ഇടുക്കി- പണം മോഷ്ടിച്ചു എന്ന് ആരോപിച്ച് പതിനൊന്നുകാരിയുടെ കൈകൾ പിറകിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി മർദിച്ചതായി പരാതി. കുമളി ഒന്നാം മൈൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമൃത നൃത്ത കലാഭവൻ എന്ന സ്ഥാപനത്തിലെ അധ്യാപികക്കെതിരെയാണ് പരാതി. പോക്‌സോ നിയമപ്രകാരം കേസ് എടുക്കും.
കാലിൽ ചൂരൽവടി കൊണ്ട് അടിച്ചതിന്റെ മുറിപ്പാടുകളും കൈ കൊണ്ട് മുഖത്തടിച്ച കരിനീലിച്ച പാടുകളുമുണ്ട്.അട്ടപ്പള്ളം ലക്ഷംവീട് കോളനി സ്വദേശിയായ പെൺകുട്ടി കുമളി ഗവൺമെന്റ് ട്രൈബൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞ നാലിനാണ് മർദനത്തിന് ആസ്പദമായ സംഭവം.
അഞ്ച് വയസ്സു മുതൽ സ്ഥാപനത്തിൽ നൃത്തം അഭ്യസിച്ചു വരികയായിരുന്നു കുട്ടി. അമ്മയെയും മക്കളെയും പിതാവ് ഉപേക്ഷിച്ചു പോയതിനാൽ ഇവർ തനിച്ചായിരുന്നു താമസം. നൃത്ത അധ്യാപികയുടെ അനുജത്തിയുടെ വീട്ടിൽ ജോലിക്കായി പെൺകുട്ടിയുടെ അമ്മയെ ചെന്നൈയിലേക്ക് പറഞ്ഞു വിട്ടിരുന്നു. മകളുടെ വിവാഹം കഴിഞ്ഞതിനാൽ താൻ ഒറ്റക്കേ ഉള്ളൂ. അതിനാൽ കൂടെ നിർത്തി പഠിപ്പിച്ചോളാം എന്ന് അധ്യാപിക പറഞ്ഞതനുസരിച്ചാണ് പെൺകുട്ടിയുടെ മാതാവ് ജോലിക്കായി പോയത്.
ആറ് മാസമായി ഈ വീട്ടിൽ താമസിച്ചു പഠിക്കുകയായിരുന്നു കുട്ടി. കഴിഞ്ഞ നാലിന് കുട്ടിയുടെ കൈയിൽ 500 ന്റെ നോട്ട് കണ്ടതാണ് തുടക്കം. നൃത്ത അധ്യാപികയുടെ പണം മോഷ്ടിച്ചതാണെന്ന് കരുതി മർദിച്ചു. ഉപേക്ഷിച്ച് പോയ പിതാവ് സ്‌കൂൾ വിട്ട് വരുന്ന സമയങ്ങളിൽ വഴിയിൽ വച്ച് കാണാറുണ്ടെന്നും മിക്കപ്പോഴും പണം തരാറുണ്ടെന്നും അങ്ങനെ തന്നതാണെന്നും പറഞ്ഞിട്ടും മർദനം തുടർന്നു.
അഞ്ചാം തീയതി സ്‌കൂളിലെത്തിയപ്പോൾ അതേ സ്‌കൂളിൽ പഠിക്കുന്ന സഹോദരനാണ് ഈ വിവരം പെൺകുട്ടിയുടെ അമ്മയുടെ അച്ഛനെയും അമ്മയെയും അറിയിക്കുന്നത്. നൃത്ത അധ്യാപിക സ്‌കൂളിലെത്തി കുട്ടി മോഷ്ടാവാണ് പഠിപ്പിക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കിയതായി പറയപ്പെടുന്നു.പ്രശ്‌നത്തിൽ പന്തികേട് തോന്നി സ്‌കൂളിലെ അധ്യാപകർ വിവരം തിരക്കിയപ്പോഴാണ് മർദന കഥകൾ പുറത്ത് വരുന്നത്. അധ്യാപകർ തന്നെ പെൺകുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയും ചൈൽഡ് ലൈനിന് പരാതി നൽകുകയും ചെയ്തു.
വിവരം അറിഞ്ഞ് അഞ്ചാം തീയതി വൈകിട്ട് സഹോദരനും അപ്പൂപ്പനും അമ്മൂമ്മയും അധ്യാപികയുടെ വീട്ടിൽ എത്തിയപ്പോൾ വീണ്ടും മർദിക്കുന്നതാണ് കണ്ടത്. മുറിക്കുള്ളിൽ നിന്നും പുറത്തു വിടാൻ ആദ്യം വിസമ്മതിച്ചെങ്കിലും ബഹളം ഉണ്ടാക്കും എന്നു പറഞ്ഞപ്പോഴാണ് കുട്ടിയെ പുറത്തു കൊണ്ടുവന്നതെന്ന് അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞു. വീട്ടുജോലികളും കുട്ടിയെക്കൊണ്ട് ചെയ്യിക്കുമായിരുന്നു എന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.