണ് കുവൈത്ത് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇത് കുവൈത്ത് ഉച്ചകോടിക്ക് മങ്ങലേൽപിച്ചു.
റിയാദ് ഉച്ചകോടിയിലേക്ക് ഖത്തർ അമീറിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഖത്തർ അമീർ ഉച്ചകോടിയിൽ പങ്കെടുക്കില്ല. പകരം മന്ത്രി ഖത്തറിനെ പ്രതിനിധീകരിക്കും. അതേസമയം, ഖത്തർ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിലപാടിൽ ഒരുവിധ വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന് ബഹ്റൈനും യു.എ.ഇയും സൗദി അറേബ്യയും നേരത്തെ വ്യക്തമാക്കിരുന്നു.
അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ തങ്ങളുടെ നയങ്ങൾ പുനഃപരിശോധിക്കുകയല്ലാതെ ഇറാൻ ഭരണകൂടത്തിനു മുന്നിൽ മറ്റൊരു വഴിയുമില്ലെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി പറഞ്ഞു. ഇറാൻ പ്രശ്നം ഗൾഫ് ഉച്ചകോടി വിശകലനം ചെയ്യും. ഗൾഫ് രാജ്യങ്ങൾ തമ്മിലെ സഹകരണവും സംയോജനവും ശക്തമാക്കുന്ന നിരവധി നേട്ടങ്ങൾ കൈവരിക്കുന്നതിന് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഗൾഫ് രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.






