Sorry, you need to enable JavaScript to visit this website.

എക്‌സിറ്റ് പോളിൽ കണ്ണും നട്ട് 

പ്രതിപക്ഷ ഐക്യത്തിനുള്ള പുതിയ നീക്കം തമിഴ്‌നാട്ടിൽ നിന്ന് ആരംഭിക്കുമെന്നാണ് പുതിയ സൂചന. സോണിയയും രാഹുലും അടുത്ത ദിവസം ചെന്നൈയിലെത്തും. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും എത്തുന്നുണ്ട്. കർണാടകയിൽ നിന്നുള്ളവരും ഇതിന്റെ ഭാഗമാകും. ഡിസംബർ പത്തിന് പ്രതിപക്ഷ  യോഗം നടക്കാനിരിക്കേയാണ് ഇത്തരമൊരു നീക്കം കോൺഗ്രസ് 
നടത്തുന്നത്. 


സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും. പൊതു തെരഞ്ഞെടുപ്പിലെ വിജയി ആരെന്നതിനെ കുറിച്ച് കൃത്യമായ സൂചന ഈ തെരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ഇന്ന് വൈകുന്നേരത്തോടെ എക്‌സിറ്റ് പോളുകൾ പുറത്ത് വരും. അടുത്ത കാലത്തായി എക്‌സിറ്റ് പോളുകളിലെ പ്രവചനങ്ങളിൽ കാര്യമായ മാറ്റം വരാറില്ലെന്നത് ശ്രദ്ധേയമാണ്. 
നരേന്ദ്ര മോഡി, രാഹുൽ ഗാന്ധി അതുമല്ലെങ്കിൽ മൂന്നാം മുന്നണി എന്നിവയിൽ ഏതിനാണ് സാധ്യതയെന്ന കാര്യമറിയാനുള്ള ആകാംക്ഷയിലാണ് ലോകമെങ്ങുമുള്ള ഭാരതീയർ. 
1993 ന് ശേഷം ഒരു പാർട്ടിക്കും ഭരണ തുടർച്ച നൽകാത്ത സംസ്ഥാനമാണ് രാജസ്ഥാൻ. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങൾക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇത്തവണ വൻ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വിജയിക്കുകയെന്നാണ് സർവേ ഫലങ്ങളെല്ലാം സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം കോൺഗ്രസിന് ഭരണം അങ്ങനെ വിട്ടുകൊടുക്കാൻ ബിജെപി തയ്യാറല്ല. അവസാന ലാപ്പിൽ വിജയിക്കാൻ ഉറപ്പിക്കേണ്ടതെല്ലാം ചെയ്തു കഴിഞ്ഞെന്നാണ് അമിത് ഷാ വെളുപ്പെടുത്തിയത്. സംസ്ഥാനം ബിജെപിയുടെ കൈയിൽ തന്നെയെത്തുമെന്നും അമിത് ഷാ അവകാശപ്പെടുന്നു. 
അനായാസ വിജയമായിരുന്നു കഴിഞ്ഞ തവണ രാജസ്ഥാനിൽ ബിജെപി നേടിയത്. 200 സീറ്റിൽ 163 സീറ്റുകൾ നേടി എളുപ്പത്തിൽ ബിജെപി ജയിച്ചു കയറി. 96 സീറ്റുമായി അധികാരത്തിലിരുന്ന കോൺഗ്രസ് 21 സീറ്റിൽ ഒതുങ്ങി. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സർക്കാറിനെതിരെ ഉയരുന്നത്. തൊഴിലില്ലായ്മയും പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളും ഉയർത്തിക്കാട്ടി സർക്കാറിനെതിരെ ന്യൂനപക്ഷങ്ങളും യുവാക്കളും അണി നിരന്നിരുന്നു. 2019 ൽ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്താൻ രാജസ്ഥാൻ നിർണായകമാണെന്നിരിക്കേ പാട്ടുംപാടി ജയിക്കാമെന്ന കോൺഗ്രസിന്റെ  മോഹത്തിന് തടയിടാനുള്ള നീക്കത്തിലാണ്  ബിജെപി അധ്യക്ഷൻ അമിത് ഷാ. തുടക്കത്തിൽ വന്ന സർവേകളിൽ കോൺഗ്രസിന് അനുകൂലമായാണ് കാറ്റ് വീശുന്നത് എന്നായിരുന്നു സൂചന. ഏറ്റവുമൊടുവിൽ  പുറത്തു വന്ന ഇന്ത്യാ ടുഡേ സർവേയിൽ മാത്രം ഭരണ തുടർച്ച ആഗ്രഹിക്കുന്നുണ്ടെന്ന സൂചന കണ്ടു. ഇതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥിമാരാണ് കോൺഗ്രസിൽ ഉള്ളതെന്ന ബിജെപിയുടെ പരിഹാസം കോൺഗ്രസിന് ഗുണകരമാവുകയാണ് ചെയ്തത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വസുന്ധര രാജെയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ കോൺഗ്രസിന് വിജയ പ്രതീക്ഷ ഒട്ടുമില്ലാത്ത സംസ്ഥാനമായിരുന്നു തെലങ്കാന. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി തിളങ്ങി നിൽക്കുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് ആരവം മുഴങ്ങിയത്. നിയമസഭ നേരത്തെ പിരിച്ചുവിട്ട് സാഹചര്യം മുതലെടുക്കാനായിരുന്നു ചന്ദ്രശേഖര റാവുവിന്റെ ശ്രമം. എന്നാൽ എല്ലാ മോഹവും പൊലിഞ്ഞത് കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രത്തിന് മുന്നിലാണ്. കോൺഗ്രസ് ബദ്ധവൈരികളായ ടിഡിപിയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിന് അങ്കം കുറിച്ചു. ഈ സഖ്യം കോൺഗ്രസിന് മികച്ച മുന്നേറ്റത്തിന് കളമൊരുക്കിയെന്നാണ് ഹൈദരാബാദിൽ നിന്നുള്ള വിശേഷം. കോൺഗ്രസ് സഖ്യത്തെ പ്രജാകൂട്ടമി എന്നാണ് വിളിക്കുന്നത്. ഈ സഖ്യത്തിന് ജനങ്ങൾക്കിടയിൽ മികച്ച സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. 
ഉത്തർ പ്രദേശിലെ രാഷ്ട്രീയ സാഹചര്യത്തിന് സമാനമാണ് തെലങ്കാനയിലെ ചില കാര്യങ്ങൾ. കഴിഞ്ഞ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ യുപിയിൽ എസ്പിയും ബിഎസ്പിയും ഒന്നിച്ച പോലെയാണ് തെലങ്കാനയിൽ കോൺഗ്രസും ടിഡിപിയും ഒന്നിച്ചത്. രണ്ടിടത്തും വൈരം മറന്നുള്ള കൂടിച്ചേരലായിരുന്നു. 35 വർഷമായി ആന്ധ്രയിൽ കോൺഗ്രസും ടിഡിപിയും വിരുദ്ധ പക്ഷത്താണ്. ഇരുപാർട്ടികളും കൊമ്പുകോർത്താണ് മുന്നോട്ട് പോയിട്ടുള്ളത്. ഒരുവേളയിൽ ടിഡിപി ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കുകയും ചെയ്തു. കോൺഗ്രസിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാപിതാവ് എൻടി രാമറാവു ടിഡിപി രൂപീകരിച്ചത്. ഇതെല്ലാം വിസ്മരിച്ചാണ്  ഇരു പാർട്ടികളും പുതിയ സഖ്യമുണ്ടാക്കിയത്. ദക്ഷിണേന്ത്യയിൽ കർണാടകയിലും പുതുച്ചേരിയിലും മാത്രം ഭരണമുള്ള കോൺഗ്രസിനെ സംബന്ധിച്ച് തെലങ്കാന ഭരണം പിടിച്ചാൽ വൻ നേട്ടമാകും. നിഷ്പ്രയാസം വിജയിച്ചു വരാമെന്ന് കണക്ക് കൂട്ടിയാണ് അടുത്ത വർഷം നടക്കേണ്ട തെരഞ്ഞെടുപ്പ് ഭരണപക്ഷമായ ടി.ആർ.എസ് നേരത്തെ ആക്കിയത്. 
കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി തെലങ്കാന കേന്ദ്രീകരിച്ചാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു വരുന്നത്. തെലങ്കാന കോൺഗ്രസ് സഖ്യം പിടിച്ചാൽ അത് ഉമ്മൻ ചാണ്ടിയുടെ കൂടി നേട്ടമായി മാറും. പ്രാദേശിക വികാരം ഒടുവിൽ പാർട്ടിയെ തുണക്കുമെന്നും ഭരണം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് ടി.ആർ.എസ്.
പ്രതിപക്ഷ ഐക്യത്തിനുള്ള പുതിയ നീക്കം തമിഴ്‌നാട്ടിൽ നിന്ന് ആരംഭിക്കുമെന്നാണ് പുതിയ സൂചന. സോണിയയും രാഹുലും അടുത്ത ദിവസം  ചെന്നൈയിലെത്തും. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും എത്തുന്നുണ്ട്. കർണാടകയിൽ നിന്നുള്ളവരും ഇതിന്റെ ഭാഗമാകും. ഡിസംബർ പത്തിന് പ്രതിപക്ഷ  യോഗം നടക്കാനിരിക്കേയാണ് ഇത്തരമൊരു നീക്കം കോൺഗ്രസ് നടത്തുന്നത്. ദക്ഷിണേന്ത്യ ബിജെപിക്ക് ഇതുവരെ കീഴടക്കാൻ സാധിക്കാത്തതിൽ ഓരോ നീക്കവും വിലയേറിയതാണെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.  ഇക്കാര്യം രാഹുൽ സോണിയയെ ബോധ്യപ്പെടുത്തിയതു കൊണ്ടാണ് അവരും രംഗത്തിറങ്ങിയത്. 
ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ദൽഹിയിലേക്ക് അടുത്ത ദിവസം എത്തുന്നുണ്ട്. സോണിയാ ഗാന്ധിയെയും രാഹുലിനെയും ഒരു ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടിയാണിത്. കരുണാനിധിയുടെ പ്രതിമ ചെന്നൈയിൽ അനാഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് വരവ്. ഈ ചടങ്ങിൽ മറ്റു പ്രമുഖ പാർട്ടികളും പങ്കെടുക്കും.
 ദക്ഷിണേന്ത്യയിലെ എല്ലാ പ്രാദേശിക കക്ഷികളെയും ഒന്നിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. കർണാടകയിൽ ജെഡിഎസും  തമിഴ്‌നാട്ടിൽ ഡിഎംകെയും, ആന്ധ്ര പ്രദേശിൽ ചന്ദ്രബാബു നായിഡുവും ഒന്നിച്ച് നിൽക്കുന്നത് മതേതര സഖ്യത്തിന് കരുത്ത് പകരും. ഹിന്ദി ഹൃദയ ഭൂമിയിൽ എസ്പിയും ബിഎസ്പിയും കോൺഗ്രസിനെ ഒഴിവാക്കിയിരിക്കുകയാണ്. യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കാനും ഇവർ തീരുമാനിച്ചു. അതുകൊണ്ട് ദക്ഷിണേന്ത്യയിലെ 130 സീറ്റുകൾ കോൺഗ്രസിന് പ്രധാനമാണ്. 
ഇത് കേന്ദ്രത്തിലെ അധികാരത്തെ നിർണയിക്കുന്ന ഘടകമാവും. തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പ്രതിസന്ധിയില്ല. 50 സീറ്റുകളാണ് ഈ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് ലക്ഷ്യമിടുന്നത്. 
സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയം നേടിയാൽ അത് രാഹുൽ നേതാവായി ഉയരുന്നതിന് കാരണമാകും. 

Latest News