Sorry, you need to enable JavaScript to visit this website.

ഇറാൻ ലോകത്തെ കബളിപ്പിക്കുന്നത്  തുടരുന്നു -ഖാലിദ് രാജകുമാരൻ

റിയാദ് - തങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ നിന്ന് നിരപരാധിത്വം വാദിച്ചുള്ള ഇരട്ട ഭാഷണത്തിലൂടെ ലോകത്തെ കബളിപ്പിക്കുന്നതിനുള്ള ശ്രമം ഇറാൻ ഭരണകൂടം തുടരുന്നതായി അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അറബികളുടെ ഉടലിൽ കുത്തിയിറക്കുന്നതിനുള്ള കഠാരയായി ലെബനോനിൽ ഹിസ്ബുല്ലക്ക് ഇറാൻ ഭരണകൂടം രൂപം നൽകി. ഇറാനിലെ മതാധിഷ്ഠിത ഭരണ പദ്ധതിയോടാണ് ഹിസ്ബുല്ലയുടെ പൂർണ കൂറ്. മേഖലാ രാജ്യങ്ങളിൽ നശീകരണ, ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിന് ഹിസ്ബുല്ലയെ ഇറാൻ ഭരണകൂടം ചട്ടുകമാക്കുകയാണ്. 
ദശലക്ഷക്കണക്കിന് സിറിയക്കാർ കൊല്ലപ്പെടുന്നതിലേക്കും ഭവനരഹിതരാകുന്നതിലേക്കും നയിച്ച സിറിയൻ സംഘർഷങ്ങൾക്കു പിന്നിൽ ഇറാൻ ഭരണകൂടമാണ്. ഇറാഖിൽ ദേശീയൈക്യം തകർക്കുന്നതിന് വിഭാഗീയതക്ക് ഇറാൻ പിന്തുണ നൽകി. ഇറാനിലെ വിദേശ എംബസികൾക്കു നേരെ ആക്രമണങ്ങൾ നടത്തിയതിലും ഇറാൻ ഭരണകൂടത്തിന് പങ്കുണ്ട്. മുൻ ലബനോൻ പ്രധാനമന്ത്രി റഫീഖ് അൽഹരീരിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ചതും ഇറാനാണ്. 
ഇറാഖിലും സിറിയയിലും അറബികളെ ഉന്മൂലനം ചെയ്യുകയും അറബ് രാജ്യങ്ങൾ തരിപ്പണമാക്കുകയും ചെയ്യുന്ന വിഭാഗീയ യുദ്ധങ്ങൾക്ക് ഹിസ്ബുല്ലയെ ഇറാൻ ഉപയോഗിക്കുന്നു. ഇറാൻ പരമോന്നത ആത്മീയ നേതാവിന്റെ നേതൃത്വത്തിൽ വിശാല രാജ്യം സ്ഥാപിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഹിസ്ബുല്ല പ്രവർത്തിക്കുന്നത്. അറബ് സമൂഹത്തെ തകർത്ത് തരിപ്പണമാക്കുകയാണ് ഹിസ്ബുല്ലയുടെ ലക്ഷ്യം. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിനുള്ള ഉപകരണമായി സ്വയം മാറുന്നത് അറബികൾക്ക് സ്വീകാര്യമാകുമെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇറാൻ പരമോന്നത ആത്മീയ നേതാവിനു മുന്നിൽ അറബികൾ മുട്ടുമടക്കില്ല. സ്വന്തം രാജ്യത്തോടും അറബിസത്തോടുമുള്ള കൂറിന് പകരം ഇറാൻ ആത്മീയ നേതാവിനു കൂറു കാണിക്കുന്നതിനും അറബികൾക്ക് കഴിയില്ല. 
അറേബ്യൻ ഉപദ്വീപിൽ മറ്റൊരു ഹിസ്ബുല്ലയെ നട്ടുപിടിപ്പിക്കുന്നതിനും ഇറാൻ ശ്രമിച്ചു. യെമൻ ജനതക്കു നേരെ ആക്രമണങ്ങൾ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ തങ്ങളുടെ അനുയായികളായ ഹൂത്തികൾക്ക് ഇറാൻ നൽകി. സ്വന്തം രാജ്യത്തിന്റെ നെഞ്ചകത്ത് കുത്തിയിറക്കുന്നതിനുള്ള കഠാരയായി ഹൂത്തികളെ ഇറാൻ മാറ്റി. ഹൂത്തികളുടെ കൂറു മുഴുവൻ മേഖലയിൽ അസ്ഥിരതയും അരാജകത്വവുമുണ്ടാക്കുന്നതിന് ശ്രമിക്കുന്ന വിദേശ രാഷ്ട്രത്തോടാണ്. അറേബ്യൻ ഉപദ്വീപിൽ മറ്റൊരു ഹിസ്ബുല്ലയുടെ ഉദയം സൗദി അറേബ്യ അനുവദിക്കില്ല. 
ഇറാൻ ആത്മീയ നേതാവിനോടും ഇറാന്റെ വിഭാഗീയ വിപുലീകരണ പദ്ധതിയോടും കൂറു കാണിക്കുന്നതിൽ ഹൂത്തികൾ സംതൃപ്തിയടയുന്നു. എന്നാൽ ഇറാൻ ഇടപെടലുകൾ നടത്തുന്ന ഏതു രാജ്യങ്ങളിലും കാണുന്നതു പോലെ നശീകരണത്തിന്റെയും നാശത്തിന്റെയും പാതയിൽ സഞ്ചരിക്കുന്നതിനും സ്വന്തം രാജ്യങ്ങളോടുള്ള കൂറ് ഉപേക്ഷിക്കുന്നതിനും മറ്റു അറബികൾക്ക് സമ്മതമല്ലെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 
 

Latest News