സർവേകളിലൊന്നും കാര്യമില്ല, ബി.ജെ.പി  അധികാരത്തിലേറും -ശിവ്‌രാജ് സിംഗ് ചൗഹാൻ 

ശിവ്‌രാജ് സിംഗ് ചൗഹാൻ

ന്യൂദൽഹി - അഞ്ച് സംസ്ഥാനങ്ങളിൽ  നടന്ന തെരഞ്ഞെടുപ്പ് യുദ്ധം അവസാനിച്ചു. വെള്ളിയാഴ്ച 5 മണിയ്ക്ക് തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ വിവിധ ഏജൻസികളും ചാനലുകളും തങ്ങളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടു തുടങ്ങിയിരുന്നു.
എന്നാൽ മുൻ തെരഞ്ഞെടുപ്പുകളിൽ കണ്ടതിൽനിന്നും വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പ് ഫലമാണ് സർവേ നടത്തിയ ഏജൻസികൾ പുറത്തുവിടുന്നത്. ഈ ഫലങ്ങളിൽ നേരിയ മുൻതൂക്കം കോൺഗ്രസിനാണ്. മധ്യപ്രദേശിൽ ഒന്നര പതിറ്റാണ്ടായി അധികാരത്തിലുള്ള ബിജെപിക്കും പ്രതിപക്ഷത്തുള്ള കോൺഗ്രസിനും തുല്യ സാധ്യതയാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ കാണുന്നത്. ചില ഏജൻസികളും ചാനലുകളും മധ്യപ്രദേശിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം അഭിപ്രായപ്പെടുന്നുണ്ട്.
എന്നാൽ, ഈ സർവേ ഫലങ്ങളൊന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനെ ബാധിക്കില്ല. അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മധ്യപ്രദേശിൽ നാലാം തവണയും ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. 
'രാവും പകലും ജനങ്ങൾക്കിടയിൽ ചെലവഴിച്ച എന്നേക്കാളും വലിയ 'സർവേക്കാരൻ' ആരാണുള്ളത്? അതുകൊണ്ട് പൂർണ്ണ ആത്മവിശ്വാസത്തോടെ പറയുന്നു, സംസ്ഥാനത്ത് ബിജെപിതന്നെ സർക്കാർ രൂപീകരിക്കും. എന്തുകൊണ്ടെന്നാൽ ബിജെപി സർക്കാർ പാവങ്ങൾക്കും, കർഷകർക്കും അത്യന്താപേക്ഷിതമാണ്' - ശിവ്‌രാജ് സിംഗ് ചൗഹാൻ പറഞ്ഞു. 
മധ്യപ്രദേശിൽ ആകെ 230 സീറ്റാണുള്ളത്. പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പരിശോധിച്ചാൽ മധ്യപ്രദേശിൽ ഇത്തവണ ബിജെപിയ്ക്ക് അവർ ഉദ്ദേശിച്ച ഫലം ലഭിക്കില്ല.  എന്നാൽ മിക്ക ഏജൻസികളും സംസ്ഥാനത്ത് ഇരു പാർട്ടികൾ തമ്മിൽ കടുത്ത മത്സരമാണ് പ്രവചിക്കുന്നത്. മധ്യപ്രദേശിന്റെ  കാര്യത്തിൽ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ പുറത്തു വന്നപ്പോൾ ബിജെപിയ്ക്ക് നെഞ്ചിടിപ്പേറി.  കോൺഗ്രസിനാവട്ടെ വലിയ ആത്മവിശ്വാസവും.  ഛത്തീസ്ഗഢിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
തെലങ്കാനയിൽ ടി.ആർ.എസ് തന്നെ ഭരിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം. മിസോറാമിലും ഒപ്പത്തിനൊപ്പം പോരാട്ടവുമായി കോൺഗ്രസുണ്ട്. ഇവിടെ ബിജെപിക്ക് പ്രസക്തിയില്ല.
രാജസ്ഥാനിൽ 140 നടുത്ത് സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ബി.ജെ.പിയ്ക്ക് 72 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. ടൈംസ് നൗവും രാജസ്ഥാനിൽ ബി.ജെ.പിയുടെ തോൽവി ഉറപ്പിക്കുന്നു. 85 സീറ്റ് നേടുമെങ്കിലും ബി.ജെ.പിയ്ക്ക് അധികാരം നഷ്ടപ്പെടും. 105 സീറ്റാണ് കോൺഗ്രസിന് ടൈംസ് നൗ സി.എൻ.എക്‌സ് സർവേഫലം പ്രവചിക്കുന്നത്. ന്യൂസ് എക്‌സ് നേതാ സർവേ ഫലത്തിൽ 112 സീറ്റാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 80 സീറ്റ് ബി.ജെ.പിയ്ക്ക്.
തെലങ്കാനയിൽ ടി.ആർ.എസ് രണ്ടാമതും അധികാരത്തിലേറുമെന്ന് ഇന്ത്യാ ടുഡേയും ടൈംസ് നൗവും പ്രവചിക്കുന്നു. കോൺഗ്രസ്-ടി.ഡി.പി സഖ്യം രണ്ടാമത് എത്തും. മിസോറാമിൽ എംഎൻഎഫും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്. ബിജെപിയുടെ കോട്ടകളായ മൂന്ന്  സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പ്രകടനം അടുത്ത തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമാണ്.

 

Latest News