മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്ന ഫാത്തിമക്ക് ജാമ്യമില്ല

പത്തനംതിട്ട- ഫേസ് ബുക്ക്  പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലായ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി. പ്രതിയെ മൂന്ന് ദിവസത്തേക്കു കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. രഹ്നയെ ജയിലില്‍ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പോലീസിന് അനുമതി നല്‍കിയിരുന്നു.
ശബരിമല ഭക്തയുടെ വേഷത്തില്‍ ശരീര ഭാഗങ്ങള്‍ കാണിച്ച് ഫേസ് ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു എന്നതാണ് കേസിന്നാധാരം. ബി.ജെ.പി നേതാവ് ബി.രാധാകൃഷ്ണ മേനോനാണു പരാതി നല്‍കിയത്. പത്തനംതിട്ട പോലീസ് കൊച്ചിയിലെ ബി.എസ്.എന്‍.എല്‍ ഓഫിസിലെത്തിയാണ് രഹ്്‌നയെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിനു പിന്നാലെ ബി.എസ്.എന്‍.എല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്നു ശബരിമല ദര്‍ശനത്തിനെത്തിയാണ് രഹ്ന വിവാദത്തിലായത്.

 

Latest News