മലപ്പുറം- മക്ക കെ.എം.സി.സിയുടെ കാരുണ്യത്തിൽ അമ്മുകുട്ടിക്ക് ഇനി പുതിയൊരു വീട് സ്വന്തം. നെടിയിരുപ്പ് മേലേ പറമ്പിലെ അമ്മുകുട്ടി അമ്മക്ക് കെ.എം.സി.സി നിർമിച്ചു നൽകുന്ന ബൈത്തുറഹ്്മയുടെ താക്കോൽ ദാനം നാളെ നടക്കും.
മുസ്്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ കൊണ്ടോട്ടിയിലെ സ്വീകരണ ചടങ്ങിൽ വെച്ച് വീടിന്റെ താക്കോൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അമ്മുകുട്ടി അമ്മക്ക് കൈമാറുമെന്ന് മക്ക കെ.എം.സി.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജീവിത പ്രാരബ്ധങ്ങളാൽ ഒറ്റപ്പെട്ട് നിരാശ്രയയായ അമ്മുകുട്ടി അമ്മ ബൈത്തുറഹ്മ ഭവനത്തിനുള്ള അപേക്ഷയുമായി മുനവ്വറലി ശിഹാബ് തങ്ങളുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രം ശ്രദ്ധയിൽപെട്ട മക്ക കെ.എം.സി.സി നേതാക്കൾ ബൈത്തുറഹ്മ നിർമിച്ച് നൽകാൻ തയ്യാറാണെന്ന് മുനവ്വറലി ശിഹാബ് തങ്ങളെ അറിയിക്കുകയായിരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിരാലംബ കുടുംബങ്ങൾക്ക് ബൈത്തുറഹ്മ നിർമിച്ച് നൽകിയ മക്ക കെ.എം.സി.സിയുടെ പതിനൊന്നാമത്തെ ബൈത്തുറഹ്മയാണിത്. ഏഴ് ലക്ഷം ചെലവഴിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞംക്കുളം, ഹാരിസ് പെരുവെള്ളൂർ, മുസ്തഫ പട്ടാമ്പി , മൊയ്തീൻ അലി, സക്കീർ ബാബു തുടങ്ങിയവർ പങ്കെടുത്തു.






