Sorry, you need to enable JavaScript to visit this website.

സ്വദേശിവല്‍ക്കരണത്തിനു പുറമെ ഭീഷണിയായി റോബോട്ടുകളും

ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോവിലെ ഷിന്‍ ടോമി നഴ്‌സിംഗ് ഹോമില്‍ രോഗികളെ വ്യായാമം ചെയ്യിക്കുന്ന ഹ്യുമനോയിഡ് റോബോട്ട് പെപ്പെര്‍.

ദുബായ്- സ്വദേശിവല്‍ക്കരണം മാത്രമല്ല, സാങ്കേതിക രംഗത്തെ മുന്നേറ്റവും വരുംവര്‍ഷങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കുന്ന വിദേശികള്‍ക്ക് ഭീഷണിയാകുമെന്ന് ദുബായ് സമ്മിറ്റില്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.
പുതിയ ടെക്‌നോളജിക്കും കണ്ടുപിടിത്തങ്ങള്‍ക്കും മുന്നില്‍ ജീവനക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചത്.

നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സുമായിരിക്കും (ഐഒടി) ഭാവിയില്‍ വലിയ പങ്കുവഹിക്കുകയെന്ന് നോളജ് സമ്മിറ്റില്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഇത്തിസാലാത്ത് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ഖലീഫ ഹസ്സന്‍ അല്‍ ഫറ അല്‍ ശംസി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയെ ഇനി നിയന്ത്രിക്കുക റോബോട്ടുകളായിരിക്കും.സങ്കേതിക വിദ്യകളുടെ മാറ്റത്തിനനുസരിച്ച് പരിശീലനം നേടിയ വിദഗ്ധരെ ആയിരിക്കും ഇനി ആവശ്യം-അദ്ദേഹം പറഞ്ഞു.

അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവരുടെ ജോലികള്‍ അതിവേഗം റോബോട്ടുകള്‍ കൈയടക്കുമെന്നും സമീപ ഭാവിയില്‍തന്നെ ഈ മേഖലകളില്‍നിന്ന്  ഇത്തരം ഉദ്യോഗസ്ഥര്‍ അപ്രത്യക്ഷരാകുമെന്നും ടെക്‌സ്‌പോ ഗ്രൂപ്പ് ചെയര്‍മാന്‍ സര്‍ഫറാസ് ആലം പറഞ്ഞു.

മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം നോളജ് ഫൗണ്ടേഷന്‍, യൂത്ത് ആന്റ് ദ ഫ്യൂച്ചര്‍ ഓഫ് നോളജ് ഇക്കണോമി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച നോളജ് സമ്മിറ്റില്‍ വിവിധ രംഗങ്ങളിലെ നൂറിലേറെ വിദഗ്ധരാണ് പങ്കെടുക്കുന്നത്.

 

 

Latest News