കരിപ്പൂർ- ആഹ്ളാദങ്ങളുടെ ആഘോഷങ്ങളുടെയും റൺവേയിൽ ഒടുവിൽ സൗദിയിൽനിന്നുള്ള വലിയ വിമാനം പറന്നിറങ്ങി. ഇന്ന് രാവിലെ 11.10നാണ് സൗദിയയുടെ എയർബസ് 330-300 വിമാനം കരിപ്പൂരിന്റെ നിലംതൊട്ടത്. മൂന്നരവർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു സൗദിയിൽനിന്നുള്ള സൗദിയയുടെ നേരിട്ടുള്ള വിമാനം കരിപ്പൂരിലെത്തിയത്. നിരവധി കോണുകളിൽനിന്നുള്ള ആവശ്യങ്ങളുടെ ഒടുവിലായിരുന്നു മ്ലാനത പരന്ന റൺവേയിൽ സന്തോഷത്തിരയടിപ്പിച്ച് വിമാനമിറങ്ങിയത്. ഇന്ന് രാവിലെ 11.10നായിരുന്നു സൗദിയ വിമാനമിറങ്ങിയത്. ഇന്ന് പുലർച്ച സൗദി സമയം മൂന്നിനാണ് ഈ വിമാനം ജിദ്ദയിൽനിന്ന് പുറപ്പെട്ടത്. ഏതാനും മിനിറ്റുകൾക്കകം വിമാനം ജിദ്ദയിലേക്ക് തിരികെ പോകും.
വലിയ വിമാനത്തെ സ്വീകരിക്കാനും ജിദ്ദയിലേക്കുള്ള ആദ്യസർവീസിനെ യാത്രയയക്കാനും നിരവധി പേരാണ് കരിപ്പൂർ പരിസരത്ത് എത്തിയിരുന്നത്. പുലർച്ചെയുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വിമാനജീവനക്കാർ ഹൃദ്യമായി യാത്രയയച്ചു.