കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞു വീണു; ആരോഗ്യ നില തൃപ്തികരം

അഹ്മദ്നഗര്‍- മഹാരാഷ്ട്രയിലെ രാഹുരിയില്‍ കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങിനിടെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞു വീണു. ഉടന്‍ വൈദ്യം സഹായം നല്‍കി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചതായും ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. മഹാത്മാ ഫുലെ കൃഷി വിദ്യാപീഡ് അഗ്രികള്‍ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചായിരുന്നു സംഭവം. പരിപാടിയുടെ വിഡിയോ ദൃശ്യങ്ങളില്‍ ഗഡ്ഗരി അസ്വസ്ഥത പ്രകടിപ്പിച്ച് കുഴഞ്ഞു വീഴുന്ന രംഗങ്ങള്‍ കാണാം. ഉടന്‍ തന്നെ തൊട്ടടുത്തുണ്ടായിരുന്നവര്‍ താങ്ങിപ്പിടിച്ചു ഇരുത്തി. പരിപാടിക്കിടെ ദേശീയ ഗാനം ആലപിക്കുന്നതിനിടെയാണ് സംഭവം. മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വി റാവുവും മറ്റുള്ളവരും ചേര്‍ന്നാണ് ഗഡ്കരിയെ സഹായിക്കാനെത്തിയത്. ഉടന്‍ സ്വകാര്യ വിമാനത്തില്‍ നാഗ്പൂരിലെത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. കടുത്ത ചൂടും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതും കാരണമാണ് കുഴഞ്ഞു വീണതെന്ന് ഗഡ്കരി പിന്നീട് ട്വീറ്റ് ചെയ്തു. ഡോക്ടര്‍മാരുടെ സഹായം ലഭിച്ചുവെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News