കണ്ണൂർ-പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പറശ്ശിനിക്കടവിലെ ലോഡ്ജിൽ കൂട്ടബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ ഉന്നതരടക്കം പലർക്കും പങ്കെന്ന് സൂചന. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇരുപതിലേറെ പേർ പ്രതികളാവുമെന്നാണ് സൂചന. അതിനിടെ പ്രധാന പ്രതികൾ കസ്റ്റഡിയിലായതായാണ് വിവരം.
ഇന്നലെ രാവിലെ മുതലാണ് പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കാൻ തുടങ്ങിയത്. തുടർന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. തുടർന്ന് പെൺകുട്ടിയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കും വിധേയമാക്കി.
കഴിഞ്ഞ മാസം 26 നു പെൺകുട്ടിയുടെ സഹോദരനു വന്ന ഫോൺ കോളിലാണ് ഈ സംഭവങ്ങളുടെ തുടക്കം. സഹോദരിയുടെ നഗ്ന വീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കിൽ അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഫോണിലൂടെ ഭീഷണി മുഴക്കി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്താനായിരുന്നു നിർദേശം. 27 നു ഷൊർണൂരിലെത്തിയ സഹോദരനെ മൂന്നംഗ സംഘം മാരുതി കാറിൽ കയറ്റി അജ്ഞാത കേന്ദ്രത്തിലെത്തിച്ചു. വീഡിയോ കാണിച്ചപ്പോൾ കയർത്ത സഹോദരനെ മർദിച്ചവശനാക്കിയ ശേഷം ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. അടുത്ത ദിവസം നാട്ടിലെത്തിയ യുവാവ് സഹോദരിയോട് കാര്യങ്ങൾ തിരക്കുകയും തുടർന്ന് കണ്ണൂർ വനിതാ സെല്ലിൽ പരാതി നൽകുകയുമായിരുന്നു. പിന്നീടാണ് കഴിഞ്ഞ ദിവസം രാത്രി ഈ കേസ് തളിപ്പറമ്പ് പോലീസിനു കൈമാറിയത്. സിനിമാ - രാഷ്ട്രീയ മേഖലകളിലെ പലരും ഈ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇതിന്റെ വിവശദാംശങ്ങൾ പുറത്തു വരും.