റിയാദ്- സൗദി അറേബ്യയുടെ വിവിധഭാഗങ്ങളിൽ ഏതാനും വർഷങ്ങൾക്ക് മുമ്പുണ്ടായ രണ്ട് വ്യത്യസ്ഥ വാഹനാപകടത്തിൽ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ കുടുംബത്തിന് ഒമ്പത് ലക്ഷം സൗദി റിയാൽ നഷ്ടപരിഹാരം ലഭിച്ചു. രണ്ടു മലയാളികളും ഒരു ബിഹാർ സ്വദേശിയുമാണ് മരിച്ചിരുന്നത്. അനന്തരാവകാശികൾക്കാണ് ഏകദേശം 1.6 കോടി രൂപ സൗദി ശരീഅ കോടതി വിധിയിലൂടെ ലഭിച്ചത്.
2013 ജനുവരി 22 കിഴക്കൻ പ്രവിശ്യയായ അൽ ഖഫ്ജിയിലെ സഫാനിയയിലുണ്ടായ വാഹനാപകടത്തിൽ നെടുമങ്ങാട് വാളിക്കോട് സ്വദേശി പള്ളിവിളക്കകത്ത് ഫിറോസ് ഖാൻ ബദറുദ്ദീൻ മരണപ്പെട്ടിരുന്നു. സഫാനിയയിൽനിന്നും ഹഫർ ബാത്തനിലേക്കുള്ള വൺവേ റോഡിൽ ഫിറോസ് ഖാൻ ഓടിച്ചിരുന്ന വാഹനം ദിശതെറ്റി വന്ന മറ്റൊരു ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കനത്ത മൂടൽ മഞ്ഞ് കാരണം റോഡ് കാണുന്നില്ലായിരുന്നു. അപകടമുണ്ടാകുന്നതിന് രണ്ട് മാസം മുമ്പ് പുതിയ വിസയിൽ എത്തിയതായിരുന്നു. അന്ന് കുടുംബംഗങ്ങൾ നഷ്ടപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ലായിരുന്നു.
2015 ഫെബ്രുവരി 23 ന് റിയാദ് ശഖ്‌റ റോഡിൽ ഹുറൈമലക്കടുത്തുണ്ടായ വാഹനാപകത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു മലയാളികളും വാഹനം ഓടിച്ചിരുന്ന ബിഹാർ സ്വദേശിയും മരണപ്പെട്ടിരുന്നു. ഈ അപകടത്തിൽ ഉൾപ്പെട്ട കൊല്ലം നിലമേൽ കരുന്തലക്കോട് സ്വദേശി സാജിത മൻസിൽ ഷെരിഫ് സെയ്ത് മുഹമ്മദ്, ദർബംഗ ലഹേറിയയിലെ സറായ് സത്താർ ഖാൻ മൊഹല്ല സ്വദേശി റൗണക് ഹയാത്ത് മുഹമ്മദ് ഷൗക്കത്ത് എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് നഷ്ടപരിഹാരം ലഭ്യമായത്. അന്ന് ഷെരീഫിന് 45 വയസും റൗണക്കിന് 35 വയസുമായിരുന്നു. ഷെരിഫ് ശഖ്‌റയിൽ റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തുകയായിരുന്നു. അൽ ഹസ്സ ഓട്ടോമാറ്റിക് ബേക്കറി ജീവനക്കാരനായിരുന്ന റൗണക് ഹയാത്തിന്റെ വാഹനത്തിൽ റിയാദിൽ പോയി വരികയായിരുന്നു. നാട്ടിൽനിന്നും അവധി കഴിഞ്ഞ് വന്ന ഗുരുവായൂർ ചൊവ്വല്ലൂർ സ്വദേശി അബ്ദുൾ സലീമിനെ എയർപ്പോർട്ടിൽ നിന്നും കൊണ്ടുവരാൻ വേണ്ടി സുഹൃത്തുക്കൾ പോയി തിരിച്ച് വരുമ്പോൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി മുഹമ്മദ് ഹനീഫയും ഭാര്യയുമുൾപ്പെടെ അഞ്ചു പേരും മരണപ്പെട്ടിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങൾ ശഖ്‌റയിലാണ് മറവു ചെയ്തത്.
ഫിറോസ് ഖാൻ,ഷെരീഫ്, റൗണക് എന്നിവരുടെ കുടുംബാംഗങ്ങൾ നഷ്ടപരിഹാരം ലഭ്യമാകാത്തതിനെ തുടർന്ന് എട്ടു മാസം മുമ്പ് റിയാദിലെ ന്യൂ ഏജ് ഇന്ത്യാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ പ്രവർത്തകൻ എം.സാലി പൊറായിയുമായി ബന്ധപ്പെടുകയായിരുന്നു. സ്വദേശി വക്കീലിന്റെ സഹായത്തോടെ എം. സാലി ഇവർക്ക് അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു.