രാജീവ് ഗാന്ധിയെ കൊന്നത് തങ്ങളല്ലെന്ന അവകാശവാദവുമായി എല്‍.ടി.ടി.ഇ

കൊളംബോ- മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊന്നത് തങ്ങളല്ലെന്നും ഈ ആരോപണം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നെന്നും അവകാശപ്പെട്ട് ശ്രീലങ്കയിലെ തമിഴ് തീവ്രവാദ സംഘടനയായ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമില്‍ ഇഴം (എല്‍.ടി.ടി.ഇ) രംഗത്ത്. 1991 മേയിലാണ് തമിഴ്‌നാട്ടില്‍ വച്ച് രാജീവ് ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. രാജീവ് കൊലപാതകും മുന്‍നിശ്ചയപ്രകാരമുള്ള ആസൂത്രിത കൊലപാതകമായിരുന്നെന്നും പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരും എല്‍.ടി.ടി.ഇയും തമ്മിലുണ്ടായിരുന്ന ശക്തമായ ബന്ധം തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എല്‍.ടി.ടി.ഇ രാഷ്ട്രീയ വിഭാഗം പ്രതിനിധി കുര്‍ബുറന്‍ ഗുരുസ്വാമി, നിയമ വിഭാഗം പ്രതിനിധി ലത്തന്‍ ചന്ദ്രലിംഗം എന്നിവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. 

ഇന്ത്യയിലെ നേതാക്കളെ ഇല്ലാതാക്കാനോ ഇന്ത്യയെ ആക്രമിക്കാനോ എല്‍.ടി.ടി.ഇ ഒരിക്കലും ലക്ഷ്യമിട്ടിട്ടില്ല. ശ്രീലങ്കയുടെ ഭാഗമല്ലാത്ത ഒരു വ്യക്തിക്കും നേതാവിനും എതിരെ തങ്ങള്‍ തോക്കു ചൂണ്ടിയിട്ടില്ലെന്നും ശ്രീലങ്കക്കാരല്ലാത്ത ഒരു നേതാവിനേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നില്ലെന്നും കത്തില്‍ പറയുന്നു. ഈ അപകീര്‍ത്തി പ്രചാരണം കാരണം തങ്ങളുടെ ആളുകള്‍ അരക്ഷിതാവസ്ഥയിലായി. മുല്ലിവൈക്കലില്‍ കൊല്ലപ്പെട്ട ഒന്നര ലക്ഷത്തോളം പേരുടെ ജീവന് പകരം വയ്ക്കാന്‍ രാജീവ് ഗാന്ധിയുടെ ഒറ്റ ജീവന്‍ മതിയാവില്ലെന്നു തങ്ങള്‍ പറഞ്ഞതായി പ്രചാരണമുണ്ടായത് വേദനിപ്പിക്കുന്നതാണെന്നും കത്തിലുണ്ട്.

രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ ആരോപണങ്ങളെല്ലാം ഉടന്‍ അവസാനിപ്പിക്കണമെന്നും എല്‍.ടി.ടി.ഇ ആവശ്യപ്പെട്ടു. തമിഴ് ഈഴത്തിലെ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ നടത്തുന്ന സംഘടനയാണ് എല്‍.ടി.ടി.ഇയെന്നും കത്തില്‍ ഇവര്‍ പറയുന്നു.
 

Latest News