ജിദ്ദ - ജിദ്ദയിലും മക്കയിലും തായിഫിലും അൽജൗഫിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ. ബുധനാഴ്ച രാവിലെയാണ് ജിദ്ദയിലും മക്കയിലും തായിഫിലും ശക്തമായ മഴ പെയ്തത്. വെള്ളം കയറിയതിനെ തുടർന്ന് ജിദ്ദയിൽ പ്രധാന അടിപ്പാതകളിൽ ഒന്നും പ്രധാന റോഡും രാവിലെ സുരക്ഷാ വകുപ്പുകൾ താൽക്കാലികമായി അടച്ചു. പ്രിൻസ് മാജിദ് സ്ട്രീറ്റും ഫലസ്തീൻ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റർസെക്ഷനിലെ അടിപ്പാതയും കിംഗ് അബ്ദുല്ല റോഡുമാണ് സുരക്ഷാ വകുപ്പുകൾ അടച്ചത്. നഗരത്തിൽ രാവിലെ പെയ്ത മഴയിൽ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും ജോലി സ്ഥലങ്ങളിലേക്കുള്ള സർക്കാർ ജീവനക്കാരുടെയും മറ്റും യാത്രകൾക്ക് റോഡുകളിലെ വെള്ളക്കെട്ടുകൾ പ്രതിബന്ധമായി. ജിദ്ദയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ നില വളരെ കുറവായിരുന്നു. വിദ്യാർഥികൾ കൂട്ടത്തോടെ സ്‌കൂളുകളിൽ നിന്ന് വിട്ടുനിന്നു.
ജിദ്ദയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബനീമാലിക്കിലാണ്. ഇവിടെ 34 മില്ലീമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. അൽവുറൂദ് ഡിസ്ട്രിക്ടിൽ 29.6 മില്ലീമീറ്ററും കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ 14.2 മില്ലീമീറ്ററും അൽറൗദ ഡിസ്ട്രിക്ടിൽ 10.8 മില്ലീമീറ്ററും അബ്ഹുറിൽ 9.6 മില്ലീമീറ്ററും മഴ ലഭിച്ചു.
മക്കയിലും തായിഫിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. ഇവിടങ്ങളിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.