ദമാം- കേവല രാഷ്ട്രീയക്കാരന്റെ കള്ളിയിൽ തളച്ചിടാനാവാത്ത വ്യക്തിത്വത്തിനുടമയാണ് യു.എ ബീരാൻ എന്ന മുൻ വിദ്യാഭ്യാസ മന്ത്രി. പത്രാധിപർ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തി കൈവരിച്ച ബീരാൻ സാഹിബ് രാഷ്ട്രീയ ധാർമികതയുടെ കൊടിയടയാളം ഉയർത്തിപ്പിടിച്ച നേതാവ് കൂടിയായിരുന്നു. അധികാര രാഷ്ട്രീയത്തിനു വേണ്ടി ആരുടെ മുമ്പിലും ശിരസ്സ് കുനിക്കാത്ത ആദർശവാദി. അദ്ദേഹത്തിന്റെ മകൻ യു.എ നസീർ, ഇന്ന് അമേരിക്കൻ മലയാളികൾക്കിടയിലെ അറിയപ്പെടുന്ന സംഘാടകനും ജീവകാരുണ്യ പ്രവർത്തകനും കെ.എം.സി.സിക്ക് ആഗോളാടിസ്ഥാനത്തിൽ വിലാസമുണ്ടാക്കിയ നേതാവുമാണ്. ഹ്രസ്വ സന്ദർശനാർഥം ദമാമിലെത്തിയ നസീർ പിതാവിന്റെ പാത പിൻപറ്റുന്ന, സത്യസന്ധതയും വിശുദ്ധിയും ജീവിതത്തിൽ പകർത്തിയ, ഉറച്ച മുസ്‌ലിം ലീഗുകാരനായ നാൾവഴികൾ മലയാളം ന്യൂസുമായി പങ്ക് വെക്കുന്നു.
നേരെ...വാ നേരെ...പോ എന്ന നിലപാടുള്ള തന്നെ പോലുള്ളവർക്ക് പറ്റിയ ഇടമല്ല കേരള രാഷ്ട്രീയം എന്ന തിരിച്ചറിവാണ് തന്നെ കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് പറിച്ചു നടാൻ കാരണമാക്കിയതെന്ന് നസീർ പറഞ്ഞു. ജീവിത വഴി തേടി എന്ത് ജോലിയും ചെയ്യാമെന്നും ഗൾഫ് മേഖലയിൽ നിന്നും മാറി ദൂരെ എവിടെയെങ്കിലും ചേക്കേറാം എന്നുമുള്ള തീരുമാനത്തിലാണ് യു.എസ്്് തെരഞ്ഞെടുത്തത്. എം.എസ്.എഫിലൂടെയും യൂത്ത് ലീഗിലൂടെയും തുടങ്ങിയ പൊതു പ്രവർത്തനം എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പദം വരെയെത്തിയിരുന്നു. പിന്നീട് കോട്ടക്കൽ അർബൻ ബാങ്ക് പ്രസിഡന്റായി. ഇടക്കാലത്ത് മുസ്‌ലിം ലീഗ് നേതൃത്വവുമായി രാഷ്ട്രീയ നിലപാടുകളിൽ ഇടയേണ്ടി വന്നപ്പോൾ ആദർശപരമായ മാറ്റം വരികയും ഐ.എൻ.എല്ലുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. തിരൂർ നിയമ സഭാ സീറ്റിലേക്ക് ഐ.എൻ.എൽ ബാനറിൽ മത്സരിച്ചു പരാജയപ്പെട്ടു. തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയായിരുന്നു.
നാട്ടിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും ഊർജം ഉൾക്കൊണ്ട് കൊണ്ടാണ് ന്യൂയോർക്ക് ആസ്ഥാനമായി ഈ മേഖലയിൽ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പതിനെട്ടു വർഷം മുൻപാണ് ന്യൂയോർക്കിലെത്തിയത്. ആദ്യ കാലങ്ങളിൽ പൊതുപ്രവർത്തനങ്ങളിൽ നിന്നും പാടെ വിട്ടു നിന്നെങ്കിലും പിന്നീട് സമകാലികാരായ വിവിധ മത രാഷ്ട്രീയ സിനിമാ കലാരംഗത്തെ വിശിഷ്ട വ്യക്തികൾ യു.എസ് സന്ദർശിക്കുമ്പോൾ തന്നെ തേടിയെത്തുകയും അവരുമായി കൂടുതൽ ഇടപെടലുകൾ തുടങ്ങിയതോടെ സാമൂഹിക മണ്ഡലങ്ങളിൽ സജീവമാകുകയുമായിരുന്നു. അവരുമായി പൊതു പരിപാടികളിൽ പങ്കെടുക്കുകയും അതിലൂടെ വിവിധ സംഘടനകാളായ ഫൊക്കാന, ഫോമ, മലയാളി അസോസിയേഷൻ തുടങ്ങിയ കൂട്ടായ്മകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. ഐ.എൻ.ഒ.സിയിൽ അംഗമായതോടെ യു.എസിലുള്ള ഡെമോക്രാറ്റിക് പാർട്ടിയുമായും റിപ്പബ്ലിക്കൻ പാർട്ടിയുമായും ബന്ധമുള്ളതുകൊണ്ട് അവരുമായെല്ലാം സഹകരിക്കുന്നുണ്ട്.
എഴുത്തിലും വായനയിലും പിതാവിന്റെ മാതൃക പിൻപറ്റി ന്യൂയോർക്കിൽ നിന്നും മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്. നിരവധി മാധ്യമ പ്രവർത്തകർ അധിവസിക്കുന്ന ന്യൂയോർക്ക് അടിസ്ഥാനമാക്കി പ്രസ് ക്ലബ് ഓഫ് ഇന്ത്യ കൂട്ടായ്മ രൂപീകരിക്കാനും അതിന്റെ നേതൃനിരയിലെത്താനും ഇതുവഴി സാധിച്ചു. മത സംഘടനകൾക്ക് പ്രവർത്തനാനുമാതിയുള്ളതിനാൽ ക്രിസ്ത്യൻ, ശ്രീനാരായണ സംഘം തുടങ്ങിയവരുടെ അഭ്യർത്ഥന മാനിച്ചു നോർത്ത് അമേരിക്കൻ മലയാളി മുസ്‌ലിംസ് നെറ്റ് വർക്ക് (നന്മ) എന്ന പേരിൽ 2000 മുസ്‌ലിം കുടുംബങ്ങൾ അടങ്ങുന്ന സംഘടന രൂപീകരിച്ച് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതായും സംഘടനയുടെ പ്രഥമ പ്രസിഡന്റായ നസീർ പറഞ്ഞു. മഹാ പ്രളയത്തെ തുടർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മൂന്ന് ലക്ഷം ഡോളർ സംഭാവന നൽകാൻ സംഘടനക്കായി.
തൊഴിൽ ചെയ്തു ജീവിക്കാൻ കഴിയുന്നവർക്ക് ഏതു തരം ജോലിയും ലഭിക്കുന്ന രാജ്യമാണ് യു.എസ്. എന്നാൽ മടിയന്മാരായ മലയാളികളും ചിലയിടങ്ങളിലുണ്ട്. കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇടമില്ലാത്ത രാജ്യമാണ് യു.എസ്. മുൻകാലങ്ങളിൽ പലരും കഷ്ടപ്പെട്ടെന്നു വരാമെങ്കിലും പുത്തൻ തലമുറ ഐ.ടി മേഖലയിലും എഞ്ചിനീയറിംഗ് രംഗത്തും കൂടുതൽ കരുത്താർജിച്ചവരാണ്. അവർക്കെല്ലാം കൂടുതൽ അവസരങ്ങളുണ്ട്. ലോകത്ത് എല്ലാ രാജ്യങ്ങളിലും ഉള്ള പോലെ സ്വദേശിവൽക്കരണത്തിലൂന്നി വിസാ നടപടികളിൽ ചില ഭേദഗതി ട്രംപ് ഭരണകൂടം നടപ്പിലാക്കിയിട്ടുണ്ട്. പുതിയ വിസ അനുവദിക്കുന്നതിലും പുതുക്കുന്നതിനും കർക്കശമായ ചില നീക്കങ്ങൾ ഉണ്ടെങ്കിലും അത് ഇന്ത്യക്കാർക്ക് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതായി തോന്നിയിട്ടില്ല. അതേ സമയം കുടിയേറ്റക്കാരായ സ്പാനിഷുകാരെ പോലുള്ള ചില രാജ്യക്കാരെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015 മേയിൽ അറ്റകുറ്റപ്പണികൾക്കായി കോഴിക്കോട് വിമാനത്താവളം അടച്ചു പൂട്ടിയതോടെ പ്രവാസി സമൂഹത്തിന്റെ യാത്രാ ക്ലേശം വർധിക്കുകയും പിന്നീടങ്ങോട്ട് കരിപ്പൂരിനോട് കാണിച്ച അവഗണനക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടികളിൽ അമേരിക്കയിൽ നിന്നും നേതൃത്വം നൽകാൻ സാധിച്ചതിൽ വളരെ ചാരിതാർത്ഥ്യമുണ്ടെന്ന് നസീർ പറഞ്ഞു. രണ്ടു വർഷം മുൻപ് ന്യൂയോർക്ക് മലയാളികൾ കൂടി ചേർന്ന് കോഴിക്കോട് എയർപോർട്ട് സംരക്ഷണ സമിതി എന്ന പേരിൽ യോഗം ചേർന്ന് പ്രതിഷേധിക്കുകയും സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ അമേരിക്കയിൽ മലയാളമടക്കമുള്ള പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതുകയും ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് കരിപ്പൂരിൽ നടന്ന വിവിധ പ്രതിഷേധ യോഗങ്ങളിൽ സംബന്ധിക്കാനും സാധിച്ചിരുന്നു. യു.എസിൽ നിന്നും മകളെയും കുടുംബത്തെയും സന്ദർശിക്കുന്നതിനും ഉംറ നിർവഹിക്കുന്നതിനും ഇവിടെയെത്തിയ തനിക്കു ശുഭസൂചകമായ വാർത്തയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് സൗദി എയർലൈൻസിന്റെ വലിയ വിമാനം ഡിസംബർ 5 നു പറക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. അതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനു അവിടെ എത്താൻ കഴിയുമെന്ന പ്രത്യാശയിലാണെന്നും അദ്ദേഹം പറഞ്ഞു.