കോട്ടയം- പ്രണയം നടിച്ച് വലയിലാക്കി നഗ്‌ന ദൃശ്യങ്ങൾ പകർത്തി വിദ്യാർഥിനികളെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. സ്‌കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേരെ മാറിമാറി ലൈംഗികമായി പീഡിപ്പിച്ചതിന് കോട്ടയം കല്ലറ മറ്റം ഭാഗത്ത് ജിത്തുഭവനിൽ സജിയുടെ മകൻ ജിൻസ് (24) ആണ് അറസ്റ്റിലായത്.
ഇയാൾ പകർത്തിയ പെൺകുട്ടികളുടെ വീഡിയോകൾ കണ്ട രക്ഷിതാക്കളും ഞെട്ടിത്തെറിച്ചു. വളരെ പ്രതീക്ഷയോടെ സ്‌കൂളിലേക്ക് അയയ്ക്കുന്ന പെൺകുട്ടികൾ ചതിക്കുഴിയിൽ പെടുകയായിരുന്നു. മൂന്ന് വർഷത്തിനിടയിൽ 27 പേരെയാണ് ജിൻസ് വലയിലാക്കി പീഡിപ്പിച്ചത്.
ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയുടെ ടെലിഫോൺ കോളിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് ഇയാൾ പിടിക്കപ്പെട്ടത്. തന്റെ സ്‌കൂളിലെ ഒരു പെൺകുട്ടിയെ സ്‌കൂൾ യൂണിഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ മറ്റൊരാളുടെ കൂടെ കാറിൽ പലയിടത്ത് കണ്ടതായി ലഭിച്ച വിവരം സ്‌കൂൾ പ്രിൻസിപ്പൽ ജില്ലാ പോലീസ് മേധാവിയുടെ ഓപ്പറേഷൻ ഗുരുകുലം പദ്ധതി കോ-ഓർഡിനേറ്ററെ അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കാറിൽ കൊണ്ടുപോയ യുവാവിനെ പിടികൂടി. പെൺകുട്ടിയെ രക്ഷിതാക്കളോടൊപ്പം വിളിച്ചു വരുത്തി യുവാവിന്റെ മൊബൈലിൽ മറ്റ് പെൺകുട്ടികളുമായുള്ള അശ്ലീല ചാറ്റുകൾ കാണിച്ചു കൊടുത്തതോടെ കുട്ടി ഈ ബന്ധത്തിൽ നിന്ന് പിന്മാറി. തനിക്ക് നേർവഴി നയിച്ച പോലീസിന് മുന്നിൽ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലും അപേക്ഷയുമാണ് 27 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച വിരുതനെ പിടികൂടുന്നതിന് കാരണമായത്.
തന്റെ കൂട്ടുകാരി ഇതുപോലെ ഏതോ ഒരു കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിലുള്ള അവളെ രക്ഷിക്കണമെന്നും പെൺകുട്ടി അഭ്യർഥിച്ചു. പെൺകുട്ടി പറഞ്ഞതനുസരിച്ച് പോലീസ് ഇതേ സ്‌കൂളിലെ പ്രിൻസിപ്പലുമായി വീണ്ടും ബന്ധപ്പെട്ടു. വിദ്യാർത്ഥിനിയുടെ സഹപാഠിയെയും കൂട്ടി രക്ഷിതാക്കൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ എത്തി.
കൗൺസലിംഗ് നടത്തിയ ഓപറേഷൻ ഗുരുകുലം കോ-ഓർഡിനേറ്ററെ വരെ ഞെട്ടിച്ച തരത്തിലുള്ള വിവരങ്ങളാണ് വിദ്യാർത്ഥിനിയിൽ നിന്നും ലഭിച്ചത്.
അവിചാരിതമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിൻസുമായി പ്രണയത്തിലായ കുട്ടി ഒരിക്കൽ ഇയാളോടൊന്നിച്ച് മൊബൈലിൽ സെൽഫി എടുക്കുന്നു. ഈ ഫോട്ടോ ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പെൺകുട്ടിയുടെ പൂർണനഗ്നമായുമുള്ള ദൃശ്യങ്ങൾ ചാറ്റിംഗിലൂടെ പകർത്തി. ഈ ദൃശ്യങ്ങൾ വെച്ച് യുവാവ് പിന്നീട് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. പിറ്റേന്ന് രാത്രിയിൽ ഇയാളെ വീടിനുള്ളിൽ പ്രവേശിപ്പിച്ച് വിദ്യാർത്ഥിനി ലൈംഗിക ബന്ധത്തിലും ഏർപ്പെട്ടു. അതും മൊബൈലിൽ പകർത്തിയ ഇയാൾ ഇത് കാട്ടി സ്ഥിരമായി കുട്ടിയെ ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു. ഇതോടെ ക്ലാസിൽ ശ്രദ്ധിക്കാതെ മാനസികമായി തകർന്ന അവസ്ഥയിലാണ് പെൺകുട്ടി പോലീസ് സംഘത്തിന്റെ അടുത്ത് എത്തിപ്പെടുന്നത്.
തുടർന്നാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ മൊബൈൽ പരിശോധിച്ചതിൽ നിന്നുമാണ് പീഡന പരമ്പരയുടെ ചുരുൾ അഴിയുന്നത്. 27 പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും അടുക്കും ചിട്ടയോടെയും ഓരോ ഫോൾഡറുകളിലാക്കിയാണ് ഇയാൾ തന്റെ മൊബൈലിൽ സൂക്ഷിച്ചിരുന്നത്. ഇയാളുടെ വലയിൽ വീണു തുടങ്ങിയ വേറെ കുട്ടികൾ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.