Sorry, you need to enable JavaScript to visit this website.

വിദ്യാർഥികളെ കുരുതി  കൊടുക്കുന്ന കലാലയങ്ങൾ 

രാഖി കൃഷ്ണ

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ ഒന്നാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർഥി രാഖി കൃഷ്ണ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് സമൂഹ മനഃസാക്ഷിയെ നടുക്കിയ ദാരുണ സംഭവമാണ്. വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പേരിൽ രാജ്യത്ത് നടപ്പാക്കിവരുന്ന കച്ചവടവൽക്കരണത്തിന്റെ ഇരയാണ് ആ പെൺകുട്ടി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപകരും പരീക്ഷാ സ്‌ക്വാഡും കോളജ് അധികൃതരും ചേർന്ന് നടത്തിയ മാനസിക പീഡനത്തിന്റെയും അപമാനിക്കലിന്റെയും അനന്തരഫലമായിരുന്നു കടുത്ത നടപടിക്ക് പെൺകുട്ടിയെ നിർബന്ധിതമാക്കിയത്.
വിദ്യാഭ്യാസ മികവിന് സൈനിക മാതൃകയിലുള്ള അച്ചടക്ക നടപടി കൂടിയെ തീരൂവെന്ന മിഥ്യാധാരണയാണ് ദുരന്തത്തിലേക്ക് നയിച്ചത്. കോളജ് അധികൃതർ ആരോപിക്കുംവിധം വിദ്യാർഥിനി കോപ്പിയടിക്കാൻ മുതിർന്നിട്ടില്ലെന്ന് സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു. മരിച്ച വിദ്യാർഥിയുടെ മേൽവസ്ത്രത്തിൽ കാണപ്പെട്ട എഴുത്തും ഇന്നലെ നടന്ന പരീക്ഷയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പറയുന്നു. ഫാത്തിമ മാതാ നാഷണൽ കോളജ് ഉൾപ്പെടെ സ്വയംഭരണസ്വാശ്രയ കോളജുകളടക്കം വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങൾ വിജ്ഞാനത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും ഇരിപ്പിടങ്ങൾ എന്നതിനു പകരം ലാഭകേന്ദ്രങ്ങളാക്കി മാറ്റാൻ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി നടന്നുവരുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ രക്തസാക്ഷിയാണ് രാഖി കൃഷ്ണ. 
പാമ്പാടി നെഹ്‌റു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്ററിൽ കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ജിഷ്ണു പ്രണോയ് എന്ന വിദ്യാർഥിയുടെ ദുരൂഹ മരണത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കൊല്ലത്ത് ആവർത്തിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ രാഖികൃഷ്ണയുടെ മരണത്തിന് ഉത്തരവാദികളായ കോളജ് അധികൃതരടക്കം എല്ലാവരുടെയും പേരിൽ കൊലക്കുറ്റത്തിന് കേസെടുത്ത് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസും സംസ്ഥാന സർക്കാരും തയാറാവണം.
വിദ്യാഭ്യാസ മികവിന് വിദ്യാർഥികളുടെ ന്യായമായ സ്വാതന്ത്ര്യ അഭിവാഞ്ഛകളെയും സംഘടനാ സ്വാതന്ത്ര്യത്തെയും സർഗവാസനകളെയും അന്വേഷണ ത്വരയെയും അടിച്ചമർത്തുന്ന സൈന്യസമാനമായ അച്ചടക്ക വാഴ്ചയാണ് ഏതാണ്ടെല്ലാ സ്വകാര്യസ്വയംഭരണസ്വാശ്രയ കോളജുകളിലും നടന്നുവരുന്നത്. യുജിസിയടക്കം പൊതു ഖജനാവിനെ ആശ്രയിച്ചു നിലനിൽക്കുന്ന സർവകലാശാല അഫിലിയേറ്റഡ് കോളജുകൾക്കൊപ്പം സ്വാശ്രയ ലാഭകേന്ദ്രങ്ങളും ഒരേ മതിൽക്കെട്ടിനുള്ളിലും മേൽക്കൂരയ്ക്കുതാഴെയുമായി പ്രവർത്തിക്കുന്നു. അത് തികഞ്ഞ വിരോധാഭാസവും ആധുനിക വിദ്യാഭ്യാസ സങ്കൽപങ്ങൾക്ക് നിരക്കാത്തതുമായ ഉദാരീകരണകാല വൈകൃതമാണ്. 
വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യമായ തുല്യതാബോധത്തിന്റെ കടയ്ക്കലാണ് ഈ വൈകൃതം കത്തിവെക്കുന്നത്. 
ഉള്ളവനും ഇല്ലാത്തവനും ധീഷണാശാലിയും മരമണ്ടനുമെന്ന വിവേചനത്തെ ഊട്ടി ഉറപ്പിക്കുന്നതാണ് ഈ സമ്പ്രദായം. വിദ്യാഭ്യാസം കച്ചവടമാക്കി മാറ്റാനാഗ്രഹിക്കുന്നവർക്ക് പൊതുഖജനാവിന്റെ പിൻബലത്തിൽ നിലനിൽക്കുന്ന കാമ്പസുകളിൽ നിന്ന് വേറിട്ട് അത്തരം ലാഭകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ആരും തടസം നിൽക്കില്ല. അങ്ങനെയായാൽ പോലും അത്തരം ലാഭകേന്ദ്രങ്ങൾക്കും ബാധകമായ പൊതുനിയമ ചട്ടക്കൂടുകൾ കൂടിയെ തീരൂ. ഇപ്പോഴത്തെ സംഭവത്തിന്റെ പേരിൽ ശ്രദ്ധാകേന്ദ്രമായി മാറിയ ഫാത്തിമ മാതാ നാഷണൽ കോളജിനെപ്പറ്റിയും അവിടെ നിലനിൽക്കുന്ന അച്ചടക്ക വാഴ്ചയെപ്പറ്റിയും നടത്തുന്ന പ്രാഥമിക അന്വേഷണം അതൊരു ആധുനിക കലാശാലകാമ്പസാണൊ അതോ ദുർഗുണപരിഹാര പാഠശാലയാണൊ എന്ന ന്യായമായ സംശയം ആരിലും ജനിപ്പിക്കും. നമ്മുടെ കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന അല്ലെങ്കിൽ പാമ്പാടി നെഹ്‌റു കോളജിനു സമാനമായി വിദ്യാർഥികൾ ദുരൂഹ മരണത്തിന് ഇരയാക്കപ്പെടുന്ന ഇത്തരം സ്ഥാപനങ്ങൾ ഒരു ആധുനിക സമൂഹത്തിനും ഭൂഷണമല്ല. അവ നാടിന് അപമാനമാണ്.
കേരളത്തിലെ കലാശാലകളെന്നു മാത്രമല്ല ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും സമാനമായ ദുരന്തങ്ങൾ ആവർത്തിച്ചുകൂട. വിദ്യാഭ്യാസത്തെപ്പറ്റി തികച്ചും പുരോഗമനാത്മക കാഴ്ചപ്പാടും ധാരണയും വച്ചുപുലർത്തുന്ന സർക്കാരിന്റെ സത്വര ശ്രദ്ധ ഈ മേഖലയിൽ പതിക്കേണ്ടിയിരിക്കുന്നു. 
സ്വംയഭരണ സ്വാശ്രയ സ്ഥാപനങ്ങളെന്നാൽ സെക്യൂരിറ്റി ഗാർഡുകളെന്ന ഓമനപ്പേരിൽ സ്വകാര്യ ഗുണ്ടാസംഘങ്ങളാൽ സംരക്ഷിക്കപ്പെടുന്ന സ്വതന്ത്ര റിപ്പബ്ലിക്കുകളായി മാറ്റാൻ വിദ്യാഭ്യാസ കച്ചവടക്കാരെ അനുവദിച്ചുകൂട. 
നെഹ്‌റു കോളജ് മുതൽ ഫാത്തിമ മാതാ വരെയുള്ള ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്വയംഭരണസ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെപ്പറ്റിയും അവിടങ്ങളിൽ നിലനിൽക്കുന്ന അച്ചടക്ക രാജിനെപ്പറ്റിയും പഠിക്കാനും അവയെ വായുവും വെളിച്ചവും കടക്കുന്ന സ്വാതന്ത്ര്യത്തിന്റെകൂടി കേന്ദ്രങ്ങളാക്കി മാറ്റാനും എന്തെന്ത് നടപടികൾ ആവശ്യമാണെന്നത് പഠനവിധേയമാക്കണം. ഫാത്തിമ മാതാ നാഷണൽ കോളജിലെ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടാൻ ഒരു കാരണവശാലും അനുവദിച്ചൂകൂടാ.

Latest News