Sorry, you need to enable JavaScript to visit this website.

കണ്ണൂർ ഇതാ,  ആകാശ ഭൂപടത്തിലേക്ക്  

കേരളത്തിലെ നാലു വിമാനത്താവളങ്ങളിൽ ഏറ്റവും വികസന സാധ്യതയുള്ളതും വലിപ്പമേറിയതുമാണ് കണ്ണൂർ വിമാനത്താവളം. പ്രവാസി മലയാളികൾക്കും ടൂറിസം, കൈത്തറി ഉൾപ്പെടെയുള്ള വ്യവസായങ്ങളുടെയും നാവിക അക്കാദമി, കോസ്റ്റ് ഗാർഡ് കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെയും വികസനത്തിനു വിമാനത്താവളം അത്യന്താപേക്ഷിതമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്തി ഏറ്റവും മികച്ച രീതിയിലുളള ടെർമിനൽ കെട്ടിടമാണ് കണ്ണൂരിൽ ഒരുക്കിയത്.
 കരിപ്പൂർ വിമാനത്താവളത്തിന്റെ ഒന്നര മടങ്ങ് വലുതാണ് ഇത്. തിരക്കുള്ള സമയത്ത് 2000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി, 48 ചെക് ഇൻ കൗണ്ടറുകൾ, 32 എമിഗ്രേഷൻ കൗണ്ടറുകൾ, 16 എസ്‌കലേറ്ററുകൾ തുടങ്ങിയവ ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു. 
ട്രാഫിക് എയർ കൺട്രോൾ ടെർമിനൽ, അഗ്നി സുരക്ഷാ സംവിധാനവും ഇന്ധന പാടവും, കൂറ്റൻ മേൽപാലം, കസ്റ്റംസ്, എമിഗ്രേഷൻ, കാലാവസ്ഥാ നിർണയ സംവിധാനങ്ങൾ  തുടങ്ങിയവ ഉൾപ്പെടുന്നതാണ് പ്രധാന ടെർമിനൽ കോംപ്ലക്‌സ്. കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ ആദ്യ ഘട്ടത്തിൽ തന്നെ 3400 മീറ്ററാക്കി വർദ്ധിപ്പിക്കാൻ ഡയറക്ടർ ബോർഡ് യോഗം നേരത്തെ തീരുമാനിച്ചിരുന്നു. വിദേശ എയർലൈൻ കമ്പനികൾ അടക്കം 15 ഓളം കമ്പനികൾ സർവീസ് നടത്താൻ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ തന്നെ എ-380 പോലുള്ള വലിയ വിമാനങ്ങൾ സർവീസ് നടത്താൻ കമ്പനികൾ തയ്യാറായിട്ടുണ്ട്. റൺവേ 3040 മീറ്ററിൽ ഒതുക്കി നിർത്തിയാൽ താരതമ്യേന ചെറിയ വിമാനങ്ങളായ ബി- 747 -400, ബി- 777- 300 തുടങ്ങിയവയ്ക്കു മാത്രമേ ഇവിടെ സർവീസ് നടത്താനാവൂ. എന്നതു കൂടി കണ്ടാണ് റൺവേ വികസനം ആദ്യ ഘട്ടത്തിൽ തന്നെ പൂർത്തിയാക്കുന്നത്.  
     ലോകത്തെ ആദ്യ ക്യൂ രഹിത വിമാനത്താവളമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം മാറാൻ പോകുന്നു. ചെക് ഇൻ, ഇമിഗ്രേഷൻ, ഹാൻഡ് ബാഗേജ് സ്‌ക്രീനിംഗ്, കസ്റ്റംസ് തുടങ്ങി ടോക്കൺ വഴി ക്രമീകരിച്ചു യാത്രക്കാരുടെ വിഷമതകൾ പരിഹരിക്കുന്നതാണ് ഈ രീതി. വ്യോമയാന മേഖലയിൽ വലിയ വഴിത്തിരിവാകുന്ന ക്യൂ ലെസ് സംവിധാനം ആദ്യമായി നടപ്പാക്കുന്ന വിമാനത്താവളമെന്ന ഖ്യാതിയും കണ്ണൂരിനു സ്വന്തമാവുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിമാനത്താവളമെന്നു വിശേഷിപ്പിക്കാവുന്ന അത്യന്താധുനിക സാങ്കേതിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചെക് ഇൻ ചെയ്യാനായി യാത്രക്കാർക്കു എയർലൈനുകളുടെ കൗണ്ടറിൽ പോകേണ്ടതില്ല. 
സ്വയം ചെക് ഇൻ ചെയ്യാവുന്ന സെൽഫ് ചെക് ഇൻ മെഷിൻ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗാണ് മറ്റൊരു സവിശേഷത. ആഭ്യന്തര യാത്രക്കാർക്കും വിദേശ യാത്രക്കാർക്കും ഒരേ കൗണ്ടറിൽ നിന്നും ചെക് ഇൻ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. പത്തു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് വിമാനത്താവള ടെർമിനൽ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ രണ്ടായിരത്തിലധികം യാത്രക്കാർക്കു ഒരുമിച്ചു ഉപയോഗിക്കാവുന്ന വിധത്തിലാണ് സജ്ജീകരണങ്ങൾ. ഒരേ സമയം 20 ഓളം വലിയ വിമാനങ്ങൾക്കു നിർത്തിയിടാൻ മാത്രം വിശാലമാണ് ഈ വിമാനത്താവളം.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിമാന കമ്പനികളുടെ വിദേശ സർവീസുകൾക്കുള്ള ഷെഡ്യൂൾ ഇതിനകം തയ്യാറായിക്കഴിഞ്ഞു. വിദേശ സർവീസ് നടത്താൻ സന്നദ്ധമായ കമ്പനികൡ എയർ ഇന്ത്യാ എക്‌സ്പ്രസും ഇൻഡിഗോയുമാണ് ഉദ്ഘാടന ദിവസം മുതൽ തന്നെ സർവീസ് നടത്തുന്നതിനു ഷെഡ്യൂൾ തയ്യാറാക്കിയത്.
ദുബായ്, അബുദാബി, സൗദി, ദോഹ എന്നിവിടങ്ങളിലേക്കാണ് ഷെഡ്യൂൾ തയ്യാറായത്. ഉദ്ഘാടന ദിവസം രാവിലെ അബുദാബിയിലേക്കാണ് എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ ആദ്യ സർവീസ്. ഇതിനായി ബോയിംഗ് 737-800 വിമാനമാണ് ഉപയോഗിച്ചത്. അതേ ദിവസം തന്നെ അബുദാബിയിൽ നിന്നും കണ്ണൂരിലേക്കും സർവീസ് നടത്തി.  
അബുദാബിയിലേക്കു ആഴ്ചയിൽ നാല് സർവീസുകളും മസ്‌കത്തിലേക്കു മൂന്നു സർവീസുകളും ദോഹയലേക്കു നാല് സർവീസുകളും റിയാദിലേക്കു മൂന്നു സർവീസുകളുമാണ് എയർ ഇന്ത്യാ എക്‌സ്പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പുതുതായി വാങ്ങിയ ബോയിംഗ് 737 - 800 വിമാനങ്ങളിൽ ഒന്ന് കണ്ണൂരിൽ നിന്നും സർവീസ് നടത്തുന്നതിനു വിനിയോഗിക്കും. എയർ ഇന്ത്യാ എക്‌സ്പ്രസിനു ഗൾഫ് സെക്ടറിലേക്കു ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നാണ്.
ഇൻഡിഗോ എയർലൈൻസ് ആഭ്യന്തര സർവീസുകൾക്കൊപ്പം രാജ്യാന്തര വിമാന സർവീസുകളിലും ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ദുബായിൽ നിന്നും ഡിസംബറിൽ കണ്ണൂരിലേക്കു സർവീസ് നടത്താൻ ഒരുങ്ങുന്നത്. സൗദി അറേബ്യയിൽ നിന്നും ഡിസംബർ, ജനുവരി മാസങ്ങളിൽ സർവീസ് ആരംഭിക്കും. 
റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്കായിരിക്കും ആദ്യ സർവീസുകൾ. പിന്നീട് കണ്ണൂർ അടക്കമുള്ള സ്ഥലങ്ങളിലേക്കു സർവീസ് ആരംഭിക്കും. ദുബായിൽ നിന്നും അഹമ്മദാബാദ്, അമൃത്‌സർ എന്നവിടങ്ങളിലേക്കും ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കും സർവീസുകൾ ആരംഭിക്കും. നിലവിൽ ഇൻഡിഗോയ്ക്കു ദുബായ്, മസ്‌കത്, ദോഹ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകളുള്ളത്. 
കണ്ണൂരിൽ നിന്നും സർവീസ് നടത്താനായി 15 ഓളം എയർലൈൻസ് കമ്പനികൾ സന്നദ്ധമായിരുന്നു. ഇതിൽ 9 കമ്പനികളുമായി കിയാൽ അധികൃതർ ധാരണയിലെത്തുകയും ചെയ്തു. അന്തിമ അനുമതിക്കായി എയർ ഇന്ത്യാ എക്‌സ്പ്രസ്, ഇൻഡിഗോ, ഗോ എയർ എന്നിവയടക്കം 5 കമ്പനികളാണ് ഡി.ജി.സി.എക്കു അപേക്ഷ നൽകിയിരിക്കുന്നത്.
 വിമാനത്താവളം പ്രവർത്തന ക്ഷമമാവുന്നതോടെ ജെറ്റ് എയർ, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർ തുടങ്ങിയ കമ്പനികളും സർവീസ് ആരംഭിക്കും. 
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഏത് വിഭാഗത്തിലുള്ള വിമാനങ്ങളെയും ഉൾക്കൊള്ളാൻ സജ്ജമായി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗം. റൺവേയുടെ നീളം 3050 മീറ്റർ ആണെങ്കിലും രാജ്യത്തെ ഏത് വിമാനത്താവളങ്ങളെയും വെല്ലുന്ന വിധത്തിലുള്ള ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സംവിധാനമാണ് കണ്ണൂരിൽ ഒരുക്കിയിരിക്കുന്നത്. 
എയർ ഇന്ത്യാ എയർ ട്രാൻസ്‌പോർട്ട് സർവീസ് ലിമിറ്റഡും സെലിബി എയർപോർട്ട് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ് കണ്ണൂർ വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കൈകാര്യം ചെയ്യുന്ന ഏജൻസികൾ.
ലോകത്തിലെ ഏത് ഒന്നാംകിട വിമാനത്താവളത്തോടും കിടപിടിക്കുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സംവിധാനങ്ങളാണ് കണ്ണൂരിൽ ഒരുക്കിയിരിക്കുന്നത്. വൈഡ് ബോഡി എയർ ക്രാഫ്റ്റുകൾക്കടക്കം ബാഗേജുകളും മറ്റും കയറ്റുന്നതിനുള്ള രണ്ട് ഹൈ ലോഡർ യന്ത്രങ്ങൾ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് സ്ഥാപിച്ചു കഴിഞ്ഞു. 180 യാത്രക്കാരെ ഉൾക്കൊള്ളുന്ന നാരോ ബോഡി എയർക്രാഫ്റ്റുകളാണ് ആദ്യഘട്ടത്തിൽ കണ്ണൂരിൽ നിന്നും സർവീസ് ആരംഭിക്കുകയെങ്കിലും വിദേശ വിമാന കമ്പനികളുടെ വൈഡ് ബോഡി എയർക്രാഫ്റ്റുകളും താമസിയാതെ സർവീസ് ആരംഭിക്കും. രാജ്യത്ത് ദില്ലി, മുംബൈ, ബംഗലൂരു, കൊച്ചി അടക്കമുള്ള ആറ് വൻകിട വിമാനത്താവളങ്ങളുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കൈകാര്യം ചെയ്യുന്നത് സെലിബി ഏവിയേഷനാണ്.

 

Latest News