Sorry, you need to enable JavaScript to visit this website.

വനിതാ മതിൽ പൊളിയുമോ; സംഘടനകൾ പിൻമാറുമെന്ന് അഭ്യൂഹം

തിരുവനന്തപുരം- സംസ്ഥാനത്ത് നവോത്ഥാന മുന്നേറ്റത്തിന് എന്ന പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽനിന്ന് ചില സംഘടനകൾ പിൻമാറിയേക്കുമെന്ന് അഭ്യൂഹം. ശബരിമലയിലേക്ക് യുവതി പ്രവേശനം അനുവദിക്കുന്നതിന് വേണ്ടിയാണ് വനിതാ മതിലെങ്കിൽ പങ്കെടുക്കില്ലെന്ന് പരിപാടിയുടെ ജോയിന്റ് കൺവീനർ സി.പി സുഗതൻ പറഞ്ഞു. മതിൽ യുവതി പ്രവേശനത്തിന് വേണ്ടിയല്ലെന്നും അതിനെ അനുകൂലിക്കുന്നില്ലെന്നും സുഗതൻ പറഞ്ഞു. സുപ്രീം കോടതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ യുവതി പ്രവേശം പാടില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സുഗതനെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വ്യക്തമായ വർഗീയ അജണ്ടയോടെ പ്രവർത്തിക്കുന്ന സുഗതനെ നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമാക്കിയതിന് എതിരെയായിരുന്നു പ്രതിഷേധം. ശബരിമല സമരം നടക്കുന്ന സമയത്ത് രാഹുൽ ഈശ്വറിനൊപ്പം സമരം നടത്തിയയാളാണ് സുഗതൻ. ഹാദിയ വിഷയത്തിൽ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തു. അയോധ്യയിൽ കർസേവ നടത്താൻ പോയ സുഗതൻ രാമക്ഷേത്രം ഇനിയും നിർമ്മിക്കാത്തതിൽ വലിയ പ്രതിഷേധം പങ്കുവെക്കുന്നയാളുമാണ്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽനിന്ന് 52 സംഘടനകൾ പിൻമാറുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരനും പറഞ്ഞു. തന്റെ പേര് സമിതിയിൽനിന്ന് നീക്കണമെന്ന് ബ്രാഹ്്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ ആവശ്യപ്പെട്ടു.
 

Latest News