Sorry, you need to enable JavaScript to visit this website.

ജെറ്റ് എയര്‍വേയ്‌സിനെ യൂസഫലി രക്ഷിക്കുമോ? നിക്ഷേപം തേടി ലുലു ഗ്രൂപ്പിനെ സമീപിച്ചു

മുംബൈ- വന്‍ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഇന്ത്യയിലെ മുന്‍നിര സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സിലേക്ക് പുതിയ നിക്ഷേപം തേടി ഉടമ നരേഷ് ഗോയല്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം.എ യൂസഫലിയെ സമീപിച്ചതായി റിപോര്‍ട്ട്. ജെറ്റ് എയര്‍വേയ്‌സില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള അബുദബിയുടെ വിമാന കമ്പനിയായ ഇത്തിഹാദുമായി  കൂടുതല്‍ നിക്ഷേപത്തിന് ഗോയല്‍ ചര്‍ച്ച നടത്തി വരികയാണ്. 49 ശതമാനം വരെ ആയി വര്‍ധിപ്പിക്കാനാണ് ഗോയല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളും കമ്പനി നിയന്ത്രണവും ഇന്ത്യക്കാരുടെ ഉടമസ്ഥതയില്‍ തന്നെയാകണമെന്ന നിബന്ധന പാലിക്കാന്‍ ഗോയലിന് ഒരു ഇന്ത്യന്‍ നിക്ഷേപകനെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് അബുദബി ആസ്ഥാനമായ ലുലു ഗ്രൂപ്പിനേയും ഗോയല്‍ സമീപിച്ചത്. 

അറബ് ലോകത്തെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനാണ് യൂസഫലി. അബുദബി ഭരണകൂടവുമായി ഏറെ അടുപ്പമുള്ള യുസഫലി ഇത്തിഹാദിനൊപ്പം ജെറ്റ് എയര്‍വേയ്‌സില്‍ ഓഹരി പങ്കാളി ആയേക്കുമെന്നാണ് സൂചനയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. ഇത് ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കുന്നതിന് ഇത്തിഹാദും യൂസഫലിയും തമ്മിലുള്ള ഇടപാടായിരിക്കും. ഇത്തിഹാദും ഗോയലുമായുള്ള കരാറിന്റെ പശ്ചാത്തലത്തിലാണ് ഇതിനേയും കാണേണ്ടതെന്നും ചര്‍ച്ചകളുമായി ബന്ധമുള്ള വ്യക്തിയെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു.

അഞ്ചു വര്‍ഷം മുമ്പാണ് അബുദബി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇത്തിഹാദ് 380 ദശലക്ഷം ഡോളര്‍ ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപിച്ചത്. ഇതിനു ശേഷം ഇരു കമ്പനികളും തമ്മില്‍ തണുപ്പന്‍ ബന്ധമാണ് ഉണ്ടായിരുന്നത്. ജെറ്റ് എയര്‍വേയ്‌സ് അടച്ചു പൂട്ടരുതെന്നാണ് ഇത്തിഹാദിന്റെ നിലപാട്. ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കാന്‍ ടാറ്റയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

Related Story
ജെറ്റ് പ്രതിസന്ധി ഗുരുതരം; രക്ഷാ മാര്‍ഗം തേടി ഇത്തിഹാദ്

പത്തു ദിവസം മുമ്പാണ് ഗോയല്‍ യുസഫലിയെ വിളിച്ച് വിശദമായി ചര്‍ച്ച നടത്തിയതെന്ന് പുതിയ നീക്കങ്ങളുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ വന്‍തോതില്‍ പണം നഷ്ടമാകുന്ന ഒരു വ്യവസായ മേഖലയില്‍ നിക്ഷേപമിറക്കുന്നതില്‍ യൂസുഫലിക്ക് വിമുഖതയുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.

മുന്‍നിര വ്യവസായി എന്നതിനു പുറമെ ഏവിയേഷന്‍ രംഗത്ത് യൂസഫലിയുടെ പങ്കും ഗള്‍ഫുമായുള്ള ബന്ധവുമാണ് ഗോയലിനെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം തേടാന്‍ പ്രേരിപ്പിച്ചത്. ഗള്‍ഫിലേക്ക് ആദ്യമായി വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വീസ് തുടങ്ങിയ ജെറ്റിന് കേരള-ഗള്‍ഫ് മാര്‍ക്കറ്റില്‍ സ്വീകാര്യതയുമുണ്ട്. 2010 മുതല്‍ 2013 വരെ യൂസഫലി എയര്‍ ഇന്ത്യയുടെ ബോര്‍ഡില്‍ അംഗമായിരുന്നു. ഇതിനു പുറമെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പുതുതായി തുറക്കുന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ കമ്പനികളിലും യുസഫലിക്ക് വലിയ ഓഹരി പങ്കാളിത്തമുണ്ട്. 

അതേസമയം യൂസഫലിയെ സമീപിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ജെറ്റ് എയര്‍വേയ്‌സ് തയാറായില്ല. ഊഹാപോഹങ്ങളെ കുറിച്ച് പ്രതികരിക്കില്ലെന്ന് ജെറ്റ് വ്യക്തമാക്കി. യൂസഫലിയും പ്രതികൂലമായാണ് പ്രതികരിച്ചത്. തനിക്ക് വിമാനക്കമ്പനി വാങ്ങാന്‍ താല്‍പര്യമില്ലെന്നും ശ്രദ്ധ കമ്പനിയുടെ പ്രധാന മേഖലകളായ റിട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി രംഗങ്ങളില്‍ തന്നെയാണെന്നും ഈ മേഖലകളില്‍ ഇനിയും നിക്ഷേപമിറക്കുമെന്നും യുസഫലി വ്യക്തമാക്കി.
 

Latest News