Sorry, you need to enable JavaScript to visit this website.

ഗാർഹിക തൊഴിലാളി വിസാ വ്യവസ്ഥകളിൽ ഇളവ്‌

റിയാദ് - ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇളവുകൾ വരുത്തി. വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഗാർഹിക തൊഴിലാളി വിസകൾ അനുവദിക്കുന്നതിനുള്ള കൂടിയ ബാങ്ക് ബാലൻസ് അഞ്ചു ലക്ഷം റിയാലിൽ നിന്ന് മൂന്നര ലക്ഷം റിയാലായി കുറച്ചിട്ടുണ്ട്. ആദ്യ വിസക്ക് അപേക്ഷിക്കുന്നവർ ജോലിയുള്ളത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. ആദ്യ വിസക്ക് അപേക്ഷിക്കുന്നവർ 5000 റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് തെളിയിക്കുന്ന സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. ഇത് റദ്ദാക്കിയിട്ടുണ്ട്. 
കൂടാതെ വ്യക്തികൾക്ക് പുതുതായി മൂന്നു പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 
ഇതുവരെ ആകെ നാലു പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു മാത്രമാണ് വ്യക്തികളെ അനുവദിച്ചിരുന്നത്. ഇപ്പോൾ ഏഴു പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വ്യക്തികളെ അനുവദിക്കുന്നുണ്ട്. ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, പ്രൈവറ്റ് ട്യൂഷൻ ടീച്ചർ എന്നീ പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇനി മുതൽ വ്യക്തികൾക്ക് വിസകൾ അനുവദിക്കും. വേലക്കാരൻ-വേലക്കാരി, ഹൗസ് ഡ്രൈവർ, നഴ്‌സ്-മെയിൽ നഴ്‌സ്, പാചകക്കാരൻ-പാചകക്കാരി എന്നീ നാലു പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് വ്യക്തികൾക്ക് നേരത്തെ അനുമതിയുണ്ടായിരുന്നത്. 
ആദ്യ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർ സൗദി തിരിച്ചറിയൽ കാർഡോ 25,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസ് ഉള്ളത് സ്ഥിരീകരിക്കുന്ന ബാങ്ക് സർട്ടിഫിക്കറ്റോ മാത്രം ഹാജരാക്കിയാൽ മതി. രണ്ടാമത്തെ ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് വിസക്ക് അപേക്ഷിക്കുന്നവർ ഏഴായിരം റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് സ്ഥിരീകരിക്കുന്ന സാലറി സർട്ടിഫിക്കറ്റോ 60,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖയോ ഹാജരാക്കണം. 
മൂന്നാമത്തെ ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർ 14,000 റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് തെളിയിക്കുന്ന സാലറി സർട്ടിഫിക്കറ്റോ 90,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖയോ ഹാജരാക്കൽ നിർബന്ധമാണ്. നാലാമത്തെ ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് വിസക്ക് അപേക്ഷ സമർപ്പിക്കുന്നവരുടെ വേതനം 20,000 റിയാലിൽ കുറവാകാൻ പാടില്ല. അതല്ലെങ്കിൽ ഇത്തരക്കാർക്ക് 1,80,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുണ്ടായിരിക്കണം. അഞ്ചാമത്തെ ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർ 30,000 റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് തെളിയിക്കുന്ന സാലറി സർട്ടിഫിക്കറ്റോ 3,50,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖയോ ഹാജരാക്കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 
 

Latest News