Sorry, you need to enable JavaScript to visit this website.

പ്രളയ സഹായത്തിന്റെ പേരിൽ ഫേസ്ബുക്ക് ചാറ്റിംഗ് തട്ടിപ്പ്; യുവാവിന് നഷ്ടമായത് രണ്ടര ലക്ഷം

പത്തനംതിട്ട- ഫേസ്ബുക്ക് ചാറ്റിംഗ് വഴി തട്ടിപ്പ് സംഘം യുവാവിന്റെ 2,54,000 രൂപ തട്ടിയെടുത്തു. പന്തളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ എക്‌സ്‌റേ ടെക്‌നീഷ്യനായ നല്ലാനിക്കുന്ന് കുന്നംകുളഞ്ഞിയിൽ ജോസഫിന്റെ മകൻ ബൈജു ജോസഫ് (36) ആണ് തട്ടിപ്പിന് ഇരയായത്. ചാൾസ് ബെഞ്ചമിൻ എന്ന പ്രൊഫൈൽ ഐ.ഡിയിൽ നിന്ന് ചാറ്റിംഗിലൂടെയാണ് തുക തട്ടിയെടുത്തത്.
കഴിഞ്ഞ 22 നാണ് കനേഡിയൻ സ്ത്രീയുടെ ഫോട്ടയുളള ഐ.ഡിയിൽ നിന്ന് ബൈജുവിന് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. സഹൃത്തായതിനെ തുടർന്ന് 23 ന് കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിന് ശേഷം തങ്ങൾ വൻ സഹായം ചെയ്തു വരികയാണെന്ന് അറിയിച്ചു. തുണികളും വില കൂടിയ പാദരക്ഷകളും അയക്കാൻ മേൽവിലാസം ആവശ്യപ്പെട്ടതിനെ തുടർന്ന് ബൈജു വിലാസം നൽകി. രണ്ടു ദിവസം കഴിഞ്ഞ് സിൽവർ ലൈൻ എയർലൈൻസ് എക്‌സ്പ്രസ് കൊറിയർ കമ്പനിയിൽ 5108528514 എന്ന നമ്പർ പ്രകാരം പാഴ്‌സൽ അയച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചു. പിറ്റേ ദിവസം ദൽഹിയിൽ നിന്ന് എന്ന് പരിചയപ്പെടുത്തി 8929698686 എന്ന നമ്പറിൽ നിന്ന് കൊറിയർ വന്നിട്ടുണ്ടെന്ന ഫോൺ വിളിയും വന്നു. 22,700 രൂപ സർവീസ് ചാർജായി അയക്കണമെന്നും ആവശ്യപ്പെട്ടു
അവർ നൽകിയ ബാങ്ക് ഓഫ് ബറോഡയുടെ ദൽഹി ബ്രാഞ്ചിലെ 09630100017067 അക്കൗണ്ട് നമ്പറിലേക്ക് ബൈജു പണം അയച്ചു. അടുത്ത ദിവസം ദൽഹിയിൽ നിന്ന് എന്ന് പറഞ്ഞ് വീണ്ടും വിളി വന്നു. കസ്റ്റംസ് ഡിപ്പാർട്ടുമെന്റ് നിങ്ങളുടെ മെയിൽ ഐ.ഡിയിലേക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട്. അത് പരിശോധിച്ച് വേണ്ടത് ചെയ്യാൻ പറഞ്ഞു. മെയിൽ പരിശോധിച്ചപ്പോൾ പാഴ്‌സലിൽ 8000 യു.എസ് ഡോളറാണ് ഉളളതെന്നും ഇത് തീവ്രവാദവുമായി ബന്ധപ്പെട്ടുളള ഇടപാടായാണ് നിരീക്ഷിക്കുന്നതെന്നും  അതിനാൽ മണി ലോൺട്രി സർട്ടിഫിക്കറ്റിന് 69,300 രൂപ എത്രയും പെട്ടന്ന് അയക്കണമെന്നുമായിരുന്നു സന്ദേശം.  കുരുക്കിൽപെടാതെ രക്ഷപ്പെടാം എന്ന ലക്ഷ്യത്തിൽ ഈ തുകയും അവർ നൽകിയ അക്കൗണ്ടിൽ ബൈജു അയച്ചു കൊടുത്തു.
തൊട്ടടുത്ത ദിവസം സെൻട്രൽ എക്‌സൈസ് ദൽഹി എന്ന കളർ ലെറ്റർ ഹെഡിൽ ഉളള കത്തിൽ 1,13,474 രൂപ നികുതിയായി അന്ന് തന്നെ അയക്കണമെന്നും അല്ലായെങ്കിൽ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മെസേജ് അറിയിപ്പ് വന്നു. ഭയന്നുപോയ ബൈജു ഈ പണവും ക്രൗൺ എന്റർെ്രെപസസ് 3681143930 ഐ.എഫ്.എസ്.സി കോഡ് സി.ബി.ഐ.എൻ 0283315 എന്ന നമ്പറിൽ സെൻട്രൽ ബാങ്കിന്റെ ദൽഹിയിലെ ബറേലി ബ്രാഞ്ചിലേക്ക് അയച്ചു. പന്നീട് അടുത്ത ദിവസം ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും അതിനായി 70,000 രൂപ കൂടി അക്കൗണ്ടിൽ അയക്കണമെന്നും വീണ്ടും ഫോണിൽ വിളിച്ചറിയിച്ചു. ഇനി പണം കൈവശം ഇല്ലായെന്ന് അറിയിച്ചപ്പോൾ ഇത് വലിയ കുഴപ്പമാകുമെന്ന് പേടിപ്പിക്കുകയും എത്രയും വേഗം ഇത് കൈപ്പറ്റാൻ നോക്കൂ എന്നും പറഞ്ഞ് കൈവശം ഉളള തുക ഉടൻ തന്നെ അയക്കാനും നിർദേശിക്കുകയായിരുന്നു. ബാക്കി തുക പാഴ്‌സൽ കൈവശം കിട്ടുമ്പോൾ പാഴ്‌സലുമായി വരുന്ന ആളിന്റെ കൈവശം കൊടുക്കാനും പറഞ്ഞുവത്രെ. അങ്ങനെ 50,000 രൂപയും ഈ അക്കൗണ്ടിൽ തന്നെ അടച്ചു. പിറ്റേദിവസം ഇതേ നമ്പറിൽ നിന്ന് വിളിച്ച് നിങ്ങളുടെ പണം റിസർവ് ബാങ്കിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ബാങ്ക് തന്നെ മേൽ പറഞ്ഞ 8000 ഡോളറിന് തതുല്യമായ തുക നിങ്ങൾക്ക് നൽകുമെന്ന് അറിയിച്ചുവത്രെ. പിന്നീട് കഴിഞ്ഞ 6 ദിവസമായി ഒരു വിവരവും ഇല്ലായെന്നും താൻ വലിയ തട്ടിപ്പിന് ഇരയായിരിക്കുകയാണെന്നും ബൈജു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

 

Latest News