മക്ക- ഉംറ നിർവഹിക്കാൻ ഭാര്യക്കൊപ്പമെത്തിയ കാസർകോട്ടെ വസ്ത്ര വ്യാപാരി മക്കയിൽ നിര്യാതനായി. ഉളിയത്തടുക്ക റഹ്മത്ത് നഗർ പള്ളിക്ക് സമീപത്തെ താമസക്കാരനും കാസർകോട് പഴയ ബസ്സ്റ്റാന്റ് ക്രോസ് റോഡ് സ്കിൻ ക്ലിനിക്ക് കെട്ടിടത്തിലെ സൺഷൈൻ വസ്ത്രക്കട ഉടമയുമായ ടി.എ. മുഹമ്മദ് ഷാഫിയാണ് (67) മരിച്ചത്. തളങ്കര ബാങ്കോട് സ്വദേശിയാണ്.
ഭാര്യ റാബിയക്കൊപ്പം കഴിഞ്ഞയാഴ്ചയാണ് മുഹമ്മദ് ഷാഫി മക്കയിലെത്തിയത്. ഉംറ കർമ്മം കഴിഞ്ഞ് മദീനയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ കഴിഞ്ഞ ദിവസം രാവിലെ മക്കയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മക്കയിലെ അൽനൂർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 1.30 ഓടെയാണ് മരിച്ചത്. ഉമൈബ, റമീസ, മറിയം ജബിൻ എന്നിവർ മക്കളാണ്. മരുമക്കൾ: റഷീദ്, റിയാസ്, ആസിഫ്. സഹോദരങ്ങൾ: ഹമീദ് നെല്ലിക്കുന്ന്, ഉമ്മർ ചൂരി, ദൈനബി കടവത്ത്, അസ്മ കടവത്ത്, ആയിഷ ഖാസിലേൻ, ബീഫാത്തിമ പച്ചക്കാട്.






