Sorry, you need to enable JavaScript to visit this website.

ഭിന്നശേഷിക്കാരോട് കരുതൽ, ഹറമിൽനിന്ന് കൺകുളിർക്കുന്ന കാഴ്ച്ച

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിശുദ്ധ ഹറമിൽ കഅ്ബാലയത്തോട് ചേർന്ന മതാഫ് ഇന്നലെ ഭിന്നശേഷിക്കാർക്കു മാത്രമായി ഹറംകാര്യ വകുപ്പ് നീക്കിവെച്ചപ്പോൾ. 

മക്ക - ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിശുദ്ധ ഹറമിൽ കഅ്ബാലയത്തോട് ചേർന്ന മതാഫ് ഇന്നലെ രണ്ടു മണിക്കൂർ നേരം ഭിന്നശേഷിക്കാർക്കു മാത്രമായി ഹറംകാര്യ വകുപ്പ് നീക്കിവെച്ചു. ഭിന്നശേഷിക്കാരോടുള്ള പ്രത്യേക കരുതലിന്റെയും അവരുടെ അവകാശങ്ങളിലേക്ക് വെളിച്ചം വീശുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് ഭിന്നശേഷിക്കാർക്കു മാത്രമായി ഇന്നലെ രണ്ടു മണിക്കൂർ നേരം മതാഫ് നീക്കിവെച്ചതെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി മശ്ഹൂർ അൽമുൻഅമി പറഞ്ഞു. 


പദ്ധതി നടപ്പാക്കുന്നതിന്റെ തുടക്കത്തിൽ ഭിന്നശേഷിക്കാർ കിംഗ് ഫഹദ് വികസന ഭാഗത്തെ അടിയിലെ നിലയിൽ മതകാര്യ പോലീസ് നടത്തുന്ന ഉംറ സെന്ററിൽ എത്തി ഉംറ തീർഥാടന കർമം നിർവഹിക്കുന്നതിനെ കുറിച്ച വിശദീകരണം ശ്രവിച്ചു. ഉംറ കർമത്തെ കുറിച്ച് വിശദീകരിക്കുന്ന കൃതികളും ലഘുലേഖകളും തീർഥാടകർക്കിടയിൽ വിതരണം നടത്തുകയും ചെയ്തു.

വിശുദ്ധ കഅ്ബാലയത്തോട് ചേർന്ന മതാഫിൽ വീൽചെയറുകളിൽ സഞ്ചരിച്ച് തിരക്കേതുമില്ലാതെ ത്വവാഫ് കർമം നിർവഹിക്കുന്നതിനും പ്രാർഥനകളിൽ മുഴുകുന്നതിനും ഭിന്നശേഷിക്കാർക്ക് ഇന്നലെ അവസരം ലഭിച്ചു. വിശുദ്ധ ഹറമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭിന്നശേഷിക്കാർക്കു മാത്രമായി കഅ്ബാലയത്തോട് ചേർന്ന മതാഫ് നീക്കിവെക്കുന്നത്. 

Latest News