കെ. സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്

കൊച്ചി- ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിനെത്തിയ 52 കാരിയായ തീർഥാടക ലളിതയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും രണ്ടു പേരുടെ ആൾജാമ്യം വേണമെന്നും ഉപാധിയുണ്ട്. പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കണം.  23 ദിവസം മുമ്പാണ് കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. സുരേന്ദ്രൻ ഏറെ കരുത്തനായാണ് തിരിച്ചുവരുന്നതെന്നും അദ്ദേഹത്തിന്റെ ജനപിന്തുണ കൂടിയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.  ശബരിമലയിൽ എത്തുന്ന തീർഥാടകരായ സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ കെ.സുരേന്ദ്രന് ആര് അധികാരം നൽകിയെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. പ്രതി എന്തിനാണ് ശബരിമലയിൽ പോയതെന്ന് കോടതി ചോദിച്ചു. തന്റെ ഭരണഘടനാ അവകാശം ലംഘിക്കപ്പെട്ടു എന്ന് പ്രതി പറയുമ്പോൾ സമരക്കാർ തടഞ്ഞ തീർഥാടകയ്ക്കും ഭരണഘടനാ അവകാശമുണ്ടെന്ന് കോടതി ഓർമിപ്പിച്ചിരുന്നു.
ശബരിമലയിലും മറ്റിടങ്ങളിലും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ശബരിമലയിലെത്തിയ തീർഥാടകയെ തടയാൻ പ്രതി ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റുകൾ ഇതിനു തെളിവാണെന്നു വാദിച്ച പ്രോസിക്യൂഷൻ സുരേന്ദ്രന്റെ ഫേസ്ബുക്ക് വിശദാംശങ്ങൾ കോടതിക്കു കൈമാറി. ലളിതയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയുമായിട്ടാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ ബന്ധപ്പെട്ടത്. ശബരിമലയിൽ എ.ഡി.ജി.പിയായി വത്സൻ തില്ലങ്കേരിയും ഐ.ജിയായി സുരേന്ദ്രൻജിയും ചുമതലയേറ്റിട്ടുണ്ടെന്ന് ഫേസ്ബുക്കിൽ പരാമർശമുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ ആൾക്കൂട്ട അതിക്രമത്തിന് സുരേന്ദ്രൻ നേതൃത്വം നൽകി. രാഷ്ട്രീയ അജണ്ട നടപ്പാക്കലായിരുന്നു ലക്ഷ്യം. സംഘർഷത്തിന് നേതൃത്വം നൽകാൻ നേതാക്കൾക്ക് ചുമതല നൽകി സർക്കുലർ പുറപ്പെടുവിച്ചു എന്നും മറ്റിടങ്ങളിൽ അതിക്രമത്തിന് പ്രേരിപ്പിച്ചു എന്നും നിയമം കയ്യിലെടുത്തു എന്നും സുരേന്ദ്രനെതിരെ എട്ട് കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജയിൽ മോചിതനായി എത്തുന്ന സുരേന്ദ്രന് ബി.ജെ.പി സ്വീകരണം ഒരുക്കിയിട്ടുണ്ട്.
 

Latest News