കണ്ണൂർ- പറശ്ശിനിക്കടവ് കൂട്ടബലാൽസംഗ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രഹസ്യ മൊഴി വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. മട്ടന്നൂർ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. അതിനിടെ കേസിൽ ആരോപണ വിധേയനായ ശ്രീകണ്ഠപുരത്തെ ജനപ്രതിനിധിയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിൽ വിളിച്ചു വരുത്തിയാണ് വിവരങ്ങൾ ആരാഞ്ഞത്.
പെൺകുട്ടിയുമായി മൊബൈൽ ഫോണിൽ സംസാരിച്ച ഇയാൾ പ്രലോഭിപ്പിച്ച് വശത്താക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. പുതിയ വിദേശ മൊബൈൽ ഫോൺ കാണിച്ചാണ് വീഡിയോ ചാറ്റിംഗിലൂടെ സംസാരിച്ചത്. നിലവിലുള്ള പോക്‌സോ നിയമ പ്രകാരം ലൈംഗിക പീഡനത്തിനിരയാക്കുന്നതു കൂടാതെ പ്രലോഭിപ്പിച്ച് വശത്താക്കുന്നതും കുറ്റകരമാണ്. അതിനാൽ ജനപ്രതിനിധി കേസിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.
അതിനിടെ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ, ടൂറിസ്റ്റു കേന്ദ്രമായ പൈതൽ മലയിലെ റിസോർട്ടിലും ലോഡ്ജിലും പോലീസ് പരിശോധന നടത്തി. കുടിയാന്മല എസ്.ഐ ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പെൺകുട്ടിയെ റിസോർട്ടിനു സമീപത്തെ കാട്ടിൽ വെച്ചു പീഡിപ്പിച്ച സംഭവത്തിൽ പഴയങ്ങാടി സ്വദേശി അബ്ദുൽ സമദിനെ (22) അറസ്റ്റു ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന.
അതേസമയം, പറശ്ശിനിക്കടവിലെ പീഡനവുമായി ബന്ധപ്പെട്ട് ഒരു വാഹനം കൂടി കസ്റ്റഡിയിലെടുത്തു. നേരത്തെ അറസ്റ്റിലായ വടക്കാഞ്ചേരിയിലെ വൈശാഖ് ഉപയോഗിച്ച ബൈക്കാണ് കസ്റ്റഡിയിലെടുത്തത്. ഈ ബൈക്കിലാണ് പല തവണ പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ചതെന്നാണ് വിവരം.






