ബുലന്ദ്ഷഹര്‍ കലാപത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് യുപി പോലീസ് മേധാവി

ലഖ്‌നൗ- ഗോവധ അഭ്യൂഹം പരത്തി ഹിന്ദുത്വ തീവ്രവാദികള്‍ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച അഴിച്ചു വിട്ട കലാപത്തിനും ആള്‍ക്കൂട്ട കൊലപാതകത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഉത്തര്‍ പ്രദേശ് പോലീസ് മേധാവി. ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായാണ് ഇതു സംബന്ധിച്ച് ഉത്തര്‍ പ്രദേശ് ഡി.ജി.പി ഓ.പി സിങ് പ്രതികരിക്കുന്നത്. നാനൂറോളം വരുന്ന അക്രമികള്‍ കൂട്ടമായി നടത്തിയ ആക്രമണത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങും 20കാരനായ ഒരു യുവാവും കൊല്ലപ്പെട്ടിരുന്നു. ഇന്‍സ്‌പെക്ടറെ കല്ലെറിഞ്ഞ് മര്‍ദിച്ചും തലയ്ക്ക് വെടിവയ്ച്ചുമാണ്  കൊലപ്പെടുത്തത്.

ബുലന്ദ്ഷഹറിലെ സംഭവത്തില്‍ വലിയ ഗൂഢാലോചനയുണ്ട്. ഇത് ഒരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങിനെയാണ് പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ ഇവിടെ എത്തിയത്? ആരാണ് ഇവിടെ കൊണ്ടു വന്നിട്ടത്, ഏത് സാഹചര്യത്തിലാണ് ഇതു ചെയ്തത് എന്നീ വിവരങ്ങള്‍ പുറത്തു വരാനുണ്ട്- ഒ.പി സിങ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ഏതാനും മാസങ്ങള്‍ക്കു മുമ്പ് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തിയ കലാപമാണോ ഇതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

കലാപത്തെ തുടര്‍ന്ന് സുരക്ഷ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അദ്ദേഹം പ്രധാനമായും പറഞ്ഞത് പശുക്കളെ കൊന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ്. ഇന്‍സ്‌പെക്ടര്‍ സുബോധ് സിങിന്റെ കൊലപാതകത്തെ കുറിച്ച് കാര്യമായൊന്നും അദ്ദേഹം പറഞ്ഞില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

കലാപത്തിനു പിന്നില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌റംഗ് ദള്‍, ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ട്. ഗോവധത്തെ കുറിച്ച് പരാതി നല്‍കുകയും കലാപത്തില്‍ നേരിട്ടെ പങ്കെടുക്കുകയും ചെയ്ത ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ആണ് കലാപക്കേസിലെ മുഖ്യപ്രതി.
 

Latest News