Sorry, you need to enable JavaScript to visit this website.

ഡോ.ജലീലിന്റെ ബില്ലും  മന്ത്രി ബാലന്റെ മതപഠന ക്ലാസും

തിരുവനന്തപുരം- മന്ത്രി ഡോ. കെ.ടി.ജലീൽ ബില്ലവതരണത്തിനായി എഴുന്നേറ്റില്ല, അതിന് മുമ്പെ ഉയർന്നു പ്രതിപക്ഷത്തിന്റെ കൊച്ചാപ്പ വിളി. ബന്ധു നിയമന വിവാദത്തിൽപെട്ട ജലീലിനെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായിരുന്നു ആദർശത്തിൻ മൂത്താപ്പയും, സ്വന്തം കാര്യത്തിലെ കൊച്ചാപ്പയുമെല്ലാം ചേർത്തുള്ള  മുദ്രാവാക്യവും കോലാഹലങ്ങളും. കോഴിക്കോട് സർവകലാശാലയുമായി ബന്ധപ്പെട്ട് ജലീൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ അംഗങ്ങൾ കീറിയെറിയുന്നതും   ബഹളവുമൊക്കെ കണ്ടങ്ങനെ ഇരുന്നു പോയ ജലീലിനോട് സ്പീക്കർ പി.രാമകൃഷ്ണന്റെ നിർദ്ദേശം  അങ്ങ് ഇങ്ങനെ കാഴ്ച കണ്ടിരിക്കാതെ ബില്ലവവതരിപ്പിക്കൂ... ബിൽ ചർച്ചയിൽ പ്രതിപക്ഷമില്ലാത്തതിന്റെ ക്ഷീണം തീർത്തത് സി.പി.എമ്മിലെ പ്രൊഫ.അരുണൻ മാസ്റ്ററാണ്. വിദ്യാഭ്യാസ കാര്യങ്ങളിലൊക്കെയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ, ചോദ്യോത്തരമായും അല്ലാതെയും ചർച്ച ഘട്ടത്തിൽ നിറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരിക്കുന്ന വിദ്യാഭ്യാസ രീതി വേണമെന്ന നിലപാടുള്ള സി.പി.എമ്മിലെ പ്രദീപ്കുമാർ അക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ, അധ്യാപകൻ, അധ്യാപകനാണെങ്കിൽ ഇടകലർന്നുള്ള പീനമല്ല ഏത് രീതിയുമാകാമെന്ന് അരുണന്റെ കമ്യൂണിസ്റ്റ് ധൈര്യം. അതിലിടക്ക് അങ്ങയ്ക്ക് വി.സിയായിക്കൂടേ എന്ന് മറ്റൊരു പ്രകോപന ചോദ്യം.  

 മന്ത്രി എ.കെ ബാലൻ ഇന്നലെ ലീഗ് അംഗങ്ങൾക്ക് നല്ലൊരു മത ക്ലാസെടുത്തു. കേരള പോലീസ് ഭേദഗതി ബിൽ ചർച്ചക്ക് മറുപടി പറയവേയാണ് ബാലൻ ലീഗംഗങ്ങളുടെ വിശ്വാസ കാര്യത്തിലെ നല്ല ഉപദേശകനായത്. കേരളത്തിൽ നടക്കുന്ന ശബരിമല പ്രക്ഷോഭത്തിലൊക്കെ ഏകദൈവ വിശ്വാസികളും, വിഗ്രഹാരാധനാ വിരോധികളുമായ നിങ്ങൾ എന്തിന് ഇടപെടുന്നു? എന്നായിരുന്നു ബാലന്റെ ചോദ്യം. ഇതു കേട്ട കോൺഗ്രസ് അംഗം വി.ഡി.സതീശൻ ക്ഷുഭിതനായി. ഏകദൈവ വിശ്വാസികളായ ആളുകൾ ബ ഹുദൈവ വിശ്വാസികളൂടെ കാര്യം പറയരുത് എന്നൊക്കെ ഒരു ബഹുസ്വര സമൂഹത്തിെൽ ജീവിക്കുന്ന ആളുകൾ വാദിക്കുന്നത് പോലെ അപകടകരമായ നിലപാടില്ലെന്നായിരുന്നു സതീശിന്റെ ക്രമപ്രശ്‌നം. ഇക്കാര്യം  പരിശോധിക്കാമെന്ന് സ്പീക്കറുടെ ഉറപ്പ്. ഈ വിഷയത്തിൽ ഇടപെടാനുള്ള ലീഗ് അംഗം കെ.എൻ.എ ഖാദറിന്റെ ശ്രമം വിജയിച്ചില്ല. തങ്ങളൊരുക്കുന്ന വനിതാ മതിൽ കണ്ട് നിങ്ങൾ ഞെട്ടും. അമ്പത് ലക്ഷം വനിതകളാണ് അണി നിരക്കാൻ പോകുന്നത് -മന്ത്രി ബാലൻ ആവേശഭരിതനായപ്പോൾ, ഇത്ര മാത്രം വനിതാ സ്‌നേഹമുള്ള നിങ്ങളെന്തേ കെ.ആർ.ഗൗരി അമ്മയേയും, സുശീലാ ഗോപാലനേയും മുഖ്യമന്ത്രിയാക്കാതെ ചതിച്ചു എന്ന് ലീഗിലെ പി.കെ.ബഷീറിന്റെ ചോദ്യം. ഡി.ജി.പി ബെഹറയുമായി ബന്ധപ്പെടുത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവനയെ വൃത്തികെട്ടത് എന്നാണ് മന്ത്രി ബാലൻ വിശേഷിപ്പിച്ചത്. ആ പ്രസ്താവന വെച്ച് മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാൻ ധൈര്യമുണ്ടോ എന്ന് തിരുവഞ്ചൂരിന്റെ വെല്ലുവിളി. കേസൊക്കെ വരും നോക്കിക്കോ എന്ന് ട്രഷറി ബെഞ്ച് വെല്ലുവിളി സ്വീകരിച്ചത് കണ്ടപ്പോൾ മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവനയെ തുടർന്നുള്ള രാഷ്ട്രീയ പോര് അടങ്ങില്ലെന്ന് ബോധ്യമായി. ഇസ്‌റത്ത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ നരേന്ദ്ര മോഡിയെയും, അമിത് ഷായെയും സഹായിച്ചതിന്റെ പ്രത്യുപകാരമാണ് ബെഹ്‌റയുടെ ഡി.ജി.പി സ്ഥാനം എന്ന വാദമാണ് കോടതി കയറാൻ പോകുന്നത്. 

ബെഹ്‌റ വിരുദ്ധതയുടെ കാര്യത്തിൽ എന്തായാലും പി.സി.ജോർജ് മുല്ലപ്പള്ളിയുടെ നിലപാടിനൊപ്പമുണ്ട്. എന്താണെന്നറിയില്ല അത്രക്ക് ദേഷ്യമുണ്ട് ബെഹ്‌റയോട് പി.സിക്ക്. മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ പുറത്തിറക്കിയ സർക്കുലർ 'കടക്കൂ പുറത്ത്' എന്ന മുഖ്യമന്ത്രിയുടെ വാക്കുകളുടെ ആകെത്തുകയാണെന്ന് പ്രതിപക്ഷത്തിന് ഉറപ്പാണ്. ഇക്കാര്യത്തിൽ അടിമുടി മാധ്യമങ്ങൾക്കൊപ്പം നിൽക്കും. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ ലംഘനവും നടത്തും. അടിയന്തര പ്രമേയം അനുവദിക്കണമെന്ന ആവശ്യം സ്പീക്കർ തള്ളിയതിനെ തുടർന്ന് ഇറങ്ങിപ്പോകും മുമ്പ് നടത്തിയ പ്രസ്താവനയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട് പ്രഖ്യാപനം. ശബരിമലയിൽ സ്ത്രീ പ്രവേശമാകാം എന്ന് സ്ഥാപിച്ചെടുക്കാനായി 1999ൽ ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ ഒരു പ്രമുഖ പത്രത്തിലെഴുതിയ ലേഖനം വള്ളി പുള്ളി വിടാതെ മന്ത്രി കടകംപള്ളി സഭയിൽ വായിച്ചപ്പോൾ, ഒരു പ്രതികരണവുമില്ലാതെ ഒ.രാജഗോപാൽ ചിരിച്ചു, ചിരിച്ചങ്ങനെ ഇരിക്കുകയായിരുന്നു. തന്ത്രിമാർ ദേവസ്വം ബോർഡ് ജീവനക്കാർ മാത്രമാണെന്നും ബോർഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാൻ അവകാശമുണ്ടെന്നു മുള്ള മന്ത്രി കടകംപള്ളിയുടെ പ്രഖ്യാപനവും മറ്റൊരു പ്രകോപനമായിരുന്നു. 
ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ വ്യാജ പ്രചാരണങ്ങൾക്കും മന്ത്രി തെളിവും രേഖകളും വെച്ച്  മറുപടി നൽകി.
---
 

Latest News