Sorry, you need to enable JavaScript to visit this website.

എൻഡോസൾഫാൻ ദുരിത ബാധിതർ സെക്രട്ടറിയേറ്റിന് മുന്നിലും നിയമസഭാ കവാടത്തിലും സമരത്തിന് 

കാസർകോട് - എൻഡോസൾഫാൻ ദുരിത ബാധിതർ ഒരേ സമയം സെക്രട്ടറിയേറ്റിന് മുന്നിലും നിയമസഭാ കവാടത്തിലും സമരം ചെയ്യുന്നു. ഡിസംബർ പത്തിന് മനുഷ്യാവകാശ ദിനത്തിൽ ദുരിത ബാധിതരായ അമ്മമാരും കുട്ടികളും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുമ്പോൾ മറ്റുള്ളവർ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
സമര പരിപാടികൾ എസ് പി ഉദയകുമാർ, ദയാബായി എന്നിവർ ഉദ്ഘാടനം ചെയ്യും. ദുരിതം അനുഭവിക്കുന്ന പീഡിത ജനത വീണ്ടും പ്രക്ഷോഭം നടത്താൻ നിർബന്ധിതരാവുകയാണ്. സഹായിക്കാൻ ബാധ്യതപ്പെട്ടവരെല്ലാം രാഷ്ട്രീയ കാരണങ്ങളാൽ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതോടെ ഇതല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതായി. രാഷ്ട്രീയ പാർട്ടികളും സംഘടനകളും എൻഡോസൾഫാൻ ദുരിത ബാധിതരെ തിരിഞ്ഞുനോക്കുന്നില്ല. മുമ്പ് പ്രതിപക്ഷത്തിരുന്നു സഹായിച്ചവർ ഭരണപക്ഷത്തായപ്പോൾ അവരും അതിർത്തി വരക്കുന്നു. 487 കോടിയുടെ കേന്ദ്ര പാക്കേജ് വാങ്ങിയെടുക്കാൻ ആരും തയ്യാറാകുന്നില്ല. ദൽഹിയിൽ പോയി പ്രക്ഷോഭം നടത്താൻ ദുരിത ബാധിത കുടുംബങ്ങൾ അശക്തരാണ്. 
അതിനുള്ള ശേഷി പീഡിത ജനകീയ മുന്നണിക്കും ഇല്ല. സംസ്ഥാന സർക്കാർ കേന്ദ്ര സഹായം വാങ്ങിയെടുക്കാൻ മുന്നോട്ടു വന്നാൽ അതിനൊപ്പം ഞങ്ങളും നിൽക്കും. കേന്ദ്ര സർക്കാരിന് ധനസഹായം അനുവദിക്കാൻ ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. അതവർ നിർവ്വഹിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസ പദ്ധതികൾ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ ഒതുങ്ങുന്നു. ലിസ്റ്റിൽ വരുത്തുന്ന അട്ടിമറികൾ തുടരുകയും അർഹതപ്പെട്ട രോഗികളെ പട്ടികയിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്ന അധികൃതരുടെ നിലപാടിനെതിരെയാണ് ദുരിതബാധിതർ വീണ്ടും സമരം ചെയ്യുന്നത്. പട്ടിക അട്ടിമറിക്കാനും ഇരകളുടെ എണ്ണം കുറച്ചു കാണിച്ചു സർക്കാറിന്റെ പ്രീതി നേടാനും ഉദ്യോഗസ്ഥ തലത്തിൽ വൻ ഗൂഢാലോചന നടക്കുന്നു. ഇതിന്റെ ഭാഗമായാണ് ലിസ്റ്റിൽ നിന്ന് 1000 ത്തോളം ഇരകളെ ഒഴിവാക്കാൻ നീക്കം നടന്നതെന്നും നേരത്തെ ആരോപണം ഉണ്ടായിരുന്നു. 2017 ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തിയ അർഹതയുള്ള 1905 പേരിൽ ഭൂരിഭാഗം പേരും ഇപ്പോഴും അധികൃതരുടെ ഇരട്ടത്താപ്പ് മൂലം ഇപ്പോഴും ലിസ്റ്റിൽ ഉൾപ്പെടാതെ പുറത്തു നിൽക്കുകയാണ്. ഈ പട്ടികയിൽ നിന്ന് 295 പേരെയാണ് എടുത്തിരുന്നത്. ഇതേ ചൊല്ലി പ്രശ്‌നമുണ്ടാക്കിയപ്പോൾ 77 പേരെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്താൻ അധികൃതർ തയ്യാറായി. മറ്റുള്ളവരെയൊന്നും പട്ടികയിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ നടപടി എടുക്കുന്നില്ലെന്ന് പറയുന്നു. 
നവംബർ 27 ന് നടന്ന എൻഡോസൾഫാൻ സെൽ യോഗത്തിൽ 287 രോഗികളുടെ ലിസ്റ്റ് മാത്രമായി ചുരുക്കി അവതരിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും അമ്മമാർ ഫെബ്രുവരി എട്ടിന് സമരം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡണ്ടുമാർ അടക്കം പങ്കെടുത്ത് ചർച്ച നടത്തിക്കൊണ്ട് 1618 പേരുടെ പട്ടിക തയ്യാറാക്കുമെന്ന് സെൽ ചെയർമാനായ മന്ത്രി ഇ. ചന്ദ്രശേഖരൻ സമരക്കാർക്ക് ഉറപ്പു നൽകിയെങ്കിലും നടന്നില്ല. 2017 ൽ തന്നെ പുറത്തു വന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണം. 
മൂന്ന് മാസം കൊണ്ട് നടപ്പിലാക്കണമെന്ന് പറഞ്ഞു പുറപ്പെടുവിച്ച വിധി ഒരു വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ചികിത്സാ സൗകര്യത്തിന്റെ അപര്യാപ്തതയും ദുരിത ബാധിതർ ഉന്നയിക്കുന്നു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ചികിത്സ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട് മംഗളുരുവിലെ ആശുപത്രികൾക്ക് നൽകാനുള്ള പണം സർക്കാർ നൽകാത്തതിനാൽ ഇപ്പോൾ ചികിത്സ നിഷേധിക്കുകയാണ് ഈ ആശുപത്രികൾ. എൻഡോസൾഫാൻ കേസുകൾ കൈകാര്യം ചെയ്യാൻ ട്രിബ്യൂണൽ  സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. സാമൂഹ്യ പ്രവർത്തക ദയാബായി, പ്രസിഡണ്ട് മുനീസ അമ്പലത്തറ, സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കെ ചന്ദ്രാവതി, അബ്ദുൾ ഖാദർ ചട്ടഞ്ചാൽ, പി ഷൈനി, സമീറ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
 

Latest News