Sorry, you need to enable JavaScript to visit this website.

സൗദിയിൽ നൂറു കോടിയുടെ മ്യൂസിയം പദ്ധതികൾ നടപ്പാക്കുന്നു

റിയാദ്- വ്യത്യസ്ത പ്രവിശ്യകളിൽ നൂറു കോടി റിയാലിന്റെ മ്യൂസിയം, പൈതൃക പദ്ധതികൾ നടപ്പാക്കുന്നതിന് ആരംഭിച്ചതായി സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് അറിയിച്ചു. ടൂറിസം, ദേശീയ പൈതൃക വകുപ്പ് നടപ്പാക്കുന്ന, സാംസ്‌കാരിക പൈതൃക പരിചരണത്തിനുള്ള കിംഗ് സൽമാൻ പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. കിംഗ് സൽമാൻ സാംസ്‌കാരിക, പൈതൃക പരിചരണ പദ്ധതിയുടെ ഭാഗമായി പുരാവസ്തു സംരക്ഷണം, മ്യൂസിയങ്ങൾ, ഇസ്‌ലാമിക് ചരിത്ര കേന്ദ്രങ്ങളുടെ സംരക്ഷണം, അർബൻ ഹെരിറ്റേജ്, കരകൗശല വസ്തുക്കൾ എന്നിവ അടക്കമുള്ള മേഖലകളിൽ ആകെ 230 പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 
പുതിയ പദ്ധതിയുടെ ഭാഗമായി 12 മ്യൂസിയങ്ങൾ സ്ഥാപിക്കുമെന്ന് കിംഗ് സൽമാൻ സാംസ്‌കാരിക, പൈതൃക പരിചരണ പദ്ധതി എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുറഹ്മാൻ അൽജസാസ് പറഞ്ഞു. ഇതിന് 60 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. നാഷണൽ മ്യൂസിയം വികസന പദ്ധതിയുടെ ആദ്യ ഘട്ടവും നടപ്പാക്കും. ഇതിന് 25 കോടി റിയാൽ ചെലവ് കണക്കാക്കുന്നു. മദീന മ്യൂസിയം (ഹിജാസ് റെയിൽവെ) വികസന പദ്ധതി അഞ്ചര കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കും. ഇവക്കു പുറമെ 200 സ്വകാര്യ മ്യൂസിയങ്ങൾക്ക് ലൈസൻസ് അനുവദിക്കുകയും സ്വകാര്യ മ്യൂസിയങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള ഏതാനും പദ്ധതികൾ നടപ്പാക്കുകയും ചെയ്യും. 
ഓപൺ മ്യൂസിയങ്ങളാക്കി മാറ്റുന്നതിന് പൈതൃക കേന്ദ്രങ്ങൾ പുനരുദ്ധരിക്കുന്നുണ്ട്. അൽജൗഫ് പ്രവിശ്യയിലെ ദൗമത്തുൽ ജന്ദലിലെ പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണം പൂർത്തിയാകാറായിട്ടുണ്ട്. ഹായിൽ പ്രവിശ്യയിലെ ജുബ്ബ, ശുവൈമിസ് എന്നിവിടങ്ങളിലെ ശിലാചിത്ര പ്രദേശങ്ങളുടെ പുനരുദ്ധാരണവും വൈകാതെ പൂർത്തിയാകും. റിയാദ് പ്രവിശ്യയിൽ അൽഖർജിലെ സാഖി ഫർസാൻ, അൽ ഉയൈനയിലെ അഖ്‌റബാ, അബൽഖദ് പാത എന്നിവയുടെ പുനരുദ്ധാരണത്തിന് കരാറുകൾ നൽകിയിട്ടുണ്ട്. തബൂക്ക്, മദീന പ്രവിശ്യകളിലെ പുരാതന ഹജ് പാതയിലെ ഏതാനും കോട്ടകളുടെ പുനരുദ്ധാരണ ജോലികൾക്കുള്ള കരാറുകളും നൽകിയിട്ടുണ്ട്. മറ്റേതാനും പ്രവിശ്യകളിലെ പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തെ കുറിച്ച് പഠനങ്ങൾ നടത്തിവരികയാണ്. 
അൽബാഹ പ്രവിശ്യയിലെ ദീ അയ്ൻ ഗ്രാമത്തിലും അസീർ പ്രവിശ്യയിലെ രിജാൽ അൽമഇലും അൽഹസയിലും പൈതൃക ഗ്രാമങ്ങളുടെ പുനരുദ്ധാരണ ജോലികൾ പുരോഗമിക്കുകയാണ്. റിയാദ്, അൽഹസ, ബുറൈദ, ഉനൈസ, യാമ്പു, മദീന എന്നിവിടങ്ങളിൽ ഏഴു കരകൗശല സർഗാത്മകതാ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പെട്ട കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതിന് നീക്കമുണ്ട്. 2020 ഓടെ കരകൗശല സർഗാത്മകതാ കേന്ദ്രങ്ങളുടെ എണ്ണം 20 ആയി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അബ്ദുറഹ്മാൻ അൽജസാസ് പറഞ്ഞു. 


 

Latest News