മട്ടന്നൂര്‍- രാജ്യത്തേക്ക് വരുന്ന വിദേശ നാണയത്തില്‍ സിംഹഭാഗവും വിദേശ രാജ്യങ്ങളില്‍ കൊടുംചൂടില്‍ ജോലി ചെയ്യുന്ന കേരളീയരുടെ വകയാണെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ സ്ഥാപിതമായതിന്റെ ഏറ്റവും വലിയ ന്യായീകരണവും ഇതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമായിരിക്കുകയാണ് കേരളം. കണ്ണൂര്‍ എയര്‍പോര്‍ട്ട് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.
മട്ടന്നൂരിനേയും പരിസരപ്രദേശങ്ങളേയും ഉത്സവ ലഹരിയിലാക്കി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ് ളാഗ് ഓഫ് ചെയ്തു.
നേരത്തെ മുഖ്യമന്ത്രിയും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.