നിപ കണ്ടെത്തിയെന്ന പ്രചരണം തെറ്റെന്ന് ആരോഗ്യ മന്ത്രി; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം- സംസ്ഥാനത്ത് പുതുതായി ഒരിടത്തും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. പാലക്കാട് നിപ കണ്ടെത്തിയെന്ന പ്രചരണം തെറ്റാണെന്നും ഇതു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് മന്ത്രി പറയുന്നു
"നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാനത്ത് പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നിപ വൈറസ് ഉണ്ടായ സ്ഥിതിക്കാണ് ആരോഗ്യ വകുപ്പ് മുന്‍ കരുതലുകള്‍ എടുത്തത്. പാലക്കാട് ആശുപത്രിയില്‍ നിപ വൈറസ് കണ്ടെത്തിയെന്നും മറ്റുമുള്ള പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളിൽ നിന്നും പിന്‍മാറണം. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കുക. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്."

Latest News