ഖമീസ് മുഷൈത്ത്- വിവാഹദിവസം പ്രതിശ്രുത വരന് അജ്ഞാത യുവാവിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്ക്. ഖമീസ് മുഷൈത്തിലാണ് ദാരുണസംഭവം അരങ്ങേറിയത്. പ്രതിയെ കീഴ്‌പ്പെടുത്തി കുടുംബാംഗങ്ങൾ പോലീസിന് കൈമാറി. പ്രതിയുമായി തങ്ങൾക്കോ തിരിച്ചോ യാതൊരു മുൻപരിചയവുമില്ലെന്ന് വരൻ വലീദിന്റെ പിതാവ് ഔദ് ബിൻ സഈദ് വ്യക്തമാക്കി. ആഘോഷം ഏതാണ്ട് അവസാനിച്ച സമയം വലീദ് അവന്റെ ജ്യേഷ്ഠൻ ഡോ. നവാഫുമായി സംസാരിക്കുകയായിരുന്നു. അതിഥികൾ ഏതാണ്ട് മുഴുവൻ പേരും ഭക്ഷണം കഴിച്ച് പുറത്തിറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഒരു യുവാവ് കടന്നുവരുന്നതും വരനെ അന്വേഷിക്കുന്നതും. അടുത്തു ചെന്നയുടൻ ഇയാൾ തന്റെ മകന് നേരെ കഠാര പ്രയോഗിക്കുകയായിരുന്നു. ഇയാൾ തന്റെ കീശയിൽ തോക്ക് ഒളിപ്പിച്ചിരുന്നുവെന്നും വരന്റെ പിതാവ് വെളിപ്പെടുത്തി.
ഗുരുതരമായി പരിക്കേറ്റ മകനെയും കൊണ്ട് താൻ ഉടനെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. തുടക്കാണ് പരിക്കേറ്റതെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഉടൻ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നു. വലീദ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതി അസീർ പ്രവിശ്യാ നിവാസിയാണെന്ന് മനസ്സിലായിട്ടുണ്ട്. ഏതായാലും സുരക്ഷാവിഭാഗം സത്യം വെളിച്ചത്തുകൊണ്ടുവരുമെന്ന് ഉറപ്പുണ്ടെന്ന് ഔദ് ബിൻ സഈദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.