Sorry, you need to enable JavaScript to visit this website.

പശുവിനെ കൊന്നവരെ പിടിക്കണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്; രണ്ട് മുസ്ലിം ബാലന്‍മാരേയും പ്രതിചേര്‍ത്തു

ലഖ്‌നൗ- ബുലന്ദ്ഷഹറില്‍ ഗോവധ അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ കലാപം വിലയിരുത്താന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന പോലീസ് ഇന്‍സ്‌പെക്ടറെ കുറിച്ച് കാര്യമായ പരാമര്‍ശമൊന്നുമുണ്ടായില്ല. പശുക്കളെ കൊലപ്പെത്തിവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് തീപ്പൊരി ഹിന്ദുത്വ നേതാവ് കൂടിയായ മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടത്. ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയവരെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും ഇവരെ പിടികൂടുന്നത് സംബന്ധിച്ച് യോഗത്തില്‍ ആദിത്യനാഥ് അല്‍പ്പം മാത്രമെ പറഞ്ഞുള്ളൂ. കലാപത്തിനു കാരണമായ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ പരിശോധിച്ച് അവയുടെ പ്രായ നിര്‍ണമയം നടത്തുമെന്ന് യോഗത്തില്‍ പോലീസ് ഉപമേധാവി അനന്ദ് കുമാര്‍ പറഞ്ഞു. ചത്ത പശുവിന്റെ ജഡം മറ്റെവിടെ നിന്നെങ്കിലും ഇവിടെ കൊണ്ടു വന്നിട്ട് സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇത് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന അന്വേഷണത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശുവിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ എത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു.

അതിനിടെ കലാപത്തിനു പിന്നിലെ മുഖ്യ പ്രതിയെന്ന് പറയപ്പെടുന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബ്ജറംഗ്ദള്‍ നേതാവ് യോഗേഷ് രാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു ബാലന്‍മാര്‍ ഉള്‍പ്പെടെ ഏഴു മുസ്ലിംകള്‍ക്കെതിരെ പോലീസ് കേസെടുത്തു. പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ യോഗേഷ് പരാതി നല്‍കിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവം ആസൂത്രണം ചെയ്‌തെന്ന കേസില്‍ മുഖ്യ പ്രതിയാണ് യോഗേഷ്. ഇയാളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ പരാതിയിലാണ് 11ഉം 12ഉം വയസ്സുള്ള കുട്ടികളെ പോലീസ് പിടികൂടി കൊണ്ടു പോയി മണിക്കൂറുകളോളം സ്റ്റേഷനില്‍ ചോദ്യം ചെയ്തത്. രണ്ടു കുട്ടികളും ബന്ധുക്കളാണ്.
1monmm1

എന്നാല്‍ പ്രദേശ വാസികള്‍ പറയുന്നത് ഇവര്‍ക്ക് സംഭവത്തില്‍ യൊതൊരു പങ്കുമില്ലെന്നാണ്. ഏഴുപേരില്‍ ഒരാള്‍ ഈ ഗ്രാമത്തില്‍ താമസിക്കുന്നയാളല്ല. മറ്റു മൂന്നാളുകളെ ഇതുവരെ കേട്ടിട്ടു പോലുമില്ലെന്നും പ്രദേശ വാസികള്‍ പറയുന്നു. പശുക്കളെ കശാപ ചെയ്‌തെന്ന കേസില്‍ കുട്ടികളെ പ്രതികളാക്കിയതില്‍ ഗ്രാമീണര്‍ ഞെട്ടിയിരിക്കുകയാണ്. സംഭവം നടക്കുന്ന ദിവസം കുട്ടികള്‍ ഈ ഗ്രാമത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു. പോലീസ് വീട്ടിലെത്തി ഞങ്ങളെ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു. നാലു മണിക്കൂറോളം ചോദ്യം ചെയ്താണ് വിട്ടയച്ചത്. ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും പറഞ്ഞിട്ടുണ്ട്- കുട്ടിയുടെ പിതാവ് പറഞ്ഞു. 

പ്രതികളായി ചേര്‍ത്തിട്ടുള്ളവരുടെ പങ്കിനെ കുറിച്ച് സൂചനകളൊന്നുമില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. ഒരാള്‍ പത്തു വര്‍ഷത്തോളമായി ഹരിയാനയിലെ ഫരീദാബാദിലാണ് താമസിക്കുന്നത്. അതേസമയം അന്വേഷണം നടത്തിയ ശേഷം മാത്രമെ അറസ്റ്റ് ഉണ്ടാകൂവെന്നാണ് പോലീസ് പറയുന്നത്. പരാതിയില്‍ പറയുന്നു പേരുകള്‍ പരിഗണിക്കണമെന്നത് തങ്ങളുടെ കടമയാണെന്നും കുട്ടികളെ പ്രതിചേര്‍ത്തതിനെപ്പറ്റി പോലീസ് പറഞ്ഞു.
 

Latest News