ബുലന്ദ്ഷഹര്‍ കലാപം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആസൂത്രിത നീക്കമെന്ന് സി.പി.എം

ന്യുദല്‍ഹി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത കലാപമാണ് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്നതെന്ന് സി.പി.ഐം പോളിറ്റ്ബ്യൂറോ. വര്‍ഗീയമായി പ്രകോപനമുണ്ടാക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങളാണ് ഈ കലാപത്തിലേക്ക് നയിച്ചതെന്നും സി.പി.എം പറഞ്ഞു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങും മറ്റു രണ്ടു പേരും ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ പാര്‍ട്ടി അപലപിച്ചു. ഗോവധ അഭ്യൂഹം പരത്തി കലാപം അഴിച്ചുവിടുന്നത് വിശ്വ ഹിന്ദു പരിഷത്തിന്റേയും ഹിന്ദുത്വം സംഘടനകളുടേയും പതിവു രീതികളോട് യോജിക്കുന്നതാണെന്നും സി.പി.എം കുറിപ്പില്‍ പറയുന്നു. 

'ഇത്തരം സംഭവങ്ങള്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ വര്‍ഗീയ പ്രസംഗംങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ശിക്ഷിക്കപ്പെടുമെന്ന ഭയമില്ലാതെ ആള്‍ക്കൂട്ടത്തിന് ധൈര്യം നല്‍കുകയും ചെയ്തിരിക്കുന്നു,' പോളിറ്റ്ബ്യൂറോ പത്രകുറിപ്പില്‍ വ്യക്തമാക്കി. 


 

Latest News